പക്തിക പ്രവിശ്യയിലെ വ്യോമാക്രമണത്തിന് മറുപടി: പാക്കിസ്ഥാനിൽ അഫ്ഗാൻ താലിബാന്റെ ആക്രമണം
Mail This Article
കാബൂൾ ∙ പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന ആക്രമണം നടത്തി. ഒരു പാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റ് 7 പേർക്ക് പരുക്കുപറ്റുകയും ചെയ്തെന്നാണു റിപ്പോർട്ട്. എന്നാൽ 19 പാക്ക് സൈനികർ മരിച്ചെന്ന് അഫ്ഗാൻ പ്രതിരോധവൃത്തങ്ങൾ അവകാശപ്പെടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പാക്കിസ്ഥാൻ അഫ്ഗാൻ മേഖലയിൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. 46 പേർ മരിച്ചു. ഇതിനു മറുപടിയായാണ് അഫ്ഗാന്റെ ആക്രമണം. ഇന്നലെ പുലർച്ചെ നാലോടെ താലിബാൻ ചെറുപീരങ്കികളുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. 2 പോസ്റ്റുകളുടെ നിയന്ത്രണം താലിബാൻ കൈക്കലാക്കിയെന്നും അഭ്യൂഹമുണ്ട്.
അതിർത്തിയെന്നു പറയപ്പെടുന്ന രേഖ കടന്ന് ആക്രമണം നടത്തിയെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സമൂഹമാധ്യമത്തിൽ അറിയിച്ചത്. പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള അതിർത്തി അഫ്ഗാനിസ്ഥാൻ അംഗീകരിക്കുന്നില്ല. പാക്ക് അതിർത്തി ജില്ലയായ കുറമിലാണ് ആക്രമണം നടന്നതെന്നു കരുതപ്പെടുന്നു. അഫ്ഗാനിലെ ഘോസ്റ്റ് പ്രവിശ്യ വഴിയാണു താലിബാൻ സേന എത്തിയത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ പക്തികയിൽ ഭീകരസംഘടനകളുടെ ക്യാംപുകളുണ്ടെന്ന് ആരോപിച്ചാണ് ചൊവ്വാഴ്ച പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. 2021 മുതൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ പാക്ക് താലിബാൻ ഭീകരർ നുഴഞ്ഞുകയറി വലിയ കുഴപ്പങ്ങളുണ്ടാക്കുന്നതായി പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ട്.