താറാവാണ് താരം, ക്രിസ്മസ് പാർട്ടി ടൈം വെറൈറ്റിയാക്കാം ; വിഡിയോ
Duck Breast With Plum Sauce Recipe
Mail This Article
ക്രിസ്മസ് സീസൺ ഷെഫുമാർക്ക് ഏറ്റവും തിരക്കുള്ള സമയമാണ്. ക്രിസ്മസിൽ തുടങ്ങി ന്യൂഇയർ വരെ തിരക്കോടു തിരക്കു തന്നെ. ക്രിസ്മസ് വിഭവങ്ങൾ തയാറാക്കുക, പാർട്ടികളിൽ വരുന്നവരെ സന്തോഷിപ്പിക്കാനായി പുതിയ വിഭവങ്ങളുണ്ടാക്കുക...അങ്ങനെ തിരക്കായിരിക്കും. എല്ലാവരും സന്തോഷത്തോടിരിക്കാനായി ജോലി ചെയ്യുന്നൊരു വിഭാഗമാണ് ഷെഫുമാർ. എല്ലാവരും ക്രിസ്മസ് സ്പെഷലായി ടര്‍ക്കി ഉപയോഗിക്കുമ്പോൾ ഷെഫ് സിനോയ് ജോണും ഷെഫ് ഷിബിനും ചേർന്ന് ഈ ക്രിസ്മസ് പാർട്ടി വെറൈറ്റിയിക്കാൻ വിളമ്പുന്നത് ഡക്ക് ബ്രെസ്റ്റ് വിത്ത് പ്ലം സോസ് ആണ്. ഡക്ക് ബ്രെസ്റ്റ്, പ്ലംസ് എന്നിവ നമ്മുടെ കേരളാ സ്റ്റൈലിൽ, യൂറോപ്യൻ ടച്ചിൽ പരുവപ്പെടുത്തുന്നു, അതിന്റെ കൂടെ ഹോം മെയ്ഡ് റെഡ് വൈനും ചേർന്നാൽ ക്രിസ്മസ് ആഘോഷമാകും.
താറാവ് ഇറച്ചി പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. നമ്മുടെ പേശികൾ, ചർമം, രക്തം എന്നിവ നിർമിക്കുകയും നന്നാക്കുകയും ചെയ്തുകൊണ്ട് പ്രോട്ടീൻ നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു. താറാവു മാംസം ഇരുമ്പിന്റെ മികച്ച സ്രോതസ്സാണ്. പലരും താറാവിറച്ചി തൊലി കളഞ്ഞ ശേഷമാണ് തയാറാക്കുന്നത്, എന്നാൽ തൊലിയോടു കൂടി പാകം ചെയ്തു കഴിക്കുമ്പോഴാണ് അതിന്റെ ടേസ്റ്റ് പൂർണമായും ആസ്വദിക്കാൻ സാധിക്കുന്നത്.
ചേരുവകൾ
ഡക്ക് ബ്രെസ്റ്റ്
പ്ലംസ്
ബട്ടർ
ഉപ്പ്
കുരുമുളകു പൊടി
മുളക് പൊടിച്ചത്
പഞ്ചസാര
തക്കോലം
ചെറിയുള്ളി
കാരറ്റ്
ചെറിയുള്ളി
തയാറാക്കുന്ന വിധം
ആദ്യമായി ഡക്ക് ബ്രെസ്റ്റിൽ രണ്ടു വശത്തും അൽപം ഉപ്പും കുരുമുളകു പൊടിയും ഇട്ട് മാരിനേറ്റ് െചയ്തു വയ്ക്കുക. സ്റ്റൗ കത്തിച്ച് പാൻ വച്ച് ചൂടായ ശേഷം ബട്ടർ ഇട്ട് ചൂടായി വരുമ്പോൾ ഡക്ക് ബ്രെസ്റ്റ് ഇതിലേക്ക് ഇടുക. അതിലേക്ക് രണ്ടോ മൂന്നോ ചെറിയുള്ളിയും ഫ്രഷ് തൈംസും ഇടണം. സ്കിൻ സൈഡ് ഗോൾഡൻ ബ്രൗൺ ആയശേഷം മറിച്ചിടുക. ഗ്രില്ല് ചെയ്യാനിടുമ്പോൾ എപ്പോഴും സ്കിൻ സൈഡ് വേണം ആദ്യം ഇടാൻ. അപ്പോൾ സ്കിന്നിന്റെ ഫാറ്റൊക്കെ ഉരുകി നല്ല രീതിയിൽ കളറും ഫ്ലേവറും കിട്ടും. ഈ സമയത്ത് കുറച്ചു കൂടി ബട്ടർ ചേർത്തു കൊടുക്കാം. ഇവിടെ ഉപയോഗിക്കുന്ന ഡക്ക് ബ്രെസ്റ്റ് ചെറുതാണ്. അതുകൊണ്ട് ഇത് അവ്‌നിലോ മറ്റോ വയ്ക്കേണ്ട ആവശ്യമില്ല. പ്രായം കുറഞ്ഞ ഡക്കാണ് ഇതിനു ഏറ്റവും നല്ലത്. ഷാലോ ഫ്രൈയിങ് ആണ് ഇതിന് ബെസ്റ്റ്.
കുറച്ചു മൂപ്പുള്ള താറാവാണെങ്കിൽ ഇതുപോലെ ഗ്ലേസ് വരുത്തിട്ട് അലുമിനിയം റാപ്പ് ചെയ്ത് അവ്‌നിൽ വച്ച് സ്റ്റോക്ക് വാട്ടർ ഉപയോഗിച്ച് കുക്ക് ചെയ്തെടുക്കാം. ഡക്ക് ബ്രെസ്റ്റ് കുക്ക് ആയ ശേഷം മാറ്റി വയ്ക്കാം.
ഇനി പ്ലം സോസ് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ബട്ടർ ഇട്ട് ചൂടായ ശേഷം അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പ്ലംസും തക്കോലവും കുറച്ച് തൈയിം കൂടി ഫ്ലേവറിനു വേണ്ടി ചേർക്കാം. ഇനി അതു കുറച്ച് സ്പൈസിയാക്കാൻ ചില്ലി ഫ്ലെയ്ക്സും കുറച്ച് ഷുഗറും കൂടി ചേർക്കാം. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ഒന്നു ബ്ലെൻഡ് ചെയ്ത് പ്ലം സോസ് റെഡിയാക്കാം. ഇനി കുക്ക് ചെയ്തു വച്ചിരിക്കുന്ന ഡക്ക് ബ്രെസ്റ്റും സോസും കൂടി പ്ലേറ്റ് ചെയ്യാവുന്നതാണ്. ടർക്കിയും ഇതേപോലെ വേവിച്ച് എടുക്കാവുന്നതാണ്.
ഡക്ക് ബ്രെസ്റ്റ് പ്ലേറ്റ് ചെയ്യാനായി ആദ്യം ഒരു പ്ലേറ്റിൽ ഡക്ക് ബ്രെസ്റ്റ് എടുക്കുക. കാരറ്റ് വേവിച്ച് അത് പേസ്റ്റാക്കിയതും ചെറിയുള്ളിയും ഒക്കെ വച്ച് ഡെക്കറേറ്റ് ചെയ്ത് പ്ലം സോസ് ഡക്ക് ബ്രെസ്റ്റിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക. ഇതിന്റെ കൂടെ ഹോം െമയ്ഡ് റെഡ് വൈനും കൂടി ഉപയോഗിക്കാം. ഡക്ക് ബ്രെസ്റ്റ് വിത്ത് പ്ലം സോസിനൊപ്പം ക്രിസ്മസ് ആഘോഷിക്കാം.
Content Summary : Duck breast with plum sauce is a burst of fusion flavours.