മസാല ചായയുമായി സെലീന ഗോമസ്; കൈയടിച്ച് ചായപ്രേമികൾ
Mail This Article
ആവി പറക്കുന്ന ഡബിൾ സ്‌ട്രോങ് ചായയുമായി പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമായ സെലീന ഗോമസ്. ഇന്ത്യൻ ഷെഫ് പത്മ ലക്ഷ്മിക്കൊപ്പമാണ് ക്ലാസിക്ക് മസാല ചായ തയാറാക്കിയത്. പത്മ തയാറാക്കിയ ചായയെക്കാൾ കടുപ്പത്തിൽ ചായ തയാറാക്കിയത് സെലീനയാണെന്നും കാഴ്ചക്കാർ. യൂട്യൂബിൽ സെലിന ഗോമസ് ഫാൻ പേജിലെ വിഡിയോ ദശലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ‘സെലിന + ഷെഫ്’ എന്ന ടെലിവിഷൻ ഷോയുടെ ഭാഗമാണ് ഈ വിഡിയോ, പ്രശസ്തരായ ഷെഫുമാർക്കൊപ്പം രുചികരമായ വിഭവങ്ങൾ ഈ പരിപാടിയിൽ സെലീന ഒരുക്കിയിരുന്നു.
പാചകരീതികളും അളവും ഷെഫ് പത്മാലക്ഷ്മി ചെയ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്ത വെള്ളം തിളച്ചു കഴിയുമ്പോൾ 3 സ്പൂൺ തേയില, 4 ഗ്രാമ്പൂ, അരടീസ്പൂൺ ഏലയ്ക്കാപ്പൊടി, 3 ടീസ്പൂൺ ബ്രൗൺ ഷുഗർ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ചേർക്കാം. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇത് അരിച്ചെടുത്താൽ മസാല ചായ റെഡി.
സെലീനയ്ക്ക് ഒട്ടും പരിചയം ഇല്ലാത്ത ചില കാര്യങ്ങളും ചായ തയാറാക്കുമ്പോൾ കാണാം. അരിപ്പയിലൂടെ ചായ അരിച്ചെടുക്കുന്നതും ഏലയ്ക്കയുടെ പേരും (കാർഡ– മോം) കുഴപ്പിക്കുന്നുണ്ട്. എന്തായാലും ചായ തയാറാക്കി വന്നപ്പോൾ നിറവും കടുപ്പവും നോക്കി സെലീനയുടെ ചായയാണ് ഒരു പടി മുന്നിലെന്ന് ഇന്ത്യൻ യൂട്യൂബേഴ്സിന്റെ കമന്റ്. നല്ല ചായ തയാറാക്കണമെങ്കിൽ പാൽ ചേർത്ത് തിളച്ചു കഴിഞ്ഞ് ഉടൻ തന്നെ തീ കുറച്ച് രണ്ടു മൂന്ന് മിനിറ്റ് വയ്ക്കണം, അതിലാണ് ചായയുെട രുചി രഹസ്യം എന്നും ചായപ്രേമികൾ കുറിച്ചു.
ചോറും കൊഞ്ചുകറിയും തയാറാക്കാൻ പഠിച്ച കാര്യവും കൈ ഉപയോഗിച്ച് ചോറ് കഴിക്കുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്.
English Summary : Selena Gomez Makes Indian Chai Tea And Cooks Indian Food, Selena + Chef.