ഏത്തപ്പഴവും പപ്പടവും ചേർത്തൊരു രസികന്‍ വിഭവം; ലേഖ ശ്രീകുമാര്‍
Mail This Article
കേക്ക് രുചിയ്ക്കും മുൻപ് നമ്മുടെ നാട്ടിൽ തയാറാക്കിയിരുന്നൊരു നാടൻ രുചി പരിചയപ്പെടുത്തുകയാണ് ലേഖ ശ്രീകുമാർ. യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുമായി ലേഖ ശ്രീകുമാര്‍ ആരാധകർക്ക് മുന്നില്‍ എത്താറുണ്ട്. പഴുത്ത നേന്ത്രപ്പഴവും പപ്പടവും ചേര്‍ത്തുള്ള രസികന്‍ റെസിപ്പിയാണ് ലേഖ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
പഴം നുറുക്കും പപ്പടവും
ചേരുവകൾ
നേന്ത്രപ്പഴം – 1 എണ്ണം
നെയ്യ് – 11/2 ടീസ്പൂൺ
തേങ്ങാപ്പാൽ (ഒന്നാംപാൽ)
ശർക്കര പാനി
ചുക്ക്, ഏലയ്ക്ക (പൊടിച്ചത്)
പപ്പടം
തയാറാക്കുന്ന വിധം
പഴുത്ത നേന്ത്രപ്പഴം നുറുക്കി വയ്ക്കുക. ഒരു തേങ്ങയുടെ പകുതി ചിരകിയതിന്റെ ഒന്നാം പാല്‍ എടുത്തു വയ്ക്കുക. ശേഷം സ്റ്റൗ കത്തിച്ച് പാൻ വച്ച് അതിൽ ഒന്നര ടീസ്പൂൺ നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ നുറുക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ഇട്ട് ഒന്നു ചൂടാക്കുക. ഇനി ഈ പാൽ പഴം നുറുക്കിലേക്ക് ഒഴിച്ച് മൂടി വച്ച് വേവിക്കുക. തേങ്ങാപ്പാൽ ഒരുവിധം പറ്റി വരുമ്പോള്‍ അതിലേക്ക് ഉരുക്കിയ ശർക്കര പാനി ഒഴിച്ചു കൊടുക്കുക. (ഓരോരുത്തരുടെയും മധുരം അനുസരിച്ച് ഒഴിക്കുക). ഇതൊന്നു പറ്റി വരുമ്പോൾ ചുക്കും ഏലയ്ക്കയും പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് പാകത്തിനു പറ്റി വരുമ്പോൾ കുറച്ച് ചിരകിയ തേങ്ങ കൂടി ഇതിനു മുകളിലായ വിതറി കൊടുക്കുക.
ഇനി ആവശ്യത്തിന് പപ്പടം വറുത്ത് അതിനു മുകളിലായി പഴംനുറുക്കും ശർക്കരയും വയ്ക്കുക. സ്വാദൂറും പഴം നുറുക്കും പപ്പടവും റെഡി.
Content Summary : Banana snack recipe by Lekha Sreekumar, Video.