ഇലത്തുമ്പിലൊരിത്തിരി ഇഞ്ചിക്കറിയുണ്ടോ?, ഊണു കുശാലായി...
Mail This Article
101 വിഭവങ്ങൾക്ക് തുല്യം നിൽക്കും ഇഞ്ചിക്കറി (Kerala Ginger Curry). വയറിനുണ്ടാകുന്ന പലവിധ പ്രശ്നങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയായി ഇഞ്ചി ഉപയോഗിക്കാറുണ്ട്. സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് ഇഞ്ചിക്കറി. സ്വാദിഷ്ഠമായ ഇഞ്ചിക്കറി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ഇഞ്ചിക്കറി
ചേരുവകൾ
ഇഞ്ചി– 500 ഗ്രാം വൃത്തിയായി തൊലി കളഞ്ഞത്, നേർത്ത വൃത്താകൃതിയിലുള്ള കഷണങ്ങളായി മുറിക്കുക.
ചെറിയ ഉള്ളി അരിഞ്ഞത്– 200 ഗ്രാം
പച്ചമുളക് അരിഞ്ഞത് – 20 ഗ്രാം
പുളി– നാരങ്ങയുടെ വലുപ്പം (ചൂടു വെള്ളത്തിൽ കുതിർത്തത്)
വെളിച്ചെണ്ണ– വറുക്കാനും ചൂടാക്കാനും
കടുക്– 5 ഗ്രാം
ചുവന്ന മുളക്– 3
കറിവേപ്പില– കുറച്ച്
കശ്മീരി മുളകു പൊടി– 30 ഗ്രാം
വറുത്ത ഉലുവ പൊടി– 5 ഗ്രാം
കായംപൊടി – 2 ഗ്രാം
ശർക്കര – 20 ഗ്രാം
ഉപ്പു – പാകത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത് ഇട്ട് വഴറ്റുക. ഇഞ്ചി നന്നായി ക്രിസ്പ് ആകുകയും കറുത്ത നിറത്തിലാകുകയും ചെയ്യണം. വറുത്ത ഇഞ്ചി വെള്ളം ചേർക്കാതെ നന്നായി പൊടിച്ച് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ഇഞ്ചി വറുക്കാൻ ഉപയോഗിച്ച അതേ എണ്ണ ചൂടാക്കുക. കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ചെറിയുള്ളി, പച്ചമുളക് എന്നിവ ചേർത്ത് സ്വർണ തവിട്ട് നിറമാകുന്നതു വരെ വഴറ്റുക. ചെറിയ തീയിൽ മസാലകൾ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. പുളിവെള്ളവും ഉപ്പും ചേർത്ത് കുറച്ചു മിനിറ്റ് വേവിക്കുക. വറുത്ത ഇഞ്ചിപ്പൊടിയും ശർക്കരയും ചേർത്ത് നന്നായി ഇളക്കുക. പാകം പരിശോധിക്കുക.
Content Summary : Kerala Style Spicy & Tangy Ginger Curry Recipe by Chef Suresh Pillai