കൊതിപ്പിക്കും രുചിയിൽ രേഷ്മി ചിക്കൻ, നോർത്ത് ഇന്ത്യൻ സ്പെഷൽ രുചി
Mail This Article
ഒരു കിടിലൻ നോർത്തിന്ത്യൻ ഡിഷാണ് ഇന്നത്തെ സ്പെഷൽ. ഒരു മുഗളായ് ഫ്ളേവർ ഡിഷാണ്. ചപ്പാത്തി, പൊറോട്ട പോലുള്ള ബ്രഡ് വിഭവങ്ങളുടെ കൂടെ കഴിക്കാൻ പറ്റുന്നതാണ്.
ചേരുവകൾ
- ചിക്കൻ – 1/2 കിലോഗ്രാം
- എണ്ണ / ബട്ടർ
- സവാള – 1 എണ്ണം
- കശുവണ്ടി പരിപ്പ് – 200 ഗ്രാം
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തൈര് – 3 ടേബിൾ സ്പൂൺ
- കുക്കിംഗ് ക്രീം – ഒരു കപ്പ്
- മല്ലിയില – ഒരു പിടി
- ഗരംമസാല – 1/2 ടീസ്പൂൺ
- കസൂരിമേത്തി – 1 നുള്ള്
- ചെറിയുള്ളി – 7–8 എണ്ണം
- പട്ട – 2
- ഏലയ്ക്ക – 1
- ഗ്രാമ്പൂ – 4
- തക്കോലം – 1
- കുരുമുളക് – 8
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ ഒരു സ്പൂൺ എണ്ണ / ബട്ടർ ഒഴിച്ചു ചൂടാകുമ്പോൾ സവാള ചേർക്കാം, ഇതു വാടി വരുമ്പോൾ 200 ഗ്രാം അണ്ടിപ്പരിപ്പ് കൂടി ചേർത്തു ചൂടാക്കി എടുക്കുക. ഈ സവാളയും അണ്ടിപ്പരിപ്പും കൂടി പേസ്റ്റാക്കി എടുക്കുക.
ശേഷം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായി അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഓരോ ടീസ്പൂൺ മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് ഉപ്പ്, മൂന്ന് ടേബിൾ സ്പൂൺ തൈര്, ഒരു ചെറിയ ബൗൾ കുക്കിങ് ക്രീം, കുറച്ചു ഫ്രെഷ് മല്ലിയില ഇവ ചേർത്തു ചിക്കന്‍ നന്നായി മാരിനേറ്റ് ചെയ്തു അര മണിക്കൂർ വയ്ക്കുക.
ശേഷം സ്മോക്കിങ് ഫ്ളേവർ വരുത്താനായി മാരിനേറ്റ് ചെയ്ത ചിക്കന്റെ മുകളിലായി ചെറിയ ഒരു സ്റ്റീൽ ബൗളിൽ ചാർകോൾ കത്തിച്ച് ഒരു ടീസ്പൂണ്‍ എണ്ണ ചാർക്കോളിലേക്ക് ഒഴിച്ച് പാത്രം അടച്ചു വച്ച് സ്മോക്ക് ചെയ്തെടുക്കണം.
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ഏഴോ എട്ടോ തൊലി കളഞ്ഞ ചെറിയുള്ളിയും കുറച്ച് സ്പൈസസും (പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, തക്കോലം) കൂടി ഇട്ട് ഇതിന്റെ നിറം ഒന്നു മാറി വരുമ്പോൾ നേരത്തെ അരച്ചു വച്ച സവാള പേസ്റ്റ് ഇതിലേക്കു ചേർത്തു നന്നായി യോജിപ്പിച്ച് അഞ്ചു മിനിറ്റു നേരം വേവിക്കുക. ഇതിലേക്കു സ്മോക്ക് ചെയ്തു വച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്തു കുറച്ചു നേരം അടച്ചു വച്ച് വേവിക്കാം. ഇതു വെന്തു വരുമ്പോൾ അര ടീസ്പൂൺ ഗരംമസാല, ഒരു നുള്ള് കസൂരിമേത്തി കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്തു യോജിപ്പിച്ച് വിളമ്പാം.
Content Summary : Enjoy your meal with Reshmi Chicken.