ഗാസയിൽ കനത്ത ബോംബിങ്: 35 മരണം; വെടിനിർത്തൽ ചർച്ച വീണ്ടും
Mail This Article
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത്, സവൈദ, മഗാസി, ദെയറൽ ബലാഹ് എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിൽ ബുധനാഴ്ച രാത്രി നടത്തിയ ബോംബിങ്ങിലും കുട്ടികളടക്കം 63 പേരാണു കൊല്ലപ്പെട്ടത്. ഇന്നലത്തെ ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ ഒമർ അൽ ദിരാവിയും കൊല്ലപ്പെട്ടു. ഹമാസ് കമാൻഡ് സെന്ററുകളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ വിശദീകരണം.
ഇന്നലെ പുലർച്ചെ ഇസ്രയേലിലേക്കു യെമനിലെ ഹൂതികൾ മിസൈലാക്രമണം നടത്തി. ആളപായമില്ല. മധ്യഇസ്രയേലിലും ജറുസലമിലും വ്യോമാക്രമണ മുന്നറിയിപ്പായി പലവട്ടം സൈറണുകൾ മുഴങ്ങി. അതിനിടെ, വെടിനിർത്തൽ ചർച്ച ദോഹയിൽ ഇന്നു പുനരാരംഭിക്കും. ഇസ്രയേൽ പ്രതിനിധിസംഘം പങ്കെടുക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,581 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,08,438 പേർക്കു പരുക്കേറ്റു.