പ്രാതലിനുള്ള സാമ്പാർ എളുപ്പത്തിൽ കുക്കറിൽ തയാറാക്കാം : ലക്ഷ്മി നായർ
Mail This Article
ഇഡ്‍ഡലിയ്ക്കും ദോശയ്ക്കുമൊപ്പം കഴിക്കാവുന്ന സാമ്പാർ എളുപ്പത്തിൽ കുക്കറിൽ തയാറാക്കുന്നതെങ്ങനെയെന്നാണ് പാചകവിദഗ്ധ ലക്ഷ്മി നായർ പുതിയ വിഡിയോ വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു. ചോറിനൊപ്പം ഈ സാമ്പാർ കഴിക്കില്ല. അധികം ചേരുവകൾ ഇല്ലാതെ പെട്ടെന്ന് തയാറാക്കിയെടുക്കാം.
ചേരുവകൾ
- മത്തങ്ങ പഴുത്തത് – ഒരു വലിയ കഷണം
- സവോള (ഇടത്തരം വലുപ്പമുള്ളത്) – രണ്ടെണ്ണം
- തക്കാളി(ഇടത്തരം വലുപ്പമുള്ളത്)– രണ്ടെണ്ണം
- പച്ചമുളക് (വലുത്) – രണ്ടെണ്ണം
- ഉരുളക്കിഴങ്ങ് (വലുത്) – ഒരെണ്ണം
- കാരറ്റ് (വലുത്)– ഒരെണ്ണം
- തുവര പരിപ്പ് – അര കപ്പ്
- വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കശ്മീരി മുളകു പൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി – 2 1/2 ടീസ്പൂൺ
- കായപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഉലുവ പൊടി – 1/4 ടീസ്പൂൺ
- ശർക്കര – 1 ടേബിൾ സ്പൂൺ
- മല്ലിയില
- വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
- കടുക് – 1ടീസ്പൂൺ
- ജീരകം – 1/2 ടീസ്പൂൺ
- വറ്റൽ മുളക് – 4–5 എണ്ണം
- കറിവേപ്പില
- വെളളം – 4 കപ്പ്
തയാറാക്കുന്ന വിധം
പച്ചക്കറികൾ ഇടത്തരം വലുപ്പമുള്ളതായതുകൊണ്ട് ഒരുപാട് ചെറുതാക്കി അരിയേണ്ട ആവശ്യമില്ല. ഒരു വിധം വലുപ്പത്തിൽ തന്നെ കഷണങ്ങളാക്കുക. ഇവ കഴുകി ഒരു കുക്കറിൽ ഇടുക അതോടൊപ്പം തന്നെ അര കപ്പ് തുവരപ്പരിപ്പ് കഴുകി അതും കഷണങ്ങളോടൊപ്പം ഇടുക. ഇനി ഇതിലേക്ക് വാളൻപുളി പിഴിഞ്ഞ് വച്ചിരിക്കുന്നത് (രണ്ട് കപ്പ് വെള്ളത്തിലാണ് പുളി പിഴിഞ്ഞു വച്ചിരിക്കുന്നത്) ചേർക്കുക. വീണ്ടും രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ള പൊടികൾ ചേർക്കുക (മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ, കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ, മല്ലിപ്പൊടി – 2 1/2 ടീസ്പൂൺ). ഇതിന്റെ കൂടെ ഉപ്പും കായപ്പൊടിയാണെങ്കിൽ അര ടീസ്പൂണും (കട്ട കായമാണെങ്കിൽ ചെറിയൊരു കഷണം) ചേർക്കുക. ഇനി ഇത് വേകാൻ വയ്ക്കുക. പെട്ടെന്ന് വേകുന്ന പരിപ്പാണെങ്കിൽ 3–4 വിസില്‍ മതിയാകും.
സാമ്പാർ കഷണങ്ങൾ വെന്തശേഷം കുക്കറിൽ നിന്ന് മാറ്റി മറ്റൊരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവാപ്പൊടി ചേർക്കുക. ഇതിനൊരു എക്സ്ട്രാ ടേസ്റ്റ് വരാൻ വേണ്ടി 1 ടേബിൾ സ്പൂൺ ശർക്കര കൂടി ചേർക്കുക. ചെറിയൊരു മധുരത്തിനു വേണ്ടി. ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കുക. ഇത് കുറുകിയ സാമ്പാറാണ്. കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ നീട്ടിയെടുക്കാം. ഇനി ഇത് താളിക്കാൻ വേണ്ടി ഒരു ഫ്രൈ പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുകും അതോടൊപ്പം അര ടീസ്പൂൺ ജീരകവും വറ്റൽ മുളകും കറിവേപ്പിലയും കൂടി ഇട്ട് മൂപ്പിച്ച് വെന്ത് തയാറാക്കി വച്ചിരിക്കുന്ന സാമ്പാറിലേക്ക് ചേർക്കുക. ഇഡ്ഡലി –ദോശ സാമ്പാർ റെഡി.