അറസ്റ്റ് ചെറുക്കുമെന്ന് യൂൻ; ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് അയയ്ക്കാൻ നീക്കം
Mail This Article
സോൾ (ദക്ഷിണകൊറിയ) ∙ തനിക്കെതിരായ അറസ്റ്റ് വാറന്റ് രാജ്യവിരുദ്ധ ശക്തികളുടെ നീക്കമാണെന്നും ശക്തമായി ചെറുക്കുമെന്നും ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂൻ സുക് യോൽ. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട യൂനിനെതിരെ ഡിസ്ട്രിക്ട് കോടതി അറസ്റ്റ് വാറന്റ് നൽകിയിരുന്നു. വാറന്റ് നടപ്പാക്കാൻ പൊലീസ് ശ്രമിച്ചാൽ പ്രസിഡന്റിന്റെ സുരക്ഷാസേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂൻ വസതിക്കു വെളിയിൽ കൂടിയ ആരാധകരോടു പറഞ്ഞു. ഇന്നലെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്നാണ് യൂനിന്റെ അനുയായികൾ എത്തിയത്.
ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് കുറ്റം ചെയ്യുന്നതു കാണുന്ന ആർക്കും പ്രതികളെ അറസ്റ്റ് ചെയ്യാനാവും. കഴിഞ്ഞ മാസം മൂന്നിനാണ് യൂൻ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. കടുത്ത എതിർപ്പു മൂലം 6 മണിക്കൂറിനുള്ളിൽ പിൻവലിക്കേണ്ടിവന്നു. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി യൂനിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരികയും പാർലമെന്റ് 190–0 ന് അതു പാസാക്കുകയും ചെയ്തു. തുടർന്നായിരുന്നു കോടതിയുടെ അറസ്റ്റ് വാറന്റ്. വാറന്റിനെതിരെ യൂൻ ഭരണഘടനാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഒൻപതംഗ കോടതി 6–3 ന് അനുകൂലമായി വിധിച്ചാൽ യൂനിന് അധികാരത്തിൽ തുടരാം. ഈ മാസം 6 വരെയാണ് വാറന്റിന് പ്രാബല്യം.