നാവിൽ മധുരപ്പൂത്തിരിയൊരുക്കി മൈസൂർപാക്ക്
Mail This Article
മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർപാക്ക്. മൈസൂരുരാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ഇന്നു ലോകപ്രസിദ്ധമാണ്. ചുരുക്കം ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണു മൈസൂർ പാക്ക്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ മൈസൂർ പാക്ക് തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് വീണാസ് കറിവേൾഡ്. പത്തു മിനിറ്റുകൊണ്ട് തയാറാക്കാം.
ചേരുവകൾ
- കടലമാവ് -1 കപ്പ് (മീഡിയം തീയിൽ വറുത്തെടുത്തത്)
- നെയ്യ് - 1 കപ്പ്
- പഞ്ചസാര - 3/4 കപ്പ്
- ഉപ്പ് - ഒരു നുള്ള്
- വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
നെയ്യ് ചെറുതായി ചൂടാക്കിയ ശേഷം പകുതി ഭാഗം കടലമാവിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് നന്നായി കട്ടകൾ ഇല്ലാതെ യോജിപ്പിച്ച് മാറ്റി വയ്ക്കാം.
ഒരു പാത്രത്തിൽ മുക്കാൽ കപ്പ് പഞ്ചസാരയിൽ അര ഗ്ലാസ് വെള്ളം ചേർത്ത് ഒരു നൂൽ പരുവത്തിൽ പഞ്ചസാര ലായനി തയാറാക്കണം. തിളച്ച ശേഷം ഒരു നുള്ള് പഞ്ചസാര ഇതിലേക്ക് ചേർക്കാം. ഒരുനൂൽ പരുവമായ ശേഷം കടലമാവ് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്ക് ബാക്കിയുള്ള നെയ്യ് അൽപാൽപമായി ചേർത്ത് കൊടുത്ത് യോജിപ്പിച്ച് എടുക്കാം. അഞ്ച് മിനിറ്റുകൊണ്ട് തയാറാകും. കൂടുതൽ സമയം വേവിച്ചാൽ കട്ടി കൂടിപ്പോകും. നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തി ചൂട് കുറഞ്ഞശേഷം മുറിച്ച് എടുക്കാം.