പ്രത്യാശയുടെ വിശുദ്ധ വാതിൽ തുറന്നു; വിശുദ്ധ വർഷാഘോഷത്തുടക്കമായി
Mail This Article
വത്തിക്കാൻ സിറ്റി ∙ ക്രിസ്മസ് കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം. പൂർണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീർഥാടനമാണിത്. ഈ കാലയളവിൽ 3.22 കോടി തീർഥാടകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ജയിലിൽ കഴിയുന്നവരോട് പ്രത്യേക ആഭിമുഖ്യം കാണിക്കുന്ന ഫ്രാൻസിസ് മാർപാപ്പ അവർക്ക് പ്രതീക്ഷയുടെ സന്ദേശം നൽകുന്നതിനായി റോമിലെ റെബിബിയ ജയിലിൽ നാളെ മറ്റൊരു വിശുദ്ധ വാതിൽ കൂടി തുറക്കും.
കത്തോലിക്കാ സഭയിൽ 1300 ൽ ആണ് വിശുദ്ധ വർഷാചരണം ആരംഭിച്ചത്. ഇപ്പോൾ എല്ലാ 25 വർഷം കൂടുമ്പോൾ വിശുദ്ധ വർഷം ആചരിക്കുന്നു. വിശുദ്ധ വർഷം വത്തിക്കാനിലേക്കു നടത്തുന്ന തീർഥാടനം പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതായതിനാൽ തീർഥാടകരുടെ എണ്ണത്തിൽ ഓരോ തവണയും വൻ വർധനയുണ്ട്.
മഹാജൂബിലിക്കായി 370 കോടി യൂറോ (32,797 കോടിയോളം രൂപ) ചെലവഴിച്ച് റോം നവീകരിച്ചിട്ടുണ്ട്. റോമിൽ നിർമിച്ച പുതിയ ചത്വരത്തിൽനിന്ന് വത്തിക്കാനിലേക്ക് തീർഥാടകർക്കായി പ്രത്യേക തീർഥാടക പാത തുറന്നിട്ടുണ്ട്. ദിവസം ഒരു ലക്ഷത്തോളം തീർഥാടകർ ഈ വഴി സഞ്ചരിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിദ്ധമായ ട്രെവി ജലധാര നവീകരിച്ച് ഞായറാഴ്ച സന്ദർശകർക്കായി തുറന്നിരുന്നു.