ഗാസയിൽ ചോരപ്പുഴ, 63 പലസ്തീൻകാർ കൊല്ലപ്പെട്ടു; മവാസിയിലെ കൂടാരങ്ങളിലും ബോംബിട്ടു
Mail This Article
ജറുസലം ∙ ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 3 കുട്ടികൾ അടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാന മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ച മവാസിയിലെ അഭയാർഥികൂടാരത്തിലെ ബോംബിങ്ങിലാണ് കുട്ടികളും സ്ത്രീകളുമടക്കം 11 പേർ കൊല്ലപ്പെട്ടത്. ഗാസ പൊലീസ് വകുപ്പുമേധാവി മഹ്മൂദ് സലാഹ്, മുതിർന്ന ഉദ്യോഗസ്ഥനായ ഹുസം ഷഹ്‌വാൻ എന്നിവരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സമിതിയിലെ അംഗങ്ങളായ 8 പേർ മധ്യഗാസയിൽ കൊല്ലപ്പെട്ടു.
കനത്തമഴയും അതിശൈത്യവും ദുരിതമേറ്റിയ ഗാസയിൽ വീടുനഷ്ടമായ പതിനായിരങ്ങൾ അഭയം തേടിയിരിക്കുന്നതു മവാസിയിലെ താൽക്കാലിക കൂടാരങ്ങളിലാണ്. ഹമാസുകാരെ ലക്ഷ്യമിട്ടായിരുന്നു മവാസിയിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അതേസമയം, അധിനിവേശ വെസ്റ്റ്ബാങ്കിൽ അൽ ജസീറ ടിവിക്കു പലസ്തീൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തി. അൽ ജെനിൻ ക്യാംപുകളിൽ പലസ്തീൻ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു ബുധനാഴ്ച വിലക്ക് നിലവിൽ വന്നത്. വെസ്റ്റ്ബാങ്കിൽ പരിമിത ഭരണാധികാരം പലസ്തീൻ അതോറിറ്റിക്കുണ്ട്.
ഇസ്രയേലിന്റെ നിരോധനത്തിനു തുല്യമാണ് പലസ്തീൻ അതോറിറ്റിയുടെ നടപടിയെന്ന് അൽ ജസീറ കുറ്റപ്പെടുത്തി. ഇസ്രയേൽ കഴിഞ്ഞ വർഷമാണ് അൽ ജസീറയുടെ സംപ്രേഷണം വിലക്കിയത്. അതിനിടെ, കസ്റ്റഡിയിലുള്ള ഇസ്രയേലി ബന്ദികളിലൊരാൾ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് ഇസ്‌ലാമിക് ജിഹാദ് വിഡിയോ സന്ദേശത്തിൽ അറിയിച്ചു. സംഘടനയുടെ വൈദ്യസഹായ വിഭാഗം ബന്ദിയെ രക്ഷിച്ചതായും വിഡിയോയിൽ പറയുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 45,581 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,08,438 പേർക്കു പരുക്കേറ്റു.