വളർന്നുകൊണ്ടേയിരിക്കുന്ന ചില അവൾമരങ്ങൾ
Mail This Article
- ഈ കുമുദം എവിടെപ്പോയിക്കിടക്കുകയാണ്.. ഒരാവശ്യത്തിനു നോക്കിയാൽ കാണില്ല. വരുന്നവരൊക്കെ അവളെ തിരക്കുന്നു.. കുമുദം..കുമുദം...
ഉമ്മറത്തും വീട്ടകത്തും മുറ്റത്തുമൊക്കെ കൂടിനിന്ന സന്ദർശകർക്കിടയിൽനിന്നു കുമുദത്തെ തിരക്കിയുള്ള വിളിയൊച്ചകൾ കേൾക്കാമായിരുന്നു. എല്ലാം കേട്ടിട്ടും കുമുദം വിളികേൾക്കാനോ വിളിച്ചവരുടെ മുന്നിൽ വെട്ടപ്പെടാനോ മിനക്കെട്ടില്ല. അവൾ കിടപ്പമുറിയിലെ കണ്ണാടിയുടെ മുന്നിൽതന്നെയായിരുന്നു. എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല. അലമാരയിൽനിന്ന് ഓരോരോ ചുരിദാറും സാരിയുമൊക്കെ വലിച്ചുവാരിയെടുക്കുന്നു, അതു ധരിച്ചു കണ്ണാടി നോക്കുന്നു. തൃപ്തി പോരാതെ അഴിച്ചുവയ്ക്കുന്നു. വീണ്ടും മറ്റൊരെണ്ണമെടുത്ത് പരീക്ഷണം തുടരുന്നു. ഒന്നും ശരിയാകുന്നില്ല. നന്നായി ഉടുത്തൊരുങ്ങിവേണം ഇന്ന് ഉമ്മറത്തു പോയിനിൽക്കുവാൻ. എല്ലാവരും തന്നെ ശ്രദ്ധിക്കില്ലേ? രാജേട്ടൻ തന്നെ അടിമുടി അളന്നുനോക്കുന്നൊരു നോട്ടമുണ്ട്. എന്തൊരു മൂർച്ചയാണെന്നോ ആ നോട്ടത്തിന്.
ആദ്യം കണ്ട ദിവസം.. അതെന്നായിരുന്നു? കാവിലെ ദീപാരാധന തൊഴുതു വരുമ്പോഴായിരുന്നെന്നു തോന്നുന്നു. കസവുമുണ്ടും ചുറ്റി, കൈ വട്ടംകെട്ടി, ഒരു തോർത്തുമുണ്ടും തോളത്തിട്ട് കാവിനു പുറത്തെ ദേവദാരു മരച്ചോട്ടിൽ ഒരു നിൽപായിരുന്നു. ചുണ്ടിലൊരു ബീഡിക്കുറ്റി എരിഞ്ഞിരുന്നുവെന്നാണ് ഓർമ. അന്ന് കുമുദം പട്ടുപാവാടയിലേക്കു മുതിർന്നിട്ടേയുള്ളു. മെലിഞ്ഞ് കൊലുന്നനെയൊരു പെണ്ണ്. അന്നത്തെ രാജേട്ടന്റെ നോട്ടം അവളുടെ നെഞ്ചിലാണ് തറഞ്ഞുകയറിയത്. അവൾ മുഖംകൊടുക്കാതെ വേഗം നടന്നുപോരുക മാത്രം ചെയ്തു. ഇഷ്ടക്കേടുകൊണ്ടല്ല, അല്ലെങ്കിലും രാജേട്ടനോട് അന്നാട്ടിലെ ഏതു പെണ്ണിനാണ് ഇഷ്ടക്കേടുണ്ടാകുക. എന്തൊരു സുന്ദരൻ. യോഗ്യൻ. പോരാത്തതിനു സർക്കാർ ഉദ്യോഗവും. കെട്ടുപ്രായമെത്താറായ പെണ്ണുങ്ങളുടെ വീട്ടുകാർ അയ്യപ്പൻ ബ്രോക്കർക്കു സ്വൈര്യം കൊടുക്കുന്നില്ലെന്നാ നാണുവമ്മാവൻ പറഞ്ഞത്. രാജേട്ടനെ കെട്ടാൻ അന്നാട്ടിലെ പെണ്ണുങ്ങൾ അങ്ങനെ കാത്തുകെട്ടിക്കിടക്കുമ്പോഴാ നാണുവമ്മാവനും അച്ഛനും നേരിട്ടു രാജേട്ടന്റെ വീട്ടിൽചെന്നു കല്യാണക്കാര്യം ഉറപ്പിച്ചത്. പത്തുലക്ഷം രൂപയും പത്തുമൂവായിരം നാളികേരം വീഴുന്ന പടിഞ്ഞാറെ തെങ്ങിൻതോപ്പും മുത്തശ്ശിയുടെ കാശിമാലയും അമ്മയുടെ ഇളക്കത്താലിയുമടക്കം ഇരുപത്തഞ്ചു പവനും കൂടി ചേർത്തപ്പോഴാണ് കല്യാണത്തിനു തീയതി കുറിച്ചത്. അവൾ അന്നാട്ടിലെ ഏറ്റവും സുന്ദരിക്കുട്ടി കൂടി ആയതുകൊണ്ടാകും രാജേട്ടൻ മറുത്തുപറയാതിരുന്നത് എന്നു വിശ്വസിക്കാനായിരുന്നു കുമുദത്തിന് ഇഷ്ടം. പോരാത്തതിനു ഡിഗ്രി വരെ പഠിച്ചിട്ടുമുണ്ടല്ലോ. രാജേട്ടന്റെ മക്കൾക്ക് ഇംഗ്ലിഷ് പറഞ്ഞുകൊടുക്കാൻ അവൾ തന്നെ ധാരാളം. പെണ്ണുകണ്ടതും കല്യാണമുറപ്പിച്ചതുമൊക്കെ ഇന്നലെക്കഴിഞ്ഞപോലെ തോന്നി കുമുദത്തിന്.
- എന്റെ പൊന്നുകുമുദമേ, നീയിങ്ങനെ മുറിയടച്ച് എന്തു ചെയ്യുകയാ? ആളുകള് നിന്നെ തിരക്കുന്നു..
ചെറിയമ്മായി വന്നു വാതിൽ മലർക്കെ തുറന്നപ്പോൾ കുമുദം ബ്ലൗസിന്റെ പിന്നിലെ കൊളുത്ത് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. മുടിയിഴയിൽ കൊളുത്ത് ഉടക്കിപ്പിടിച്ചു നിൽക്കുമ്പോഴാണ് ചെറിയമ്മായിയുടെ വരവ്.
- ഇതെന്തു വേഷംകെട്ടാ കുമുദം. ഉമ്മറത്തേക്കൊന്ന് ഇറങ്ങിവായോ.. വന്നോർക്കൊക്കെ പോകാൻ തിരക്കായിത്തുടങ്ങി. നിന്നോടെന്തെങ്കിലും പറഞ്ഞിട്ടുപോകാൻ നിൽക്കുവാ അവര്...
– രാജേട്ടനുണ്ടല്ലോ അവിടെ.. എനിക്കാരെയും കാണാൻ വയ്യ.
– രാജേട്ടനോ? നിനക്കെന്താ കുമുദം തലയ്ക്കു വെളിവില്ലാതായോ?
ചെറിയമ്മായി എന്തോ പിറുപിറുത്തുകൊണ്ട് തിരികെപ്പോയി.
ബ്ലൗസിന്റെ പിൻകൊളുത്ത് ഇടുന്നതിൽ പരാജയപ്പെട്ട് അവൾ ആ ബ്ലൗസും വേണ്ടെന്നുവച്ചു. കരിമ്പച്ച നിറമുള്ള ബ്ലൗസിൽ കസവിന്റെ കരയും തൊങ്ങലും. രാജേട്ടന് ആ ബ്ലൗസ് വലിയ ഇഷ്ടമായിരുന്നു. ഇളംപച്ച കരയുള്ള കുത്താമ്പുള്ളി സാരിയാണ് അതിനു മാച്ചെന്നു പറഞ്ഞ് അതും വാങ്ങിക്കൊടുത്തിരുന്നു. അവൾ നല്ല ഫാഷനു നടക്കണമെന്ന നിർബന്ധക്കാരനായിരുന്നു രാജേട്ടൻ. കല്യാണത്തിനു ഗുരുവായൂരുനിന്ന് രാജേട്ടൻ വാങ്ങിത്തയ്പിച്ചു തന്ന ആ ബ്ലൗസ് അവരുടെ എത്രയെത്ര രാത്രികളിൽ നാണിച്ചു മാറിക്കിടന്നിട്ടുണ്ടെന്നോ? അതോർത്തപ്പോൾ കുമുദത്തിനു വീണ്ടും നാണം പൊടിഞ്ഞു. അമ്പിളിയെയും അനന്തനെയും പ്രസവിച്ചതോടെയാണ് കുമുദത്തിന് ആ ബ്ലൗസ് പാകംതെറ്റാൻ തുടങ്ങിയത്. ആ ബ്ലൗസ് മാത്രമല്ല, കവലയ്ക്കലെ ആമിന ടെയ്‌ലറിങ് ഷോപ്പിലെ ആമിനത്താത്ത തയ്ച്ചുകൊടുത്ത ചുരിദാറുകളും അവൾക്കു പാകമല്ലാതായിത്തുടങ്ങി. മെലിഞ്ഞു കൊലുന്നനെയിരുന്ന കുമുദം എത്ര പെട്ടെന്നാണ് നാണിത്തള്ളയെപോലെ തടിവച്ചത്. ‘‘ചീർത്തുചീർത്ത് ഒരു ശീമപ്പന്നിപോലെയായല്ലോ നിയ്യ്...’’ എത്രയോ രാത്രികളിൽ അതുംപറഞ്ഞ് രാജേട്ടൻ തിരിഞ്ഞുകിടന്നു പിന്നീട്. ‘‘നിന്നെയൊന്നു കെട്ടിപ്പിടിക്കാൻകൂടി തോന്നണില്ല കുമുദം.. തൊടിയിലെ ആഞ്ഞിലിയുടെ കടവണ്ണമുണ്ടല്ലോ നിനക്ക്... അതെങ്ങനെയാ വെറുതെയിരുന്ന് തിന്നാൽ ചീർക്കാതിരിക്കുമോ? തടിച്ചി...’’
തൊട്ടുകിടക്കുമ്പോഴും രാജേട്ടന്റെ നഖമുനകളേക്കാൾ അവളെ നോവിച്ചത് മുള്ളുവച്ച ആ വാക്കുകളായിരുന്നു. അവളെ കാണുമ്പോൾ അറപ്പാണു തോന്നുന്നതെന്നുപോലും ഒരിക്കൽ പറഞ്ഞു. അതുകൊണ്ടായിരിക്കാം പിന്നെപ്പിന്നെ അവളെത്തൊട്ടു കിടക്കുമ്പോഴൊന്നും രാജേട്ടൻ പണ്ടത്തെപ്പോലെ ആ മുറിയിലെ സീറോ ബൾബിന്റെ ഇത്തിരിവെട്ടം പോലും ഓഫ് ചെയ്തു കളഞ്ഞത്.
രാജേട്ടന് എന്നും ഒരേ ശരീരംതന്നെയായിരുന്നു. കസർത്തൊക്കെ ചെയ്ത് രാജേട്ടൻ ശരീരം നന്നായി നോക്കിയിരുന്നു. പോരാത്തതിന്, രാവിലെ എഴുന്നേറ്റുവന്നാൽ ഉടൻ നാരങ്ങാപിഴിഞ്ഞൊഴിച്ച കട്ടൻചായ, ആവിയിൽ പാകം ചെയ്യുന്ന പ്രാതൽ, എണ്ണകുറച്ച് വാട്ടിയുണ്ടാക്കുന്ന മെഴുക്കുപുരട്ടിയും കറിവച്ച മീനുമായി ഉച്ചയൂണ്. രാത്രി അത്താഴത്തിന് പച്ചക്കറികളും പഴങ്ങളും ഇഷ്ടംപോല... കിടക്കുംമുൻപ് വീണ്ടും ഒരു എണ്ണതേച്ചുകുളി... എല്ലാ ചിട്ടയിലുമായിരുന്നു രാജേട്ടന്റെ ജീവിതം. അതുകൊണ്ടായിരിക്കാം ഈ അൻപത്തിനാലാം വയസ്സിലും ഇത്ര ചുറുചുറുക്കും സൗന്ദര്യവും. കുമുദത്തിന് ഇതിനൊക്കെ എവിടെയാ നേരം. അമ്പിളിക്കും അനന്തനും പിന്നാലെ അരവിന്ദും അഞ്ജലിയുംകൂടി ജനിച്ചതോടെ കുമുദത്തിന് ഒന്നിനും നേരം തികയാതെയായി. രാജേട്ടന്റെ വീട്ടുകാര്യങ്ങളെല്ലാം നോക്കിയും, അടുക്കളപ്പണിയൊതുക്കിയും, മക്കൾ നാലെണ്ണത്തിനെ തീറ്റിച്ചും നോക്കിവളർത്തിയും കുമുദം തൊടിയിലെ ആഞ്ഞിലിയേക്കാളും പൂവരശിനേക്കാളും തിടംവച്ചു. രാജേട്ടൻ രാത്രികളിൽ അവളുടെയൊപ്പം ഉറങ്ങാൻ വരാതായി. പകൽവെളിച്ചത്തിൽ രാജേട്ടനു മുന്നിൽപോലും വരാതെ കഴിയുന്നതും അടുക്കളപ്പുറത്തും പിന്നാമ്പുറത്തുമായി അവളൊതുങ്ങിക്കൂടി...
എന്നിട്ടിപ്പോൾ കുമുദത്തോട് ഉമ്മറത്തേക്കു വരാൻ പറഞ്ഞാൽ അവൾക്കു വെപ്രാളം തോന്നാതിരിക്കുമോ? ആളുകളൊക്കെ അവളെ തിരക്കുന്നുണ്ടത്രേ. അയ്യോ, രാജേട്ടന്റെ ബന്ധുക്കളും ആപ്പീസിലെ സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയുണ്ടാകും അവിടെ. തടിച്ചുവീർത്തെന്നും പറഞ്ഞ് അവരുടെയൊന്നും ഒരു പരിപാടിക്കും രാജേട്ടൻ അവളെ കൊണ്ടുപോകാറേയില്ല. അതിൽ അവൾക്കും പരിഭവവുമില്ല. വീപ്പക്കുറ്റിയെന്നും ശീമപ്പന്നിയുമെന്നൊക്കെ വിളിച്ച് ആരെങ്കിലും അടക്കിച്ചിരിച്ചാൽ രാജേട്ടനല്ലേ അതിന്റെ കുറച്ചിൽ. അതുകൊണ്ട് കുമുദവും വീട്ടിനുപുറത്തേക്കിറങ്ങാതെ തന്നെ കഴിച്ചുകൂട്ടി.
– ന്റെ കുമുദം.. നിയ്യ് ഇവിടെ സാരി മാറിക്കളിക്കുവാണോ.. ആളുകള് എന്താ കരുതുവാ.. ഉമ്മറത്തേക്കു വന്നിരിക്ക് കുറച്ചുനേരം..
നാണുവമ്മാവനാണ് വാതിൽ മലർക്കെത്തുറന്ന് അപ്പോൾ മുറിയിലേക്കു കയറിവന്നത്. കുമുദം അന്നേരം വെള്ളയിൽ വയലറ്റ് പൂക്കളുടെ വരകളുള്ള ഒരു നൈറ്റിയിട്ടു കണ്ണാടി നോക്കുകയായിരുന്നു. നാണുവമ്മാവനും ചെറിയമ്മായിയുംകൂടി അവളെ ബലമായി കൈയ്ക്കു പിടിച്ചുവലിച്ച് ഉമ്മറത്തേക്കു കൊണ്ടുപോയി.
ചുറ്റുമുള്ളവർ തന്നെ തുറിച്ചുനോക്കുന്നുണ്ടോ എന്നറിയാൽ കുമുദം ഇടയ്ക്കിടെ ഇടംകണ്ണിട്ടു നോക്കി. ഉമ്മറത്തു രാജേട്ടനുണ്ട്. പതിവുപോലെ സുന്ദരൻ. രാജേട്ടന്റെ നോട്ടം വന്നുവീഴുംമുൻപേ കുമുദം ശ്വാസം ഉള്ളിലേക്കെടുത്ത് വയറ് അകത്തേക്കു പിടിച്ചുനിന്നു. അയഞ്ഞ നൈറ്റിക്കുള്ളിൽ അവളിലെ തടിച്ചുചീർത്ത ശീമപ്പന്നി പതുങ്ങിയൊളിച്ചുനിന്നു. അരയ്ക്കു കെട്ടിപ്പിടിക്കാൻ രാജേട്ടൻ കൈനീട്ടുമോ എന്ന വെപ്രാളത്തിൽ അവൾ നാണിച്ചു മുഖം കുനിച്ചു. അന്നേരം ഉത്തരത്തിലിരുന്നു ചിലച്ച പല്ലി ‘വീപ്പക്കുറ്റീ’ എന്നു വിളിച്ചു കളിയാക്കുന്നുണ്ടായിരുന്നു. അവൾക്കു ശ്വാസംമുട്ടുന്നപോലെ തോന്നി...
കുമുദത്തേക്കാൾ തിടംവച്ചു വളർന്നൊരു മൂവാണ്ടൻമാവ് തെക്കേത്തൊടിയിൽനിന്ന് ചില്ലകളുയർത്തി മേഘങ്ങളെ തൊടുന്നതു കണ്ടപ്പോൾ കുമുദത്തിന് അവളുടെ ദേഹത്തെവിടെയൊക്കെയോ ഇക്കിളികൂട്ടുന്നപോലെ... നാണുവമ്മാവന്റെ ശബ്ദം കേട്ടാണ് അവൾ ഞെട്ടിത്തിരിഞ്ഞുനോക്കിയത്.
–ബോഡി എടുക്കാം....
അയഞ്ഞ നൈറ്റിക്കുള്ളിലെ അടക്കിപ്പിടിച്ച ശ്വാസം വിട്ട് കുമുദം അന്നേരം തലയുയർത്തി. അടക്കിനിർത്തിയ ശീമപ്പന്നി അലറിത്തുള്ളി പുറത്തേക്കു പാഞ്ഞപോലെ അവൾക്കുതോന്നി. അവളുടെ വെള്ളനൈറ്റിയിലെ വയലറ്റ് പൂക്കൾ അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നോ?