തേങ്ങ അരയ്ക്കുന്നതിനു പകരം കാരറ്റ് ചേർത്തൊരു നാടൻ മീൻ കറി
Mail This Article
ഈ മീൻ കറിയിൽ തേങ്ങാ ചേർത്തിട്ടില്ല, പകരം കാരറ്റാണ് അരച്ചു ചേർത്തിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും രുചിയിലും നാടൻ മീൻകറി.
ചേരുവകൾ
നെയ്യ് മീൻ (ചൂര) – 1 കിലോഗ്രാം
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
ഇഞ്ചി ചതച്ചത് – 3 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 3 ടേബിൾസ്പൂൺ
ചെറിയഉള്ളി – 10
പച്ചമുളക് – 3
കറിവേപ്പില – 6 തണ്ട്
കാരറ്റ് – 5
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – 5 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
ഉലുവാപ്പൊടി – അര ടീസ്പൂൺ
ഉണക്കമുളക് – 2
വാളൻ പുളി അല്ലെങ്കിൽ കുടംപുളി – 4 എണ്ണം (പുളി അനുസരിച്ച്)
തയാറാക്കുന്ന വിധം
മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, ചെറുതായി മുറിച്ച കാരറ്റ് കഷ്ണങ്ങൾ എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് റോസ്റ്റ് ചെയ്യാം.
ഇതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ആവശ്യമെങ്കിൽ അൽപം കുരുമുളകു പൊടി ചേർക്കാം. ഇത് തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം.
ചട്ടിയിലേക്കു കുറച്ചു വെള്ളം ഒഴിച്ച് കുടംപുളിയും കറിവേപ്പിലയും ഇട്ട് തിളച്ചു തുടങ്ങുമ്പോൾ അരപ്പു ചേർക്കാം. ഇതിലേക്കു മീൻകഷ്ണങ്ങൾ ചേർത്ത് വേവിച്ച് എടുക്കാം. നാടൻ രുചിയിൽ നല്ല എരിവുള്ള മീൻ കറി റെഡി.
English Summary : Here is a fish curry recipe which skipped out on coconut but without compromising the taste and consistency.