സൺഡേയല്ലേ, ഗാർലിക് ചില്ലി ചിക്കൻ കൊണ്ടൊരു കലക്ക് കലക്കിയാലോ?
Mail This Article
സൺഡേ സ്പെഷലായി ഗാർലിക് ചില്ലി ചിക്കൻ (Garlic Chilli Chicken) പരീക്ഷിച്ചാലോ? ബ്രേക്ഫാസ്റ്റ് ചപ്പാത്തി കൂടിയായാൽ സംഗതി കുശാലായി. ഇനി സൺഡേ വൈകി എഴുന്നേക്കുന്നവരാണെങ്കിലും പരിഭവം വേണ്ട ബ്രഞ്ചിന്റെ (ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ഒന്നിച്ച് കഴിക്കുന്നതിനു പറയുന്ന പേര്.) കൂടെ കഴിക്കാം നല്ല കലക്കൻ ഗാർലിക് ചില്ലി ചിക്കൻ.
ഗാർലിക് ചില്ലി ചിക്കൻ
ആവശ്യമായ സാധനങ്ങൾ
കോഴിക്കഷണങ്ങൾ – 1 കിലോ
മുട്ട – 1
കോൺഫ്ലോർ – 1 കപ്പ്
മൈദ – 1 കപ്പ്
കുരുമുളകുപൊടി – 10 ഗ്രാം
സോയ സോസ് – 15 മില്ലി
ഉപ്പ് പാകത്തിന്
ചില്ലി ഗാർലിക് സോസ് തയാറാക്കാൻ
എണ്ണ – 20 മില്ലി
വെളുത്തുള്ളി അരിഞ്ഞത് – 50 ഗ്രാം
കശ്മീരി മുളകുപൊടി – 15 ഗ്രാം
ചില്ലി സോസ് – 200 ഗ്രാം
ഗാർലിക് ചിക്കൻ തയാറാക്കാൻ
എണ്ണ – 50 മില്ലി
വെളുത്തുള്ളി അരിഞ്ഞത് – 30 ഗ്രാം
ഇഞ്ചി അരിഞ്ഞത് – 30 ഗ്രാം
സവാള കഷണങ്ങളായി അരിഞ്ഞത് – 2
പച്ചമുളക് – 4
സ്പ്രിങ് ഒനിയൻ അരിഞ്ഞത് – കുറച്ച്
സെലറി അരിഞ്ഞത് – കുറച്ച്
കുരുമുളകു പൊടി – 15 ഗ്രാം
കാപ്സിക്കം പല നിറത്തിലുള്ളത്
തയാറാക്കുന്ന വിധം
കോഴി മുറിച്ച് വൃത്തിയാക്കിയത് വെള്ളം വാർന്ന് പോകാൻ അരിപ്പയിലേക്ക് മാറ്റിവയ്ക്കണം. കോഴിയുടെ എല്ലുകളും കഴുത്തും ചിറകിന്റെ ഭാഗവും കഴുകി വൃത്തിയാക്കി തിളപ്പിച്ച് ആ ചാറ് (സ്റ്റോക്ക്) മാറ്റി വയ്ക്കണം. കാപ്സിക്കവും സവാളയും ചെറിയ കഷണങ്ങളായി മുറിക്കണം. ഇഞ്ചി, വെളുത്തുള്ളി, സ്പ്രിങ് ഒനിയൻ, സെലറി എന്നിവ പൊടിയായി അരിഞ്ഞ് മാറ്റിവയ്ക്കണം. പച്ചമുളക് നീളത്തിൽ കീറണം.
ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് തുല്യ അളവിൽ കോൺഫ്ലോറും മൈദയും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ഒരു സ്പൂൺ സോയ സോസും അരിഞ്ഞ് വച്ച ലേശം വെളുത്തുള്ളിയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് ചിക്കൻ ചേർത്ത് പുരട്ടി വയ്ക്കണം. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ഈ കോഴിക്കഷണങ്ങൾ സ്വർണനിറമാകുന്നതു വരെ വറുത്തെടുക്കണം.
ചില്ലി ഗാർലിക് സോസ് ഉണ്ടാക്കാൻ ഒരു പാനിൽ എണ്ണയൊഴിച്ച്, വെളുത്തുള്ളിയിട്ട് മൂപ്പിച്ച്, ഒരു സ്പൂൺ കശ്മീരി മുളകുപൊടിയിട്ട് ഇളക്കുക. അതിലേക്ക് ടൊമാറ്റോ സോസും ചില്ലി സോസും ഒരു സ്പൂൺ സോയ സോസും ചേർത്ത് നന്നായി വഴറ്റണം. ഗാർലിക് ചിക്കൻ ഉണ്ടാക്കാനായി ഒരു കടായിയിൽ എണ്ണയൊഴിച്ച്, ഇഞ്ചിയും വെളുത്തുള്ളിയും നന്നായി വഴറ്റണം. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും സവാളയും കാപ്സിക്കവും തക്കാളിയും ചേർത്ത് ഇളക്കി യോജിപ്പിക്കണം. തീ കൂട്ടി വച്ച്, സവാളയും കാപ്സിക്കവും വാടിവരുമ്പോൾ ചില്ലി ഗാർലിക് സോസ് ചേർക്കണം. അതിലേക്ക് കറിയുടെ പരുവമനുസരിച്ച്, തയാറാക്കിവച്ചിരിക്കുന്ന ചിക്കൻ സ്റ്റോക്ക് (ചാറ്, സത്ത്) ഒഴിക്കണം. ഇവ കുഴമ്പു പരുവത്തിൽ ആകുമ്പോൾ അതിലേക്കു വറുത്തു മാറ്റിവച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. അതിലേക്ക്, ആവശ്യത്തിന് ഉപ്പും ചതച്ച കുരുമുളക് അല്ലെങ്കിൽ കുരുമുളകു പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കണം. അതിലേക്ക് സെലറിയും സ്പ്രിങ് ഒനിയനും ചേർത്ത് ഇളക്കണം.
Content Summary : Sunday Special Garlic Chilli Chicken Recipe by Chef Suresh Pillai