പ്രത്യാശകൾ കെടുത്തി ഗാസ യുദ്ധം: ക്രിസ്മസ് മരവും വർണവിളക്കുമില്ല; ആരവം ഒഴിഞ്ഞ് ബത്‌ലഹം
Mail This Article
ബത്‌ലഹം (വെസ്റ്റ് ബാങ്ക്) ∙ രണ്ടു വർഷം മുൻപു വരെ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞ്, പ്രകാശവും പ്രത്യാശയും നിറഞ്ഞുതുളുമ്പിയിരുന്ന ഉണ്ണിയേശുവിന്റെ ജന്മസ്ഥലത്ത് ഇത്തവണയും ക്രിസ്മസിന് ആഘോഷങ്ങളില്ല. ഗാസയിലെ യുദ്ധമൊഴിയാതെ, ദുരിതം തീരാതെ, തൊട്ടടുത്തുള്ള ജറുസലമിൽ ആഘോഷമെങ്ങനെ?
ഇതു രണ്ടാം തവണയാണ് ബത്‌ലഹമിൽ ആരവമൊഴിഞ്ഞ ക്രിസ്മസ് കാലം. തിരുപ്പിറവി ദേവാലയത്തിനു സമീപം മാഞ്ചർ ചത്വരത്തിൽ ക്രിസ്മസ് ട്രീയോ വർണവിളക്കുകളോ ഇല്ല. പട്ടണത്തിന്റെ സാമ്പത്തിക അടിത്തറ തന്നെയായിരുന്ന ക്രിസ്മസ് സീസൺ ടൂറിസം കുത്തനെ ഇടിഞ്ഞ നിലയിലാണ്. വെസ്റ്റ് ബാങ്കിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ബത്‌ലഹമിൽ തൊഴിലില്ലായ്മ 50% വർധിച്ചിരിക്കുകയാണെന്ന് മേയർ ആന്റൺ സൽമാൻ പറഞ്ഞു.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളും വെസ്റ്റ് ബാങ്കിലെ സംഘർഷങ്ങളും മൂലമാണ് സഞ്ചാരികളും തീർഥാടകരും വരാൻ മടിക്കുന്നത്. കോവിഡ് മഹാമാരിക്കു മുൻപ് വർഷം 20 ലക്ഷം സഞ്ചാരികളെത്തിയിരുന്ന ഇവിടം ഈ വർഷം സന്ദർശിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിൽതാഴെ മാത്രം.