ഭക്ഷണശാലയിൽ തർക്കം: അക്രമി 12 പേരെ വെടിവച്ചുകൊന്നു
Mail This Article
പോഡ്ഗോറിക ∙ മോണ്ടിനെഗ്രോയിൽ സെറ്റിൻജെ നഗരത്തിലെ ഭക്ഷണശാലയിലുണ്ടായ തർക്കത്തെത്തുടർന്ന് 2 കുട്ടികൾ ഉൾപ്പെടെ 12 പേരെ അക്രമി വെടിവച്ചുകൊന്നു. പൊലീസ് വളഞ്ഞതോടെ പ്രതി അലക്സാണ്ടർ അകോ മാർടിനോവിച്ച് (45) സ്വയം മുറിവേൽപ്പിക്കുകയും ആശുപത്രിയിലേക്കുള്ള വഴിയിൽ മരിക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് റസ്റ്ററന്റ് ഉടമകളുമായുണ്ടായ തർക്കത്തിനുശേഷം വീട്ടിലേക്കുപോയ മാർടിനോവിച്ച് ആയുധവുമായി തിരിച്ചെത്തുകയായിരുന്നു. ആദ്യം 4 പേരെയാണ് വെടിവച്ചുവീഴ്ത്തിയത്.
തുടർന്ന് 3 തവണയായി 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്കുനേരെ നിറയൊഴിച്ചു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. മാർടിനോവിച്ച് അമിതമായി മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാന നഗരമായ പോഡ്ഗോറികയിൽനിന്ന് 38 കിലോമീറ്റർ പടിഞ്ഞാറുള്ള സെറ്റിൻജേയിൽ 3 വർഷത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ കൂട്ടവെടിവയ്പാണിത്. 2022 ൽ തോക്കുധാരി 10 പേരെ വെടിവച്ചുകൊന്നു. തോക്കുപയോഗം വ്യാപകമായ രാജ്യമാണ് തെക്കൻ യൂറോപ്പിലെ മോണ്ടിനെഗ്രോ.