ഈസി മാഷ്മലോ പുഡ്ഡിങ് രുചിയുമായി ലക്ഷ്മി നായർ
Mail This Article
വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചികരമായ മാഷ്മലോ പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- തണുത്ത വെള്ളം – 1/2 കപ്പ്
- ജെലാറ്റിൻ – 1 1/2 ടേബിൾ സ്പൂൺ
- തിളപ്പിച്ച വെള്ളം – 1/2 കപ്പ്
- മുട്ടയുടെ വെള്ള – 4 എണ്ണം
- പഞ്ചസാര പൊടിച്ചത് – 1 കപ്പ്
- ഉപ്പ് – 1 നുള്ള്
- വാനില എസ്സൻസ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ ജെലാറ്റിൻ എടുത്ത് അരകപ്പ് തണുത്ത വെള്ളം ഒഴിച്ച് ഇളക്കി കുതിരാനായി വയ്ക്കുക (5–10 മിനിറ്റ്). ജെലാറ്റിൻ തയാറായ ശേഷം അതിലേക്ക് അര കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിനു ശേഷം നാലു മുട്ടയുടെ വെള്ള ഒരു ബൗളിലേക്ക് എടുത്ത് നന്നായി ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഇതേ സമയം തന്നെ ജെലാറ്റിൻ ഈ മുട്ടയുടെ മിക്സിലേക്ക് അൽപാൽപമായി ഒഴിച്ചു കൊടുത്ത് ഒരേ സമയം ബീറ്റ് ചെയ്യണം. ജെലാറ്റിൻ മുട്ടയുടെ വെള്ളയുമായി നന്നായി യോജിച്ച ശേഷം ഒരു കപ്പ് പൊടിച്ച പഞ്ചസാര കുറേശ്ശേ വീതം ഈ മിക്സിലേക്കു ചേർത്തു വീണ്ടും ബീറ്റ് ചെയ്യണം. കൂടെ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ വാനില എസൻസും കൂടി ചേർത്തു വേണം ബീറ്റ് ചെയ്യാൻ.
ഈ മിക്സ് ആവശ്യത്തിന് കട്ടിയായ ശേഷം രണ്ടു ട്രേകളിലായി ഒഴിച്ചു വയ്ക്കുക. ഒന്നിൽ വൈറ്റ് പുഡിങ്ങും മറ്റൊന്നിൽ പിങ്ക് കളർ പുഡിങ്ങും ആണ് തയാറാക്കുന്നത്. പിങ്ക് കളർ പുഡിങ്ങ് തയാറാക്കുന്ന ട്രേയിൽ ആദ്യം ഒരു ലെയർ വൈറ്റ് മിക്സ് ഒഴിച്ച ശേഷം അതിനു മുകളിലായി അൽപം പിങ്ക് ഫുഡ് കളർ ചേർത്ത് ബീറ്റ് ചെയ്ത മിക്സ് ഒഴിച്ചു ഒരു സ്പൂൺ കൊണ്ട് ലെവൽ െചയ്തു കൊടുക്കുക. ശേഷം ഇവ ഫ്രീസറിൽ വയ്ക്കുക. അരമണിക്കൂറിനു ശേഷം ഇവ ഫ്രീസറിൽ നിന്ന് എടുത്ത് മുറിച്ച് ഉപയോഗിക്കാം. വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മാഷ്മലോ പുഡ്ഡിങ് റെഡി.
ശ്രദ്ധിക്കാൻ മുട്ട പതപ്പിക്കുന്ന പാത്രത്തിലോ അതിനായി ഉപയോഗിക്കുന്ന ഹാൻഡ് ബ്ലെൻഡറിലോ ജലത്തിന്റെ അംശം ഉണ്ടാകരുത്. അല്ലെങ്കിൽ മുട്ട നന്നായി പതഞ്ഞു വരില്ല.
Content Summary : Easy marshmallow pudding recipe video by Lekshmi Nair.