നല്ല ചൂടുള്ള ചെറുപയർ കറിയും പഞ്ഞി പോലുള്ള പുട്ടും
Mail This Article
വളരെ രുചികരമായി തയാറാക്കാവുന്ന ചെറുപയർ കറിയുടെ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് വീണാ ജാൻ. തേങ്ങാ അരയ്ക്കാതെയും ഈ കറി തയാറാക്കാം അത് വ്യത്യസ്ത രുചിയായിരിക്കും.
ചേരുവകൾ
- ചെറുപയർ - 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്‌പൂൺ
- മുളകുപൊടി - 1/2 ടീസ്‌പൂൺ
- വെളുത്തുള്ളി - 2
- പച്ചമുളക് - 2
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
- വെള്ളം - 2 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ ഒരു കപ്പ് ചെറുപയർ (നന്നായി കഴുകി വൃത്തിയാക്കിയത്) എടുക്കുക. അതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും (രണ്ട് അല്ലി) ഒരു പച്ചമുളകും (ഇവിടെ എടുത്തിരിക്കുന്നത് ഉണ്ട മുളകാണ് സാധാരണ പച്ചമുളകാണെങ്കിൽ രണ്ടെണ്ണം എടുക്കാം) ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും (2 1/2 കപ്പ് ) ഒഴിച്ച് കുക്കർ അടച്ചു വച്ച് വേവിക്കുക. പയറിന്റെ വേവനുസരിച്ച് എത്ര വിസിലാണെന്നു തീരുമാനിക്കുക. ഇവിടെ മൂന്നു വിസിൽ മീഡിയം ഫ്‌ളേമിലാണ് വയ്ക്കുന്നത്. പയർ വേകുമ്പോഴേക്കും അതിനുള്ള അരപ്പ് തയാറാക്കി വയ്ക്കാം.
അരപ്പ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ
- തേങ്ങ - 4 ടേബിൾ സ്‌പൂൺ
- ജീരകം - 1/2 ടീസ്‌പൂൺ
- പച്ചമുളക് - 1
- കറിവേപ്പില - 2
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ തേങ്ങ ചിരകിയത് (4 ടേബിൾ സ്‌പൂൺ) എടുക്കുക (ശ്രദ്ധിക്കേണ്ട ഒരു കാര്യം തേങ്ങ ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ നല്ല പോലെ തണുപ്പ് മാറിയതിനു ശേഷം ഉപയോഗിക്കുക തണുപ്പോടെ തേങ്ങ അരച്ചു ചേർത്താൽ പിരിഞ്ഞു പോകും). അതിലേക്ക് അര ടീസ്‌പൂൺ ജീരകം/ ജീരകപ്പൊടി ചേർക്കുക. ഇതിലേക്കു ഒരു ഉണ്ട മുളകും (പച്ചമുളക് ആണെങ്കിൽ 2 എണ്ണം, പച്ചമുളക് ഇഷ്ടമില്ലെങ്കിൽ മുളക് പൊടി ഉപയോഗിക്കാം) കറിവേപ്പിലയും അൽപം വെള്ളവും കൂടി ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കുക.
ഇനി വെന്ത പയറിലേക്ക് വെള്ളം കുറവാണെങ്കിൽ കുറച്ചു ചൂടു വെള്ളം (പച്ച വെള്ളം ഒഴിക്കരുത്) ഒഴിച്ചു കൊടുക്കാം. അതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കാം. ഇനി നന്നായി ഇളക്കി മീഡിയം ഫ്ളെയിമിൽ തീ വച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക. ഇനി ഇതിലേക്കു താളിച്ച് ചേർക്കണം
താളിക്കാൻ ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ - 2 ടേബിൾ സ്‌പൂൺ
- ചുവന്ന മുളക് - 3
- കടുക് - 1/2 ടീസ്‌പൂൺ
- കറിവേപ്പില
- ചെറിയ ഉള്ളി - 5
- വെളുത്തുള്ളി - 2
- ചുവന്ന മുളക് - 1
- മുളക് പൊടി - 1/4 ടീസ്‌പൂൺ (ആവശ്യമെങ്കിൽ)
- പഞ്ചസാര - 1 നുള്ള്
- വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അര ടീസ്‌പൂൺ കടുക് ഇട്ട് പൊട്ടിച്ച ശേഷം മൂന്ന് വറ്റൽ മുളക് മുറിച്ചിട്ടു കൊടുക്കുക കുറച്ചു കറിവേപ്പിലയും അഞ്ച് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും രണ്ട് അല്ലി വെളുത്തുളളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ല ഗോൾഡൻ കളർ വരെ വഴറ്റിയെടുക്കുക. കളർ കിട്ടാനായി ഒരു നുള്ള് മുളകുപൊടിയും കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം അരപ്പു ചേർത്തു വച്ചിരിക്കുന്ന പയർ ഇതിലേക്കു ഒഴിച്ചു കൊടുത്തു നന്നായി ഇളക്കുക. ഉപ്പോ എരുവോ കുറവുണ്ടെങ്കിൽ ഈ സമയത്ത് ചേർത്തു കൊടുക്കാം. ഇതൊന്ന് തിളയ്ക്കണം. അതിനുശേഷം ഇതിലേക്ക് കുറച്ചു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് അടച്ചു വയ്ക്കുക. അൽപം പഞ്ചസാരയും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റു നേരം തിളപ്പിക്കുക. അതിനുശേഷം തീ ഓഫ് ചെയ്യുക. സൂപ്പർ ടേസ്റ്റി ചെറുപയർ കറി റെഡി.
English Summary : Easy Cherupayar Curry Recipe by Veenas Curryworld.