എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റൂം, വിഡിയോ കാണാം
Mail This Article
സ്വാദിഷ്‌ടമായ ഭക്ഷണപദാർഥം, പോഷക ഔഷധ ഗുണത്തിൽ മുൻപൻ, ഇത്തിരിക്കുഞ്ഞനാണെങ്കിലും കൂൺ നിസ്സാരക്കാരനല്ല, മഴക്കാലത്തു പ്രകൃതി തരുന്ന വിസ്മയമാണിത്. എത്രയോ കാലമായി കൂൺ അഥവാ മഷ്റൂം മലയാളികളുടെ പ്രിയരുചിയാണ്. കോണ്ടിനെന്റൽ വിഭവങ്ങളിൽ കൂണിന്റെ രുചിവൈവിധ്യങ്ങൾ കണ്ട് ഭക്ഷണപ്രിയർ അമ്പരക്കാറുണ്ട്. കൂണിനെ രാജകീയ ഭക്ഷണമായാണ് കണക്കാക്കിയിരുന്നത്. പുരാതന റോമാക്കാരാകട്ടെ കൂണിനെ ദേവൻമാരുടെ ഭക്ഷണമായാണ് കണക്കാക്കിയിരുന്നത്. ഗ്രീക്കുകാർ യോദ്ധാക്കൾക്ക് സമരവീര്യം പകരാൻ കൂണുകൾ സഹായിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നു. സോമ എന്ന ലഹരിപദാർഥം കൂണിൽ നിന്നാണുത്ഭവിച്ചതെന്നു പറയുന്നു. ഭാരതത്തിലെ വേദേതിഹാസങ്ങളിലും കൂണുകളെപ്പറ്റി പറയുന്നുണ്ട്. വെജിറ്ററിയൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അസാധ്യരുചിയിലൊരുക്കാം ഒരു ചില്ലി മഷ്റൂം.
ചേരുവകൾ
- മഷ്റൂം - 250 ഗ്രാം
- ഉപ്പ് – 1 ടീസ്പൂൺ
- പഞ്ചസാര – 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- കുരുമുളകു പൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി – െവളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- കോൺഫ്ലോർ – 1 ടീസ്പൂൺ
- മൈദ – 1 ടീസ്പൂൺ
സോസ് തയാറാക്കുന്നതിന്
- എണ്ണ
- സവാള ചെറുതായി അരിഞ്ഞത് – 2 ടീസ്പൂൺ
- വെളുത്തുള്ളി – 1 ടീസ്പൂൺ
- ഇഞ്ചി – 1/2 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- കാപ്സിക്കം – 1 എണ്ണം
- സോയാ സോസ് – 1 ടീസ്പൂൺ
- ചില്ലി സോസ് – 1 ടീസ്പൂൺ
- ടുമാറ്റോ സോസ് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 1 ടീസ്പൂൺ
- കുരുമുളകു പൊടി –1 ടീസ്പൂൺ
- മുളകു പൊടി –1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ നല്ല ഫ്രെഷ് മഷ്റൂം എടുക്കുക. മഷ്റൂം രണ്ടായി മുറിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, അര ടീസ്പൂൺ കുരുമുളകു പൊടി, അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ഓരോ ടേബിൾ സ്പൂൺ വീതം കോൺഫ്ലോറും മൈദയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി അതിലേക്ക് മഷ്റൂം ഇട്ട് ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക.
സോസ് തയാറാക്കാൻ
ചൂടായ ഒരു ഫ്രൈയിങ് പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും (രണ്ടു ടീസ്പൂൺ) വെളുത്തുള്ളിയും (ഒരു ടീസ്പൂൺ ) ഇഞ്ചിയും (അര ടീസ്പൂൺ) പച്ചമുളകും (രണ്ടെണ്ണം) കൂടി ഇട്ട് ഇളക്കി ഇതൊന്നു വാടി വരുമ്പോൾ ക്യൂബുകളായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കാപ്സിക്കവും കൂടി ഇട്ട് അവ ഒന്ന് വാടി വരുമ്പോൾ ഓരോ ടീസ്പൂൺ വീതം സോയാ, ചില്ലി, ടുമാറ്റോ സോസുകൾ ഇതിലേക്കു ചേർത്ത് മിക്സ് ചെയ്യുക. ഈ സമയം അല്പം ഉപ്പും സ്പൈസ് ഒന്നു ബാലൻസ് ചെയ്യുന്നതിനായി അല്പം പഞ്ചസാരയും കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകു പൊടിയും കുറച്ചു മുളകു പൊടിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. സോസ് റെഡി. ഇനി ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന മഷ്റൂം കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. രുചികരമായ ചില്ലി മഷ്റൂം റെഡി.
Content Summary : Enjoy your meal with vegetarian special chilli mushroom.