നാലു മുട്ടയുണ്ടെങ്കിൽ ബ്രേക്ഫാസ്റ്റ് കലക്കും! ഇതാ രുചികരമായ മുട്ട റോസ്റ്റ്
Mail This Article
ചപ്പാത്തിക്ക് എന്തു കറിയുണ്ടാക്കുമെന്നാണ് ചിന്തയെങ്കിൽ, പാകത്തിന് വെന്തുടഞ്ഞ തക്കാളിയോടൊപ്പം ഗരംമസാലയിൽ പൊതിഞ്ഞ രുചിയേറും മുട്ട റോസ്റ്റ് ധൈര്യമായി പരീക്ഷിക്കാം. വ്യത്യസ്തമായ രുചി തേടുന്നവർ ഒരേ സ്വരത്തിൽ പറയും – ഇനിയും പോരട്ടെ മുട്ട റോസ്റ്റ്
ആവശ്യമായ ചേരുവകൾ
മുട്ട – 4 എണ്ണം
സവാള– 3 എണ്ണം
തക്കാളി – ഒന്ന്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
ചൂടുവെള്ളം – കാൽ കപ്പ്
ഗ്രാമ്പൂ– 2 എണ്ണം
പട്ട – ഒരെണ്ണം
പെരുംജീരകം – കാൽ ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
കുരുമുളകു പൊടി – അര ടീസ്പൂൺ
ഗരംമസാല– കാൽ ടീസ്പൂൺ
തക്കാളി സോസ് – ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട ഏഴു മിനിറ്റ് വേവിച്ച് പുഴുങ്ങി തൊലി കളഞ്ഞു മാറ്റിവയ്ക്കണം. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗ്രാമ്പൂ, പട്ട, പെരുംജീരകം, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ഗരംമസാല ഒഴികെയുള്ള എല്ലാ മസാലയും ചേർത്ത് പച്ച മണം മാറുന്നതു വരെ ചെറുതീയിൽ നന്നായി വഴറ്റി ചൂടുവെള്ളം ഒഴിച്ച് ചെറിയ ചൂടിൽ ചാറ് കുറുകുന്നതുവരെ വേവിക്കണം. അതിലേക്ക് ആവശ്യത്തിന് ഉപ്പും പുഴുങ്ങിയ മുട്ടയും കുറച്ച് ഗരംമസാലയും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് മുട്ട റോസ്റ്റ് റെഡിയാക്കാം.
Content Summary : Egg Roast Recipe by Chef Suresh Pillai