ക്രിസ്മസിനൊരുക്കാം ഇൻസ്റ്റന്റ് അപ്പവും സ്പെഷൽ മട്ടൺ സ്റ്റ്യൂവും : അനില ശ്രീകുമാർ
Mail This Article
ഇൻസ്റ്റന്റ് അപ്പവും സ്പെഷൽ മട്ടൺ സ്റ്റ്യൂവും രുചികരമായി വീട്ടിലൊരുക്കാം.
ഇൻസ്റ്റന്റ് അപ്പം
ചേരുവകൾ
- അരിപ്പൊടി – 1 കപ്പ് (250 )
- ചോറ്/ വെള്ള അവൽ – 1/2 കപ്പ്
- പഞ്ചസാര (ആവശ്യമെങ്കിൽ) – 1 ടീസ്പൂൺ
- ഇന്‍സ്റ്റന്റ് ഈസ്റ്റ്– 1 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ചെറു ചൂടുവെള്ളം – 1 കപ്പ്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അരിപ്പൊടി (അരിപ്പൊടി വറുത്തതോ വറുക്കാത്തതോ ഉപയോഗിക്കാം) എടുത്ത് അതിലേക്ക് അര കപ്പ് ചോറും അര കപ്പ് ചിരകിയ തേങ്ങയും ഒരു ടീസ്പൂൺ പഞ്ചസാരയും (ആവശ്യമെങ്കിൽ) ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും ഒരു കപ്പ് ചെറു ചൂടുവെള്ളവും ചേർത്ത് യോജിപ്പിച്ച ശേഷം മിക്സിയിൽ അടിച്ചെടുക്കുക.
- ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് ഇതൊന്നു കൂടി മിക്സിയിൽ അടിച്ചെടുക്കുക. മാവ് ഒരുപാട് ലൂസായി പോകാതെ ശരിയായ കൺസിസ്റ്റൻസിയിൽ അരച്ചെടുക്കുക.
- അതിനു ശേഷം അര മണിക്കൂർ നേരം വയ്ക്കുക. മാവ് നല്ല പോലെ പൊങ്ങി വന്ന ശേഷം അപ്പം ചുട്ടെടുക്കാം.
മട്ടണ്‍ സ്റ്റ്യൂ
ചേരുവകൾ
മട്ടൺ
- ഉരുളക്കിഴങ്ങ് – 2 എണ്ണം
- സവാള – 2 എണ്ണം
- ഇഞ്ചി – 1 വലിയ കഷണം
- വെളുത്തുള്ളി – 6 അല്ലി
- പച്ചമുളക് – 3 എണ്ണം
- പട്ട – ആവശ്യത്തിന്
- ഏലയ്ക്ക – 10 എണ്ണം
- ഗ്രാമ്പൂ– 4 എണ്ണം
- പെരുംജീരകം – 1/2 ടീസ്പൂൺ
- ഉപ്പ്– പാകത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- തേങ്ങാപ്പാൽ – ഒരു കപ്പ് തേങ്ങ ചിരകിയതിന്റെ ഒന്നാം പാലും രണ്ടാംപാലും
- കറിവേപ്പില
തയാറാക്കുന്ന വിധം
മട്ടണ്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്, കാരറ്റ്, അല്പം ഉപ്പ് എന്നിവ ചേർത്ത് ഒരു കുക്കറിൽ വച്ച് വേവിക്കുക. വെളളം ചേർക്കേണ്ട ആവശ്യമില്ല. മീഡിയം ഫ്ലേമിൽ ഒരു വിസിൽ മതിയാകും.
അതിനുശേഷം സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക. ഇനി സ്റ്റൗ കത്തിച്ച് ഒരു പാൻ വച്ച് ചൂടായ ശേഷം അതിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, പെരുംജീരകം എന്നിവ ഇട്ട് ചൂടാക്കുക. ഇത് ഒന്ന് തണുത്ത ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. ചൂടായ പാനിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം വെളുത്തുള്ളി ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റിയെടുക്കുക. ഇത് ചെറുതായി ഒന്ന് വഴന്നു വരുമ്പോൾ ഒന്നര സ്പൂൺ അരിപ്പൊടി/മൈദ/ കോൺഫ്ലവർ ഇവയിലെതെങ്കിലും കൂടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടനും ഉരുളക്കിഴങ്ങും കാരറ്റും കൂടി ഇതിലേക്കു ചേർക്കുക. കറി കുറച്ചു കൂടി കുറുകി ഇരിക്കണമെന്നുള്ളവർക്ക് വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചിട്ടാൽ മതിയാകും. ഇനി ചിരകിയ തേങ്ങയിലേക്ക് അര കപ്പ് വെള്ളവും കൂടി ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ച് അരിച്ചെടുത്ത് ഒന്നാം പാലും രണ്ടാം പാലും എടുക്കുക. അതിനു ശേഷം ഇതിലേക്ക് രണ്ടാം പാൽ ചേർത്ത് നന്നായി തിളപ്പിക്കുക. നല്ല തിള വന്ന ശേഷം തീ ഒന്ന് കുറച്ചു വയ്ക്കുക. ഇനി ഇതിലേക്ക് പട്ട ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ പൊടിച്ചതും അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർക്കുക. അതിനു ശേഷം ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം ചെറുതായി ചൂടായ ശേഷം കുറച്ച് കറിവേപ്പില കൂടി ചേർക്കുക. മട്ടൺ സ്റ്റൂ റെഡി. ഒന്നാം പാൽ ചേർത്ത ശേഷം കറി തിളച്ചു പോകാതെ ശ്രദ്ധിക്കുക.
English Summary : Instant Appam with Mutton Stew Recipe.