കുറഞ്ഞ കാലറിയിൽ വയറുനിറയ്ക്കും സൂപ്പർ സാലഡ് : വിഡിയോ
Mail This Article
ഡയറ്റ് നോക്കാം എന്നു മനസ്സിൽ വിചാരിക്കുമ്പോൾ ആദ്യം കൂട്ടുകൂടാനെത്തുന്നത് സാലഡ് ആകും. ലളിത ഭക്ഷണ ക്രമത്തിൽ സാലഡിനേക്കാൾ മികച്ച ഒരു തിരഞ്ഞെടുപ്പില്ല എന്നതു തന്നെ കാരണം. ശരീരത്തിന് കൊടുക്കാവുന്ന ഒരു ഡീടോക്സ് ട്രീറ്റ്. കുറഞ്ഞ കാലറിയിൽ വയറുനിറഞ്ഞ ഫീൽ. ഉണ്ടാക്കാനാണെങ്കിൽ വളരെ എളുപ്പവും. കൊളസ്ട്രോളും പൊണ്ണത്തടിയും പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ സാലഡ് മാത്രമാക്കുന്നത് ഗുണകരമാണ്. കൂടാതെ എന്തിനൊപ്പവും ഉപവിഭവമായും സാലഡിനെ അവതരിപ്പിക്കാം.
ചേരുവകൾ
- ചിക്കൻ സ്ട്രിപ്സ്
- ഉപ്പ്
- കുരുമുളക്
- ഒലിവ് ഓയിൽ
- സവാള
- തക്കാളി
- കാപ്സിക്കം
- കുക്കുമ്പർ
- അവക്കാഡോ
- നാരങ്ങാ നീര്
- ഉപ്പ്
- കുരുമുളക്
- മല്ലിയില
തയാറാക്കുന്ന വിധം
ചിക്കൻ ബ്രെസ്റ്റ് കനം കുറച്ച് കഷ്ണങ്ങളാക്കി വയ്ക്കുക. ഇതിൽ പാകത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഒലിവ് ഓയിലിൽ ഗ്രില്‍ ചെയ്തെടുക്കുക. ശേഷം പച്ചക്കറികളെല്ലാം ചതുര കഷ്ണങ്ങളാക്കി എടുക്കാം. കാപ്സിക്കം, സവാള, കുക്കുമ്പർ, തക്കാളി, അവക്കാഡോ എല്ലാം യോജിപ്പിച്ച് അതിലേക്കു മല്ലിയിലയും ഒലിവ് ഓയിലും നാരങ്ങാ നീരും കൂടി യോജിപ്പിച്ചു ചേർക്കാം. ഗ്രിൽ ചെയ്ത ചിക്കൻ മുകളിൽ വച്ചു വിളമ്പാം.
സാലഡ് ഡ്രസിങ്
സാലഡ് സാലഡാവണമെങ്കിൽ ഡ്രസിങ് നന്നാവണം. ഇല്ലെങ്കിൽ ചേരുവകൾ വെറുതേ അരിഞ്ഞിട്ടത് പോലെയേ ഉണ്ടാകൂ. ചേരുവകളുടെ ഫ്ലേവർ കൂട്ടുന്നതിനാണ് ഡ്രസിങ് ചെയ്യുന്നത്. മുട്ട മഞ്ഞ, ഒലിവ് ഓയിൽ, കട്ടത്തൈര്, നാരങ്ങാ നീര്, വിനാഗിരി, മയണൈസ്, കുരുമുളക് പൊടി തുടങ്ങിയവയാണ് സാധാരണ ഇതിനായി ഉപയോഗിക്കുന്നത്.
എണ്ണയും വിനാഗിരിയും ഉപ്പും ചേർന്നതാണ് ഏറ്റവും സിംപിളായ സാലഡ് ഡ്രസിങ്. വിനാഗിരിയും ഒലിവ് ഓയിലും പോലുള്ള ചേരുവകൾ നന്നായി കുലുക്കി യോജിപ്പിച്ചശേഷം മാത്രം സാലഡിൽ ചേർക്കുക. മൂന്ന് സ്പൂൺ എണ്ണ ഉപയോഗിക്കുമ്പോൾ ഒരു സ്പൂൺ വിനാഗിരി എന്നതാണ് കണക്ക്. മയണൈസ് ഉപയോഗിക്കുമ്പോൾ കാലറി കുറഞ്ഞ എഗ് ലൈസ് മയണൈസ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഫ്ലേവറിങ്ങിനായി മസ്റ്റർഡ് പേസ്റ്റ്, ഓറിഗാനോ പോലുള്ള ഹെർബുകൾ, സോസുകൾ തുടങ്ങിയവയും ചേർക്കാം.
Content Summary : Healthy avocado chicken salad recipe by Chefs Sinoy & Shibin