ADVERTISEMENT

രാവിലെമുതൽ വരുണേട്ടൻ ആകെ ആവേശത്തിലായിരുന്നു. പണ്ടു കോളജിൽ കൂടെപ്പഠിച്ച അപ്പുവിനെ വീണ്ടും വർഷങ്ങൾക്കുശേഷം കൂടിക്കാണുന്ന ദിവസമല്ലേ. അല്ലെങ്കിലും കൂട്ടുകാരെന്നു വച്ചാൽ വരുണേട്ടന് ജീവനാണ്. ഏറ്റവും അടുപ്പം അപ്പുവിനോടാണെന്നു മാത്രം. കല്യാണം കഴിഞ്ഞ് ജോലികിട്ടി കാനഡയിലേക്കു പോയതിൽപിന്നെ അപ്പുവിനെ കാണാനൊക്കാത്തതിന്റെ വിഷമം ഇടയ്ക്കിടെ പറയുന്നതു കേൾക്കാം. ഏട്ടൻ പറഞ്ഞുകേട്ട് ഇപ്പോൾ ഏട്ടന്റെ ചങ്ങാതിമാരെല്ലാം രാധികയ്ക്കും വളരെ പരിചിതരാണ്. അപ്പുവിനെ എന്നെങ്കിലുമൊരിക്കൽ നേരിട്ടു കാണണമെന്ന് അവൾക്കും മോഹമുണ്ടായിരുന്നു. ഇന്ന് വരുണേട്ടന്റെ കോളജിൽ പണ്ടത്തെ കൂട്ടുകാരെല്ലാം ഒരുമിച്ചുകൂടുന്നുണ്ട്. പത്തു പന്ത്രണ്ടുവർഷം കഴിഞ്ഞാണ് പലരും വീണ്ടും തമ്മിൽ കാണാൻപോകുന്നത്. അതിന്റെ ആവേശം ഇല്ലാതിരിക്കുമോ?

വിവാഹവാർഷികത്തിന് വാങ്ങിയ പുതിയ ബ്രാൻഡഡ് ഷർട്ട്, അതിനു ചേരുന്ന കടുംനീലക്കരയുള്ള മുണ്ട്. (സാധാരണ പാന്റാണ് പതിവ്) കറുത്ത ഫ്രെയിമുള്ള കൂളിങ് ഗ്ലാസ്... ചെത്തിമിനുങ്ങിയാണ് വരുണേട്ടൻ രാവിലെ തന്നെ ഇറങ്ങിയത്. ഇപ്പോൾ ഏട്ടനെ കണ്ടാൽ ഒരു പത്തുവയസ്സു കുറഞ്ഞപോലെയുണ്ടെന്ന് അവൾ കളി പറയുകയും ചെയ്തു. അവളെ കണ്ടാൽ ഒരു പത്തു വയസ്സു കൂടുതൽ തോന്നിക്കുമെന്നു പറഞ്ഞ് വരുണേട്ടൻ തറുതല പറഞ്ഞപ്പോൾ അവൾക്കും ചിരി വന്നു. വരുണേട്ടൻ പതിവില്ലാതെ തമാശയൊക്കെ പറയുന്നു! ഷർട്ടിന്റെ കൈ മടക്കിക്കൊടുക്കുമ്പോൾ അവളുടെ നൈറ്റിയിലും വരുണേട്ടൻ അത്തറ് പൂശിക്കൊടുത്തിരുന്നു. അവൾക്കു നാണം തോന്നി.

– കൈക്കല തുടച്ചും കരിമ്പൻ തല്ലിയും ആകെ മുഷിഞ്ഞിരിക്ക്ണ് ഏട്ടാ... ഇതിൽ അത്തറ് പൂശിയിട്ടെന്തിനാ?

– സാരമില്ല, നിനക്കെപ്പോഴും പരിപ്പുകറിയുടെയും ഉള്ളിസാമ്പാറിന്റെയും മണല്ലേ രാധൂ... ഇച്ചിരി വാസന ഇരിക്കട്ടെ...

ശരിയാണ്, രാധുവിന്, അങ്ങനെയാണ് വരുണേട്ടൻ വിളിക്കുക. രാധുവിനെപ്പോഴും വെന്തുടഞ്ഞ തുവരപ്പരിപ്പിന്റെയും രസത്തിന്റെയും ഉള്ളിസാമ്പാറിന്റെയുമൊക്കെ മണമാണ്. ഏട്ടന് പരിപ്പുകറിയോ സാമ്പാറോ ഇല്ലാതെ ചോറിറങ്ങില്ല. കല്യാണം കഴിഞ്ഞ് വീട്ടിൽവന്ന അന്നു രാത്രി കാച്ചിയ പാല് ഗ്ലാസിലാക്കിത്തന്ന് കിടപ്പുമുറിയിലേക്കു പറഞ്ഞുവിട്ടപ്പോൾ, ഏട്ടന്റമ്മ രാധുവിനോടതു ചെവിയിൽ പറഞ്ഞിരുന്നു. അന്നുരാത്രി ഉറങ്ങുംവരെ വിവാഹസദ്യയുടെ ബഹുകേമത്തത്തെക്കുറിച്ചായിരുന്നു ഏട്ടന്റെ സംസാരം. ഉറങ്ങുംമുൻപേയുള്ള ഏട്ടന്റെ ആദ്യത്തെ ഉമ്മയിൽതന്നെ അത്താഴത്തിനു കഴിച്ച സാമ്പാറിന്റെ കായം മണത്തു. പിറ്റേന്നു പുലർച്ചെ കുളിച്ച് അടുക്കളയിൽ കയറിയ രാധു ചായ തിളപ്പിച്ച് അന്നത്തെ സാമ്പാറിനുള്ള പരിപ്പു വെള്ളത്തിലിടാൻ മറന്നില്ല. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അതേ ദിനചര്യ ആവർത്തിക്കുകയും ചെയ്തു.

വലിയ പഠിപ്പൊന്നുമില്ലാതെ ഉദ്യോഗത്തിനും പോകാതെ വീട്ടിൽ കുത്തിയിരിക്കുന്ന പെണ്ണായിട്ടും വരുണേട്ടൻ എന്തു കാര്യമായിട്ടാണെന്നോ അവളെ നോക്കിയിരുന്നത്!  ഒന്നുപറഞ്ഞ് രണ്ടാംവാക്കിന് പൊട്ടിത്തെറിക്കുമെങ്കിലും നല്ലൊരു പരിപ്പുപായസമോ നെയ്യപ്പമോ ഇലയടയോ അങ്ങനെ എന്തെങ്കിലും നാലുമണിക്കു മുന്നിൽകൊടുത്താൽ പിന്നെ അതുമതി. മിണ്ടാട്ടം കഷ്ടിയാണെന്നു കരുതി സ്നേഹക്കുറവൊന്നുമില്ല. അല്ലെങ്കിലും വരുണേട്ടനെപ്പോലെ ലോകകാര്യങ്ങളും രാഷ്ട്രീയവുമൊന്നും രാധുവിനു വശമില്ലല്ലോ. കുറച്ചുകാലം നഴ്സറിക്കുട്ടികളെ പഠിപ്പിക്കാൻ പോയിട്ടുണ്ടെന്നതല്ലാതെ രാധുവിന് പുറംലോകത്തെക്കുറിച്ചു വലിയ പരിചയമൊന്നുമില്ല. പക്ഷേ വരുണേട്ടനു തീരെ വശമില്ലാത്ത പല കാര്യങ്ങളിലും രാധു ബഹുമിടുക്കിയാണ്. ഷർട്ടിന്റെ ബട്ടൻസൊരെണ്ണം പൊട്ടിപ്പോയാൽ അതു തുന്നിപ്പിടിപ്പിക്കാനോ, വെള്ളമുണ്ടിൽ കറ വീണാൽ അതു തിരുമ്മിവെളുപ്പിക്കാനോ, മുറിയിലെ കിടപ്പുവിരി ചുരുൾ നിവർത്തി വൃത്തിയായി വിരിച്ചിടാനോ ഒന്നും ഏട്ടന് അറിയുകപോലുമില്ല. അപ്പോഴൊക്കെ രാധൂ എന്നു നീട്ടി വിളിക്കും. അടുക്കളയിലെ ഏതു തിരക്കിനിടയിലും ചൂടുവെള്ളമോ ചായയോ കാപ്പിയോ ചോദിച്ചുള്ള വിളി വേറെ.

കുട്ടികളുടെ സ്വഭാവമാണ് വരുണേട്ടന്. ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ലെന്നൊരു കുഴപ്പമേയുള്ളൂ. രാധുവിന്റെ കവിളത്ത് അടിക്കുന്ന സ്വഭാവമൊക്കെ മാറ്റി. ഇപ്പോൾ ദേഷ്യം വന്നാൽ താടിക്കിട്ടൊരു തട്ട് അല്ലെങ്കിൽ നെറുകുംതലയിലൊരു കിഴുക്ക്. അതിലൊന്നും രാധുവിന് പരിഭവമില്ല. ആണുങ്ങളാകുമ്പോൾ അങ്ങനെ ഇത്തിരി പരുക്കന്മാരായിരിക്കുമെന്ന് അവളുടെ അമ്മയും പറഞ്ഞുകൊടുത്തിട്ടുണ്ട്. അല്ലാതെ അയലത്തെ സോഫിയുടെ ഭർത്താവിനെപ്പോലെ ഏതുനേരവും ഭാര്യയോടു കൊഞ്ചിക്കുഴയാനും എല്ലാ ആഴ്ചയും സിനിമയ്ക്കു കൊണ്ടുപോകാനും ഒരുമിച്ച് കറങ്ങിനടക്കാനും അതിന്റെ പടംപിടിച്ച് ഫെയ്സ്ബുക്കിലിടാനുമൊന്നും വരുണേട്ടനെ കിട്ടില്ല. ആണുങ്ങളുടെ സ്നേഹം അവരുടെ ഉള്ളിലാണെന്ന് രാധുവിനറിയാം. സോഫിയുടെ വീട്ടിൽ അവളുടെ ഭർത്താവും അടുക്കളയിൽ പാത്രം കഴുകാനും കറിക്കരിയാനുമൊക്കെ കൂടുമത്രേ. നല്ല കുടുംബത്തിലെ ആണുങ്ങൾക്കു പറഞ്ഞിട്ടുള്ളതാണോ അതെല്ലാം.

പിന്നെ മിക്കദിവസവും രാത്രി ഏറെ വൈകിവരെ അവരുടെ കിടപ്പുമുറിയിൽ വെളിച്ചം കാണാം. സോഫി തന്നെ പറഞ്ഞിട്ടുണ്ട്, രാത്രി അവളെ ലെയ്സുടുപ്പൊക്കെ ഇടീപ്പിച്ച്, അയ്യേ! രാധുവിന് അതോർക്കുമ്പോൾതന്നെ നാണംവരും. മൂന്നു മക്കളായിക്കഴിഞ്ഞിട്ടും വഷളത്തരത്തിനു കുറവില്ല സോഫിക്കും അവളുടെ കെട്ട്യോനും. വരുണേട്ടൻ അത്യാവശ്യം ഗൗരവക്കാരനാണ് എപ്പോഴും. ലോകവിവരമില്ലാത്ത രാധുവിന് പ്രത്യേകിച്ച് വിഷയമൊന്നുമില്ല ഏട്ടനോട് മിണ്ടിപ്പറയാൻ. നാളേക്ക് അടുക്കളയിലേക്കു വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ്, കുട്ട്യോൾടെ ഫീസ്, വീട്ടിലെ പാൽ, പത്രം, കറന്റു ബില്ല്, അമ്മയുടെ കുഴമ്പും മരുന്നും വാങ്ങാറായെങ്കിൽ അതും... ഇതൊക്കെയല്ലേ രാധുവിന് ഏട്ടനോടു പറയാനുള്ളൂ.

കാറിന്റെ ഹോണടി കേട്ടപ്പോഴാണ്, നേരം പോയത് രാധു ഓർത്തത്. അല്ലെങ്കിലും അടുക്കളയിൽ ഓരോന്നും വച്ചുണ്ടാക്കിയും അടിച്ചുംതുടച്ചുമിരുന്നാൽ നേരം പോകുന്നതറിയില്ല. ഗേറ്റ് തുറക്കാൻ പോകുംവഴി സ്വീകരണ മുറിയിലെ ക്ലോക്കിലേക്കൊന്നു പാളി നോക്കിയപ്പോൾ സമയം മൂന്നര മണി.  പണിത്തിരക്കിനിടയിൽ ഉച്ചയ്ക്ക് ഉണ്ണാൻപോലും മറന്നു. വരുണേട്ടൻ കോളജിലെ പരിപാടി കഴിഞ്ഞ് എത്തിക്കഴിഞ്ഞു. കൂടെ അപ്പുവും ഉണ്ടാകും. തിരക്കിനിടയിൽ മുഷിഞ്ഞ നൈറ്റി മാറി, നല്ലതൊരെണ്ണം ഇടണമെന്നുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. സാരമില്ല, അല്ലെങ്കിലും പുറത്തുപോകുമ്പോൾപോലും അത്രയ്ക്കങ്ങ് ഉടുത്തൊരുങ്ങുന്നതൊന്നും ഏട്ടന് ഇഷ്ടമില്ല. അപ്പോ വരും, ആരെ കാണിക്കാനാ എന്ന ചോദ്യം.

ഗേറ്റ് തുറന്നതും കാർ മുറ്റത്തേക്കു വന്നുകയറി. ഡ്രൈവിങ് സീറ്റിൽ അപ്പുവായിരുന്നു. രാധുവിനു കണ്ടപ്പോഴേ ആളെ മനസ്സിലായി. വരുണേട്ടൻ പറഞ്ഞുകേട്ടതിലും സുന്ദരിയാണ്. കാറിൽനിന്ന് ആദ്യം ഏട്ടനും പിന്നെ അപ്പുവും പുറത്തിറങ്ങി. ഇളംനീല നിറമുള്ളൊരു കുർത്തയായിരുന്നു അപ്പുവിന്റെ വേഷം. മുൻനിരയിലെ മുടിക്കു സ്വർണനിറം. വരുണേട്ടന്റെ അത്രതന്നെ ഉയരം, നല്ല നിറം..

‘‘അപർണയാണ്...അപ്പൂന്നാ പണ്ടുതൊട്ടേ വരുൺ വിളിക്കുക.’’ അപ്പു സ്വയം പരിചയപ്പെടുത്തി, രാധുവിനു നേരെ കൈനീട്ടി. കായം മണക്കുന്ന പരുക്കൻ കൈനീട്ടാൻ രാധുവിനു മടി തോന്നി. ഒരു ചിരിയോടെ അപ്പുവിനെ അവൾ വീട്ടിനകത്തേക്കു ക്ഷണിച്ചു. രാധു അടുക്കളയിലേക്കു പോയ നേരം അപ്പു വളരെ ചുറുചുറുക്കോടെ വീടുമുഴുവൻ ചുറ്റിനടന്നുകണ്ടു. ചായയുംകൊണ്ടു തിരികെ വന്നപ്പോൾ ഏട്ടനൊപ്പമിരുന്ന് പഴയ കല്യാണ ആൽബമൊക്കെ കാണുകയായിരുന്നു അപ്പു. ചായയും നെയ്യപ്പവും മുറുക്കുമൊക്കെ ടീപ്പോയിൽവച്ച് രാധു ചിരിയോടെ അടുത്തുതന്നെ നിന്നു.

– വരുൺ പറഞ്ഞിട്ടുണ്ട്, മിസിസ് നല്ല കുക്കാണെന്ന്. എനിക്കു പാചകം തീരെ വശമില്ല..രാധുവിനോട് അസൂയ തോന്നുന്നു’’

മുറുക്കു കൊറിക്കുന്നതിനിടയിൽ അപ്പു പറഞ്ഞു. രാധു അതുകേട്ടു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഏട്ടനെ വരുൺ എന്നു പേരെടുത്തുവിളിക്കുന്ന, സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായ, പരിഷ്കാരിയായ, മുടിയിലും ചുണ്ടിലും ചായം പൂശിയ, ഷോളില്ലാതെ കുർത്തയിടുന്ന, കാലിന്മേൽ കാലു കയറ്റിവച്ചിരിക്കുന്ന, പരിപ്പുകറിയും സാമ്പാറുമൊന്നും വയ്ക്കാനറിയാത്ത അപ്പുവിനെ എങ്ങനെയാണ് വരുണേട്ടന് ഇഷ്ടപ്പെടാൻ കഴിയുകയെന്നു ചിന്തിക്കുകയായിരുന്നു അപ്പോഴൊക്കെ രാധു. നേരം പോയതറിഞ്ഞില്ല. വർത്തമാനത്തിനിടയിൽ ടീപ്പോയിലെ ചായ ചൂടാറിത്തണുത്തിരിക്കണം.

വരുണേട്ടൻ അപ്പുവിനൊപ്പം സോഫയിലിരുന്നു നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. എന്തെല്ലാം വിശേഷങ്ങളാണ് അവർക്കു പറയാനുള്ളത്. ഗൗരവക്കാരനായ, പൊട്ടിച്ചിരിക്കാത്ത, വല്ലപ്പോഴും മാത്രം തമാശ പറയുന്ന, വരുണേട്ടന് ഇതെന്തു പറ്റിയെന്ന് രാധുവിന് അദ്ഭുതം തോന്നാതിരുന്നില്ല. രാധു അവർക്കിടയിൽ ഒന്നും പറയാനില്ലാത്തൊരാളായി മാറിനിന്നു. രണ്ട് അപരിചിതർക്കിടയിൽ പെട്ടുപോയതുപോലെ രാധുവിനു ശ്വാസംമുട്ടുന്നുണ്ടായിരുന്നു. അവൾ കാരണം അവർക്കും ശ്വാസംമുട്ടരുതല്ലോ എന്നു കരുതി രാധു വേഗം അടുക്കളയിലേക്കു നടന്നു. അത്താഴത്തിനുള്ള സാമ്പാറിനുള്ള പരിപ്പ് അപ്പോഴേക്കും കുക്കറിൽ മൂന്നു വിസിലടിച്ചു വെന്തുകുഴഞ്ഞിരുന്നു.

English Summary:

Life of radhu and varun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com