ജാം ഫില്ല് ചെയ്ത ഡോനട്ട് ബോൾസ് രുചിയുമായി ലക്ഷ്മി നായർ
Mail This Article
ഡോനട്ട് രുചി ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് എളുപ്പത്തിൽ തയാറാക്കി കൊടുക്കാവുന്ന രുചിക്കൂട്ട്.
ചേരുവകൾ
- പാൽ - 1 1/2 കപ്പ്
- വെണ്ണ - 100 ഗ്രാം
- പഞ്ചസാര - 3/4 കപ്പ്
- യീസ്റ്റ് (ഇൻസ്റ്റന്റ് യീസ്റ്റ് ) - 2 ടേബിൾ സ്പൂൺ
- മുട്ട - 4 എണ്ണം
- മൈദ മാവ് - 6 കപ്പ്
- ഓയിൽ (റിഫൈൻഡ് ഓയിൽ) - വറുക്കാൻ ആവശ്യമായ
- മിക്സഡ് ഫ്രൂട്ട് ജാം
- പഞ്ചസാര പൊടിച്ചത്
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിലേക്ക് 11/2 കപ്പ് പാൽ ഒഴിക്കുക. ചൂടായിവരുമ്പോഴേക്കും അതിലേക്ക് വെണ്ണ (100 ഗ്രാം ) ചേര്‍ക്കാം. പാൽ തിളയ്ക്കുന്നതു വരെ വെണ്ണ ഉരുക്കി ചേരുന്നതിനായി ഇളക്കി കൊടുക്കുക.
2. തീ ഓഫ് ചെയ്ത ശേഷം തിളച്ചുവന്ന പാലിലേക്ക് 3/4 കപ്പ് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂട് പോകാൻ വയ്ക്കാം. ചെറുചൂടിൽ അതിലേക്ക് 2 ടേബിൾസ്പൂൺ യീസ്റ്റ് ചേർത്ത് ഇളക്കുക. മറ്റൊരു ബൗളിലേയ്ക്ക് 4 മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി അടിച്ച് എടുക്കുക, അത് പാൽ മിശ്രിതത്തിലേക്ക് ചേര്‍ക്കാം. കുറുകി വരുന്നതു വരെ ഇളക്കി യോജിപ്പിക്കുക.
3. ഒരു വലിയ ബൗളിലേക്കു 6 കപ്പ് മൈദ മാവ് ഇടുക. അതിന്റെ നടുവിൽ ഒരു ചെറിയ കുഴിപോലെ മാവ് മാറ്റിയ ശേഷം അതിലേക്ക് തയാറാക്കിയ മിശ്രിതം ചേർത്ത് കൊടുത്ത് നന്നായി കൈകൊണ്ട് കുഴച്ചെടുക്കുക, ആവശ്യമെങ്കില്‍ കുറച്ച് ഉപ്പ് ചേർക്കാം. ഒരുപാട് കട്ടിയാകാതെ ഇടത്തരം കട്ടിയിൽ കുഴച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുഴച്ചു വച്ച മാവിന്റെ മുകളിൽ നനഞ്ഞ വൃത്തിയുള്ള ഒരു തുണികൊണ്ട് മൂടി മാവ് പൊങ്ങിവരാൻ 1 മണിക്കൂർ വയ്ക്കാം.
4. ഒരു മണിക്കൂർ കഴിഞ്ഞ് കൈയിൽ അൽപം എണ്ണ തടവി മാവ് ഒന്നുകൂടി കുഴച്ചെടുക്കുക.
5. മറ്റൊരു പാൻ അടുപ്പിൽ വയ്ക്കുക, ചൂട് വരുമ്പോൾ അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ ഓയിൽ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. നന്നായി ചൂടായി വന്ന എണ്ണയിലേക്ക് കുഴച്ച് വച്ചിരിക്കുന്ന മാവ് ഉരുളകളാക്കി ( ചെറുനാരങ്ങാ വലുപ്പത്തിൽ ) ഇട്ട് ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോഴേക്കും വറുത്തുകോരാം.
6. അടുത്തതായി വറുത്ത് മാറ്റിയ ഡോനട്ട് ബോള്‍സിലേക്ക് സ്പൂണിന്റെ അറ്റം ഉപയോഗിച്ച് ചെറിയ ഒരു ഹോൾ ഇട്ടു കൊടുക്കുക അതിലേക്ക് മിക്സഡ് ഫ്രൂട്ട് ജാം ഫില്ല് ചെയ്ത് കൊടുക്കുക. അങ്ങിനെ ഓരോന്നിലേക്കും ഫില്ല് ചെയ്യാം.
7. ജാം ഫില്ല് ചെയ്ത ഡോനട്ട് ബോള്‍സിന് മുകളിലേക്ക് പഞ്ചസാര പൊടിച്ചത് വിതറിക്കൊടുക്കാം . അത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം.