ഒഴിവായത് വൻദുരന്തം; ഇസ്രയേൽ ആക്രമണം വിമാനം ഇറങ്ങുന്നതിനിടെ
Mail This Article
സനാ ∙ യെമനിലെ സനാ രാജ്യാന്തര വിമാനത്താവളത്തിൽ ഇസ്രയേൽ 2 തവണ വ്യോമാക്രമണം നടത്തിയത് നൂറുകണക്കിനു യാത്രക്കാരുമായി വിമാനം ഇറങ്ങുന്നതിനിടെ. സ്ഫോടനത്തിൽ കൺട്രോൾ ടവർ തകർന്നതിനു തൊട്ടുമുൻപ് എയർബസ് 320 വിമാനം റൺവേയിൽ ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്ഫോടനങ്ങളിൽ 3 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ യുഎൻ വിമാനജോലിക്കാരനും ഉൾപ്പെടുന്നു.
ഇതേസമയം ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഡാനം അടക്കം 20 പേർ ലോഞ്ചിൽ ഉണ്ടായിരുന്നു. ഇതിന്റെ 300 മീറ്റർ അകലെയാണ് ഒരു സ്ഫോടനം നടന്നത്. വ്യോമാക്രമണത്തെ അതിജീവിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് അഡാനം പറഞ്ഞു. കഴിഞ്ഞ ജൂണിൽ ഹൂതി വിമതർ തടവിലാക്കിയ 50 പ്രവർത്തകരെ മോചിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് ടെഡ്രോസ് അഡാനം സനായിലെത്തിയത്. ഹൂതി വിമതരും ഇറാനും ഉപയോഗിക്കുന്നതിനാലാണ് ആക്രമിച്ചതെന്നും വിമാനത്താവളത്തിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇസ്രയേൽ സൈന്യം ന്യായീകരിച്ചു. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലും റൺവേയും ആക്രമണത്തിൽ തകർന്നു.
അതേസമയം, വടക്കൻ ഗാസയിലെ കമാൽ അഡ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസൈൻ അബു സാഫിയയെ ഇസ്രയേൽ സൈന്യം ബന്ദിയാക്കിയെന്നും ആക്രമണത്തിൽ കുട്ടികൾ അടക്കം 9 പേർ കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം ആശുപത്രിക്കു തീവയ്ക്കുകയും സ്ഫോടനത്തിൽ തകർക്കുകയും ചെയ്തു. എന്നാൽ, ഈ വാർത്തകൾ നിഷേധിച്ച ഇസ്രയേൽ സൈന്യം ആശുപത്രിയിലെ ഹമാസ് താവളങ്ങളാണ് നശിപ്പിച്ചതെന്ന് പറഞ്ഞു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസ നഗരത്തിലെ ഒരു വീട്ടിലെ 15 പേർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു.