സിറിയൻ ആഭ്യന്തരയുദ്ധം: ജീവിതം നരകതുല്യമായവരിൽ മുപ്പത്തിയേഴുകാരിയായ ഹബീബ അമിദും
Mail This Article
മുപ്പത്തിയേഴുകാരിയായ ഹബീബ അമിദ് അഹമ്മദിന്റെ ജീവിതം കഴിഞ്ഞ 7 വർഷമായി നരകതുല്യമാണ്. ചെറുപ്പത്തിൽ അവർ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു പലഹാരക്കടയിൽ സെയിൽഗേളായി ജോലിയെടുത്തിരുന്നു. കടയിൽ പതിവായി വന്നിരുന്ന ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായി. താമസിയാതെ അയാളെ വിവാഹം ചെയ്തു. അയാൾക്കൊപ്പമാണു സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെത്തിയത്. പിന്നീട് ഭർത്താവിന്റെ നാടായ അഫ്രീനിലേക്കു താമസം മാറി.
വടക്കൻ സിറിയയിലെ കുർദുഭൂരിപക്ഷ പട്ടണമായ അഫ്രീനിൽ 3 വർഷമേ സമാധാനത്തോടെ കഴിഞ്ഞിട്ടുള്ളു. ലബനനിലേക്കു മടങ്ങിപ്പോകണമെന്നു ഹബീബ നിർബന്ധം പിടിച്ചതോടെ ഭർത്താവ് അവരെയും 2 കുട്ടികളെയും ഉപേക്ഷിച്ചുപോയി. ഏതാനും മാസത്തിനകം വടക്കു കിഴക്കൻ സിറിയ പിടിച്ച ഐഎസ് പട അഫ്രീനിലുമെത്തി. അന്നു തുടങ്ങിയ അലച്ചിലാണു 2 കുട്ടികളുമായി. കുഞ്ഞുങ്ങളെ പോറ്റാനായി റേഷനുവേണ്ടി മണിക്കൂറുകളോളം വരിനിൽക്കണം. ഭർത്താവ് അവളുടെ തിരിച്ചറിയൽ രേഖകളെല്ലാം എടുത്തുകൊണ്ടു പോയതിനാൽ, ലബനനിലേക്കു മടങ്ങാനാവുമാവില്ല. അഫ്രീനിൽനിന്നാണു വടക്കുകിഴക്കൻ സിറിയയുടെ (റോജാവോ) തലസ്ഥാനമായ ഖാമിഷ്‌ലോയിലെത്തിയത്. കുർദുകളുടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്‌ഡിഎഫ്) ആണ് ഇവിടെ ഭരണം.
അസദിനെതിരെ ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്‌ടിഎസ്) യുദ്ധം ചെയ്യുമ്പോൾ, തുർക്കി പിന്തുണയുള്ള കുർദുവിരുദ്ധ ഫ്രീ സിറിയൻ ആർമി (എസ്എൻഎ) കുർദുകളുമായി യുദ്ധത്തിലായിരുന്നു. ഇതിനിടെ, ഹബീബയും എട്ടും ഒൻപതും വയസ്സുള്ള മക്കളും തബ്‌ഖയിൽ എത്തി. ‘അലപ്പോയിലേക്കുള്ള യാത്രയിൽ വഴിയോരങ്ങളിൽ കൊല്ലപ്പെട്ട ഒരുപാടുപേരുടെ മൃതദേഹങ്ങൾ കണ്ടു. തബ്ഖയിലേക്ക് ഞങ്ങൾ നടന്നുപോകുകയായിരുന്നു. 12 ദിവസം അവിടെ കഴിഞ്ഞു. അവിടെയും രക്ഷയില്ലാതെ വന്നതോടെയാണു ഖാമിഷ്‌ലോയിൽ എത്തിയത്’ ഹബീബ പറഞ്ഞു.
നഗരത്തിലെ ഒരു സ്കൂൾ കെട്ടിടത്തിൽ മറ്റു 2 കുടുംബങ്ങൾക്കൊപ്പം ഒരു ചെറിയ മുറി പങ്കിട്ടാണു ഹബീബയും മക്കളും ജീവിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞ ആ കെട്ടിടം ഏതുനിമിഷവും താഴെവീഴുമെന്ന പേടി ഹബീബയ്ക്കുണ്ട്. യുദ്ധകാലത്തു ഹബീബയുടെ പിതാവിനെ എസ്എൻഎ അറസ്റ്റ് ചെയ്തിരുന്നു. ഫോണിൽ എസ്ഡിഎഫിന്റെ ചിത്രങ്ങൾ കണ്ടതാണു കാരണം. ‘അദ്ദേഹത്തെ അവർ വയറ്റിൽ ഇടിച്ചുവീഴ്ത്തിയാണു കൊണ്ടുപോയത്. ഡമാസ്കസിലെ ജയിലിലാണുള്ളതെന്നു കേട്ടു. മക്കളെ ഇവിടെ ഉപേക്ഷിച്ച് അദ്ദേഹത്തെ അന്വേഷിച്ചുപോകാൻ എനിക്ക് കഴിയില്ല’ – ഹബീബ കണ്ണീരോടെ പറയുന്നു. ദശകത്തിലേറെ നീണ്ട ആഭ്യന്തരയുദ്ധം മൂലം ഹബീബയെപ്പോലെ 50 ലക്ഷം പേരാണു സിറിയയ്ക്കുള്ളിൽ അഭയാർഥികളായത്. 60 ലക്ഷത്തോളം പേർക്കു നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടിവന്നു.