ചീരയും മധുരക്കിഴങ്ങും ചേരുന്ന ഹെൽത്തി, ടേസ്റ്റി കട്ലറ്റ്
Mail This Article
നാലു മണിക്ക് വറുത്തതും പൊരിച്ചതുമായ ബേക്കറി പലഹാരം സ്ഥിരമാക്കുന്നത് നല്ലതല്ലല്ലോ. രുചിക്കു മാത്രമല്ല ആരോഗ്യത്തിനും വേണം മുൻഗണന. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും നൽകാനൊരു ഹെൽത്തി നാലുമണി സ്നാക് ഇതാ.
ആവശ്യമായ ചേരുവകൾ
മധുരക്കിഴങ്ങ് – അര കിലോ
പച്ചച്ചീര – കാൽ കിലോ
സവാള അരിഞ്ഞത് – 2 എണ്ണം
അരിഞ്ഞ വെളുത്തുള്ളി – മുക്കാൽ ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – മുക്കാൽ ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് – രണ്ടെണ്ണം
മഞ്ഞൾപൊടി – 1 ടീസ്പൂൺ
കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരംമസാലപ്പൊടി – അര ടീസ്പൂൺ
പെരുംജീരകപ്പൊടി – അര ടീസ്പൂൺ
ബ്രെഡ് പൊടിച്ചത് – അര കിലോ
മുട്ട – 3 എണ്ണം
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് വേവിച്ചതിനുശേഷം ഉടച്ചെടുത്തു മാറ്റി വയ്ക്കുക. ചീര, വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക. ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, വലിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞൾപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്തു യോജിപ്പിക്കുക. അതിലേക്ക് ഉടച്ചുവച്ച മധുരക്കിഴങ്ങു ചേർത്ത് ചെറുതീയിൽ ആവശ്യത്തിന് ഉപ്പും േചർത്തിളക്കി യോജിപ്പിക്കുക. ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക. ഒരു ബൗളിൽ മുട്ട ഉടച്ചു നന്നായി ബീറ്റ് ചെയ്യുക. ഒരു പ്ലേറ്റിൽ പൊടിച്ച ബ്രെഡ് മാറ്റി വയ്ക്കുക. ഉരുളകളാക്കി വച്ച മധുരക്കിഴങ്ങ് അടിച്ചു പതപ്പിച്ച മുട്ടയിൽ മുക്കിയെടുത്ത് ബ്രെഡ് പൊടിയിൽ കോട്ട് ചെയ്ത് എടുക്കുക. ഇത് 20 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. പുറത്തെടുത്തതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ടു നല്ല പോലെ പൊരിച്ചെടുക്കാം. ചുട്ടമുളകും ചുട്ട ചെറിയുള്ളിയും ഉപ്പും ചേർത്ത ചമ്മന്തിയും കൂട്ടി കഴിക്കാം.
Content Summary : Spinach Sweet Potato Healthy Recipe by Chef Suresh Pillai