ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ അറസ്റ്റ് തടഞ്ഞ് സുരക്ഷാസേന
Mail This Article
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേർന്ന് തടഞ്ഞു. അറസ്റ്റ് തടയാൻ പ്രസിഡന്റിന്റെ വസതിക്കു ചുറ്റും യൂനിന്റെ അനുയായികൾ തടിച്ചുകൂടിയതോടെ 6 മണിക്കൂറോളം നീണ്ട സംഘർഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങി. യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന് അറസ്റ്റിൽ നിന്നു ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്ന് യൂൻ ആവശ്യപ്പെട്ടത് അനുയായികൾ മുദ്രാവാക്യമാക്കിയിരുന്നു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്നു വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം മൂന്നിനാണ് യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. കടുത്ത എതിർപ്പിനെത്തുടർന്ന് 6 മണിക്കൂറിനുള്ളിൽ അതു പിൻവലിക്കേണ്ടിവന്നു. പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിന് പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം 14ന് പാർലമെന്റ് പാസാക്കി. ഇതിനെതിരെ യൂൻ നൽകിയ പരാതിയിൽ ഭരണഘടനാ കോടതിയിൽ വിചാരണ നടക്കുന്നു. 9 ജഡ്ജിമാരിൽ 6 പേർ അനുകൂലിച്ചാലേ യൂനിന് പ്രസിഡന്റ് പദത്തിൽ തുടരാനാവൂ. അറസ്റ്റ് വാറന്റ് നടപ്പാക്കാനാകാത്തതിനാൽ വിചാരണയ്ക്ക് ഹാജരാകാൻ യൂനിന് സമൻസ് അയയ്ക്കുമെന്ന് അഴിമതി അന്വേഷണ ഓഫിസ് അറിയിച്ചു.