രുചികരമായ സ്പോഞ്ച് കേക്ക് കുക്കറിൽ തയാറാക്കാം : ലക്ഷ്മി നായർ
Mail This Article
പതുപതുത്ത സ്പോഞ്ച് കേക്ക് ബേക്കറിയിൽ നിന്നും കിട്ടുന്ന രുചിയിലും ഭംഗിയിലും വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരികയാണ് ലക്ഷ്മി നായർ.
ചേരുവകൾ
- മൈദ – 1 കപ്പ്
- ബട്ടർ – 100 ഗ്രാം
- പഞ്ചസാര(തരിയായിട്ടുള്ളത്) – ¾ കപ്പ്
- മുട്ട – 2 എണ്ണം
- ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
- പാൽ – ½ കപ്പ്
ഫ്രോസ്റ്റിങ്ങിന് ആവശ്യമുള്ളത്
- വിപ്പിങ് ക്രീം – 1 ½ കപ്പ്
- കോൾഡ് ഗ്ലേസ് – ¼ കപ്പ്
- ലൂക്ക് വാം വാട്ടർ – 1 ടേബിൾ സ്പൂൺ
ഷുഗർ സിറപ്പ് തയാറാക്കാൻ ആവശ്യമുള്ളത്
- പഞ്ചസാര – ½ കപ്പ്
- വെള്ളം – 2 കപ്പ്
- നാരങ്ങാ നീര് – ½ കപ്പ്
ഫില്ലിങ്ങ് ചെയ്യാൻ ആവശ്യമുള്ളത്
ഓറഞ്ച് ക്രഷ് – ½ കപ്പ്
തയാറാക്കുന്ന വിധം
ബാറ്റർ തയാറാക്കാം
ഒരു കപ്പ് മൈദ (കൃത്യം ഒരു കപ്പ് തന്നെ എടുക്കുക) യിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് മിക്സ് ചെയ്ത് ഒരു അരിപ്പയിൽ രണ്ട് പ്രാവശ്യം അരിച്ചെടുത്ത് വയ്ക്കുക. അതിനുശേഷം ഇലക്ട്രിക് അവൻ (OTG) 200 ഡിഗ്രി 15 മിനിറ്റും പാനസോണിക് കൺവെക്ഷൻ 10 മിനിറ്റും (സി 3) പ്രീ പീറ്റ് ചെയ്യാൻ വയ്ക്കുക. അവ്ൻ ഇല്ലെങ്കിൽ കുക്കറിൽ ഒരു സ്റ്റാൻഡ് വച്ച് കുക്കറിന്റെ വെയ്റ്റ് മാറ്റി 10 മിനിട്ട് നേരം കുക്കർ അടച്ചു വച്ച് ഇടത്തരം തീയിൽ പ്രീ ഹീറ്റ് ചെയ്യുക.
അതിനുശേഷം അരക്കപ്പ് പാലിലേക്ക് 100 ഗ്രാം വെണ്ണയും കൂടി ചേർത്ത് ചൂടാക്കി (ചെറിയ തീ മതി) സിറപ്പ് തയാറാക്കുക.
പഞ്ചസാരയിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ഹാന്‍ഡ് ബ്ലൻഡർ ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യുക. ആദ്യം സ്പീഡ് കുറച്ച് പിന്നീട് സ്പീഡ് കൂട്ടുക. വിസ്ക് ഉപയോഗിച്ചും പതപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ഒഴിച്ച് നന്നായി ഇളക്കിക്കൊടുക്കുക. വീണ്ടും ബ്ലന്‍ഡർ കൊണ്ട് പതപ്പിക്കുക. ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന മൈദമാവ് അരിച്ച് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ചൂടാക്കിയ വെണ്ണയും പാലും ഇതിലേക്ക് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക. ബാറ്റർ റെഡി. ഇത് 6 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് വെണ്ണ തടവി അതിനുശേഷം ബട്ടർ പേപ്പർ കട്ട് ചെയ്തു വയ്ക്കുക. അതിലേക്ക് മാവ് രണ്ട് ടിന്നുകളിലായി ഒഴിച്ചു വയ്ക്കുക. രണ്ട് ടിന്നും ടാപ്പ് ചെയ്ത ശേഷം ആദ്യം കൺവെക്ഷനിൽ ഒരു ട്രേയുടെ മുകളിലായി കേക്ക് ടിൻ വയ്ക്കുന്നു. അടുത്ത ടിൻ OTG യിൽ വച്ച് 180 ഡിഗ്രി 30 മിനിറ്റ് നേരം ടൈം അഡ്ജസ്റ്റ് ചെയ്തു വയ്ക്കുന്നു. 25 മിനിറ്റ് കഴിയുമ്പോൾ വേവ് നോക്കാം.
കുക്കറിൽ7 ഇഞ്ചിന്റെ കേക്ക് ടിന്നാണ് ഉപയോഗിച്ചിരിക്കുന്നത് ഈ കേക്ക് ടിന്നിലേക്ക് ബാറ്റർ ഒഴിച്ച് ടിൻ ടാപ്പ് ചെയ്ത് കുക്കറിന്റെ ഗാസ്കെറ്റ് മാറ്റിയിട്ട് ടിൻ കുക്കറിലേക്ക് വച്ച് കുക്കർ അടച്ചു ആദ്യത്തെ 15 മിനിറ്റ് ഇടത്തരം തീയിലും പിന്നീട് 15 മിനിറ്റ് തീ കുറച്ചും വേകാൻ വയ്ക്കുക.
OTG യിൽ 180 ഡിഗ്രി 20 മിനിട്ടു കൊണ്ടും കൺവെക്ഷനിൽ 180 ഡിഗ്രിയിൽ വച്ച കേക്ക് 14 മിനിറ്റ് കൊണ്ടും കുക്കറിൽ വച്ച കേക്ക് 30 മിനിട്ട് കൊണ്ടും പാകത്തിന് ബേക്കായി കിട്ടും.
ഇനി ഈ കേക്കുകളെല്ലാം തണുത്തു കഴിയുമ്പോൾ ക്ലിംങ് ഫിലിം ഉപയോഗിച്ച് നന്നായി കവർ ചെയ്ത് ഫ്രീസറിൽ 20 മിനിട്ട് നേരം വയ്ക്കണം. അതിനു ശേഷം മാത്രമേ ഫ്രോസ്റ്റിങ് ചെയ്യാവൂ. അല്ലെങ്കിൽ കേക്ക് വല്ലാതെ പൊടിഞ്ഞു പോകും.
ഫ്രോസ്റ്റിങ് ചെയ്യാനായി ഒരു കപ്പ് വെള്ളത്തിൽ അരകപ്പ് പഞ്ചസാര ഇട്ട് ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്ത് തിളയ്ക്കാൻ വയ്ക്കുക. ഇത് വെള്ളം പോലെ തന്നെ ഇരിക്കണം. കുറുകരുത്. നന്നായി തണുത്ത ശേഷം ഉപയോഗിക്കുക (ബാക്കി വരുന്നത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക).
ഇനി വിപ്പിങ് ക്രീം റെഡിയാക്കാം. വിപ്പിങ് ക്രീം ഒന്നര കപ്പ് എടുക്കുക. (വിപ്പിങ് ക്രീം വാങ്ങി ഫ്രീസറിൽ സൂക്ഷിക്കുക. എടുക്കുന്നതിനു മുൻപായി ഫ്രീസറില്‍ നിന്ന് മാറ്റി താഴെത്തെ തട്ടിൽ വയ്ക്കുക, വിപ്പിങ് ക്രീം ബീറ്റ് ചെയ്യാനുപയോഗിക്കുന്ന പാത്രവും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം എടുക്കുക.) ഇനി ഹാൻഡ് ബ്ലൻഡർ ഉപയോഗിച്ച് ചെറിയ സ്പീഡിൽ തുടങ്ങി പതിയെ പതിയെ സ്പീഡ് കൂട്ടി നന്നായി പതപ്പിച്ചെടുക്കുക. പാത്രം കമഴ്ത്തിപ്പിടിച്ചാലും താഴെ വീഴാത്തതാണ് പാകം. ഇങ്ങനെ ആക്കി കഴിഞ്ഞ് ഈ പാത്രം ഒരു ക്ലിംങ് ഫിലിം ഉപയോഗിച്ച് കവർ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുക.
ഇനി ക്ലിംങ് ഫിലിം ഉപയോഗിച്ച് കവർ ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കുകൾ പുറത്തെടുത്ത് ഒരു അതിനെ രണ്ട് ലെയറായി മുറിക്കുക. കേക്കിന്റെ ടോപ്പിലുള്ള മൊരിഞ്ഞ ഭാഗവും കട്ട് ചെയ്ത് മാറ്റി ലെവലാക്കുക.
വിപ്പിങ് ക്രീം ഫ്രിഡ്ജിൽ നിന്നെടുത്ത് പുറത്ത് വയ്ക്കുക. ഒരു പാത്രത്തിൽ അരകപ്പ് ഓറഞ്ച് ക്രഷ് എടുത്തു വയ്ക്കുക. ഒരു കേക്ക് ബോർഡിലേക്ക് നടുക്കായി വിപ്പിങ് ക്രീം വച്ച് അതിന്റെ മുകളിലേക്ക് കേക്കിന്റെ ഒരു ലയർ വയ്ക്കുന്നു. അപ്പോൾ കേക്ക് മൂവ് ചെയ്യാതിരിക്കാനാണ് ഇങ്ങനെ വിപ്പിങ് ക്രീം തേക്കുന്നത്. അതിനുശേഷം ഷുഗർ സിറപ്പ് കേക്കിന്റെ എല്ലാ ഭാഗത്തേക്കും പുരട്ടുന്നു. അതിനുശേഷം വിപ്പിങ് ക്രീം കേക്കിന്റെ ചുറ്റിനുമായി ഒരു മതിലുപോലെ അപ്ലൈ ചെയ്യുന്നു. അകത്തെ ഫില്ലിങ് വയ്ക്കുന്നത് പുറത്തു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന്റെ ഉള്ളിലേക്ക് ഓറഞ്ച് ക്രഷ് ആവശ്യത്തിനനുസരിച്ച് ഫിൽ ചെയ്യുന്നു (ഒന്നര ടേബിൾ സ്പൂൺ) അതിനുശേഷം കേക്കിന്റെ അടുത്ത ലെയർ അതിന്റെ മുകളിലായി വയ്ക്കുന്നു. വീണ്ടും ഷുഗർ സിറപ്പ് പുരട്ടി ഇതിന്റെ മുകളിലും വിപ്പിങ് ക്രീം അപ്ലൈ ചെയ്യുന്നു. വീണ്ടും ഓറഞ്ചക്രഷ് ഫിൽ ചെയ്യുന്നു അടുത്ത കേക്കിന്റെ രണ്ടു ലെയറും ഇതേ പോലെ ഷുഗർ സിറപ്പും വിപ്പിങ് ക്രീമും ഓറഞ്ച് ക്രഷും എല്ലാം അതേ പോലെ തന്നെ അപ്ലൈ ചെയ്യുക. അവസാനം വെച്ച കേക്ക് ലെയറിന്റെ മുകളിലായി വിപ്പിങ് ക്രീം പുരട്ടി കേക്ക് മുഴുവൻ ഈ ക്രീം കൊണ്ട് കവർ ചെയ്യുന്നു. അതിനുശേഷം 20 മിനിറ്റ് നേരം ഫ്രീസറിൽ വയ്ക്കുക. നന്നായി ഉറയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 3 മണിക്കൂറെങ്കിലും കേക്ക് ഇങ്ങനെ വയ്ക്കുന്നതാണ് നല്ലത്. വിപ്പിങ് ക്രീമും ഫ്രിഡ്ജിൽ സൂക്ഷിക്കണം. (ഇവിടെ സമയം ഇല്ലാത്തതിനാൽ 20 മിനിട്ട് കഴിഞ്ഞ് കേക്ക് എടുത്താണ് ചെയ്യുന്നത്) 20 മിനിട്ട് കഴിഞ്ഞ് എടുത്ത കേക്കില്‍ ബാക്കിയുള്ള വീണ്ടും വിപ്പിങ് ക്രീം തേച്ച് ഒരു സ്ക്രാപ്പർ വച്ച് ഡിസൈൻ ചെയ്യാം. അതിന്റെ ടോപ്പിൽ ജെൽ പുരട്ടണം അതിനായി ന്യൂട്രൽ കോൾഡ് ഗ്ലെയ്സ് കാൽ കപ്പ് ഒരു പാത്രത്തിലേക്കെടുത്ത് (ഇത് നിറമില്ലാത്തൊരു ജെല്‍ ആണ് ഇതിലേക്ക് എന്ത് കളർ വേണമെങ്കിലും ചേർക്കാം) ഇതിലേക്ക് ഓറഞ്ച് കളർ ചേർത്ത് നന്നായി ബീറ്റ് ചെയ്യണം ഇതിലേക്ക് ഒരു ടീസ്പൂൺ ചൂടുവെള്ളം ഉപയോഗിച്ച് വേണമെങ്കിൽ ലൂസാക്കാം. ഈ ജെൽ കേക്കിന്റെ ടോപ്പിലേക്ക് ഒഴിച്ചു കൊടുക്കുന്നു. അതിനുശേഷം നന്നായി കേക്കിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന വിധം സ്പാറ്റുല ഉപയോഗിച്ചു ലെവലാക്കുന്നു. ഇനി വിപ്പിങ് ക്രീം നിങ്ങൾക്കിഷ്ടമുള്ള ഡിസൈനിലുള്ള അച്ചിലേക്ക് മാറ്റി കേക്കിന് ഇഷ്ടമുള്ള ഡിസൈനുകൾ കൊടുക്കാം. സ്പോഞ്ച് കേക്ക് റെഡി.
English Summary: Lekshmi Nair Vlogs, Hot Milk Sponge Cake