വടക്കൻ ഗാസയിൽ ഇസ്രയേൽ സൈന്യം ആശുപത്രി ഒഴിപ്പിച്ചു; മറ്റ് 2 ആശുപത്രികൾക്കുനേരെ ആക്രമണം
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ ഹോസ്പിറ്റൽ ഇസ്രയേൽ സൈന്യം ബലമായി ഒഴിപ്പിച്ചു. രോഗികൾ കിലോമീറ്ററുകൾക്കപ്പുറം ഗാസ സിറ്റിയിലെ ആശുപത്രിയിൽ അഭയം തേടി. തിങ്കളാഴ്ച ഒഴിയാൻ ആവശ്യപ്പെട്ട സൈന്യം ചൊവ്വാഴ്ച രാവിലെ ആശുപത്രി പിടിച്ചെടുത്തു.
3 മാസത്തിലേറെയായി ഇസ്രയേൽ സൈന്യം വളഞ്ഞുവച്ച് ആക്രമണം തുടരുന്ന വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പ്രദേശങ്ങളോടു ചേർന്നാണിത്. മേഖലയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന അൽ ഔദ, കമൽ അദ്‌വാൻ ആശുപത്രികളിൽ ഇസ്രയേൽ ബോംബിട്ടു. പരിമിതമായി പ്രവർത്തിക്കുന്ന വടക്കൻ ഗാസയിലെ ആശുപത്രികൾ മരുന്നോ മറ്റ് അവശ്യസേവനസൗകര്യങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഇവിടേക്കുള്ള മരുന്നുവിതരണം ഇസ്രയേൽ സൈന്യം തടഞ്ഞിരിക്കുകയാണ്.
അതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ തുൽക്കരം നഗരത്തിലെ അഭയാർഥിക്യാംപിലെ റെയ്ഡിൽ ഒരു പലസ്തീൻകാരനെ വെടിവച്ചുകൊന്നു. 18 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസവും യെമനിലെ ഹൂതികൾ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇവയിലേറെയും വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. നഗരത്തിൽ വ്യോമാക്രമണ മുന്നറിയിപ്പു സൈറണുകൾ മുഴങ്ങിയപ്പോൾ ബങ്കറിലേക്കു പായുന്നതിനിടെ വീണ് ഒരു സ്ത്രീക്കു ഗുരുതരമായി പരുക്കേറ്റു.
ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 45,338 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,764 പേർക്കു പരുക്കേറ്റു.അതേസമയം, കഴിഞ്ഞ വർഷം അവസാനം ഹമാസ് വിട്ടയച്ച ബന്ദികളിലൊരാളായ ഹന്ന കട്‌സീർ (78) ടെൽ അവീവിൽ അന്തരിച്ചു. 49 ദിവസമാണ് അവർ ബന്ദിയായിരുന്നത്. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിൽ ഹന്നയുടെ ഭർത്താവ് റാമി കൊല്ലപ്പെട്ടിരുന്നു. ഹന്നയെയും മകൻ എല്ലാദിനെയും ബന്ദിയാക്കുകയും ചെയ്തു. എല്ലാദിന്റെ മൃതദേഹം ഏപ്രിലിൽ ഇസ്രയേൽ സൈന്യം കണ്ടെടുത്തു.