ആശുപത്രി ഒഴിയാൻ അന്ത്യശാസനം: ഇസ്രയേൽ ബോംബിങ്ങിൽ 32 മരണം
Mail This Article
ജറുസലം ∙ ഗാസ സിറ്റിയിൽ അഭയകേന്ദ്രമായ സ്കൂളിൽ ഉൾപ്പെടെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബിങ്ങിൽ 32 പലസ്തീൻകാർ കൊല്ലപ്പെട്ടു. മൂസ ബിൻ നുസയർ സ്കൂളിൽ ബോംബിട്ടതിനെത്തുടർന്നു കുട്ടികളടക്കം 8 പേരാണു കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി ഒഴിയാൻ ഇസ്രയേൽ അന്ത്യശാസനം നൽകിയെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു. എന്നാൽ രോഗികളെ ഒഴിപ്പിക്കാൻ ആംബുലൻസ് ഇല്ലാത്ത സ്ഥിതിയാണെന്നും വ്യക്തമാക്കി.
3 മാസത്തിലേറെയായി വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളും സമീപമുള്ള ജബാലിയ അഭയാർഥിക്യാംപും വളഞ്ഞുവച്ച ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. ഹമാസുകാരെ നേരിടാനാണിതെന്നും നൂറുകണക്കിന് ഹമാസുമാരെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ വ്യക്തമാക്കി. ജബാലിയ ക്യാംപിലെ ഒരു വീടിനുള്ളിൽ കടന്ന 9 ഇസ്രയേൽ സൈനികരെ വധിച്ചതായി ഹമാസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസം യെമനിലെ ഹൂതികൾ ടെൽ അവീവിൽ മിസൈൽ ആക്രമണം നടത്തിയതിനു തിരിച്ചടിയായി യുഎസ് സൈന്യം യെമൻ തലസ്ഥാനമായ സനായിൽ ബോംബിട്ടു. 14 പേർക്കു പരുക്കേറ്റു. കയ്റോയിൽ നടക്കുന്ന വെടിനിർത്തൽ മധ്യസ്ഥ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 45,259 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,627 പേർക്കു പരുക്കേറ്റു.
വെടിനിർത്തലിനായി പ്രാർഥിക്കാൻ മാർപാപ്പയുടെ ആഹ്വാനം
വത്തിക്കാൻ സിറ്റി ∙ എല്ലാ യുദ്ധമേഖലകളിലും വെടിനിർത്തലിനും സമാധാനത്തിനുമായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. ഗാസയിലും യുക്രെയ്നിലും സ്കൂളുകളും ആശുപത്രികളും ബോംബിട്ടു തകർക്കുന്ന ക്രൂരതയെ മാർപാപ്പ അപലപിച്ചു. ആയുധങ്ങൾ നിശ്ശബ്ദമായി ഇവിടെ ക്രിസ്മസ് കാരൾ ഗാനം മുഴങ്ങട്ടെയെന്ന് ഞായറാഴ്ച ആശീർവാദ പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.
ഗാസയിൽ കുഞ്ഞുങ്ങൾ യുദ്ധക്രൂരതയ്ക്കിരയാകുന്നതിനെ മാർപാപ്പ പ്രത്യേകം പരാമർശിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രത്യേക ചടങ്ങിൽ ചൊവ്വാഴ്ച വൈകിട്ട് മാർപാപ്പ മഹാജൂബിലി വിശുദ്ധ വത്സര ഉദ്ഘാടനം നിർവഹിക്കും.