ലോകത്തെ കുരുക്കിയിട്ട രുചിവല: നൂഡിൽസിന്റെ കഥ
Mail This Article
രുചിയുടെ ഒരു വലക്കുരുക്കാണ് നൂഡിൽസ്. ചൈനീസ് ഭക്ഷണമെന്നു പൊതുവേ വിശ്വസിക്കപ്പെടുന്ന, ലോകമെങ്ങും ആരാധകരുള്ള ഈ വിഭവത്തിന്റെ ചരിത്രവും ഒരു ബൗൾ നൂഡിൽസ് പോലെയാണ്– കൃത്യമായ ഒരറ്റമോ തുമ്പോ കണ്ടെത്താനാവാതെ കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളും കണ്ടെത്തലുകളും.
2005 ൽ, വടക്കുപടിഞ്ഞാറൻ ചൈനയിലെ ചിൻഹായ് പ്രവിശ്യയിലുള്ള ലാജിയ പര്യവേക്ഷണ മേഖലയിൽ ഖനനം നടത്തിയിരുന്ന ഗവേഷകർക്ക് ഒരു മൺപാത്രം ലഭിച്ചു. വെങ്കലയുഗത്തിലെ അവശേഷിപ്പുകൾക്കായി പര്യവേക്ഷണം നടക്കുന്ന മേഖലയാണ് ലാജിയ. പാത്രത്തിലുണ്ടായിരുന്ന ഇളംമഞ്ഞനിറമുള്ള മൃദുവായ നൂൽക്കെട്ട് പരിശോധിച്ച ഗവേഷകർ അമ്പരന്നു. അത് നൂഡിൽസായിരുന്നു! പഴക്കം പരിശോധിച്ചപ്പോൾ അവർ ഞെട്ടി – 4000 വർഷം!. ചൈനയുടെ ചരിത്രത്തിലെ തന്നെ സവിശേഷമായ കണ്ടെത്തലുകളിലൊന്നായിരുന്നു അത്. നൂഡിൽസിന്റെ പിതൃത്വാവകാശത്തിനായി പലയിടത്തുനിന്നും ഉയർന്നിരുന്ന അവകാശവാദങ്ങളെ ഒറ്റയടിക്കു മറികടക്കാൻ ലാജിയയിലെ ആ മൺപാത്രം കൊണ്ട് ചൈനയ്ക്കു കഴിഞ്ഞു. 7000 വർഷം മുമ്പു മുതൽ ചൈനയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ചെറുധാന്യങ്ങൾ കൊണ്ടായിരുന്നു ആ പാത്രത്തിലുണ്ടായിരുന്ന നൂഡിൽസ് ഉണ്ടാക്കിയിരുന്നത്.
പെൻസിൽവേനിയ സർവകലാശാലയിലെ ആർക്കിയോ കെമിസ്റ്റ് പാട്രിക് മക്ഗവേൻ അതിനെപ്പറ്റി പറഞ്ഞത്, അത്രയും നീണ്ടു നേർത്ത നൂഡിൽസുണ്ടാക്കാൻ ചില്ലറ മിടുക്കൊന്നും പോരാ എന്നാണ്. ഭക്ഷ്യ സംസ്കരണത്തിലും പാചകരീതികളിലും അക്കാലത്തുതന്നെ ചൈന എത്രത്തോളം മികവുനേടിയിരുന്നു എന്നതിനു തെളിവാണ് ലാജിയയിൽനിന്നു കിട്ടിയ നൂഡിൽസെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ രുചി
ഏതാണ്ട് 2000 വർഷം മുമ്പുതന്നെ ലോകത്തു പലയിടത്തും നൂഡിൽസ് പ്രചാരത്തിലുണ്ടായിരുന്നുവെന്നതിനു തെളിവുകളുണ്ട്. അതിന്റെ ഉദ്ഭവത്തെച്ചൊല്ലി പക്ഷേ തർക്കങ്ങളുണ്ട്. അതിൽ ചൈനയാണ് ഏറ്റവും പ്രബലമായ അവകാശവാദമുന്നയിച്ചിരുന്നത്. പക്ഷേ പാസ്തയാണ് നൂഡിൽസിന്റെ മുൻഗാമി എന്നും അതിനാൽ ഇറ്റലിയിലാണ് നൂഡിൽസ് കണ്ടുപിടിച്ചതെന്നും ചിലർ വാദിക്കുന്നു. മധ്യപൂർവദേശത്തു ജനിച്ച ഈ വിഭവം അറബികൾ വഴി ഇറ്റലിയിലേക്കെത്തിയതാണെന്നും അഭിപ്രായമുണ്ട്. സിൽക്ക് റൂട്ടിലൂടെ വ്യാപാരാവശ്യത്തിനായി സഞ്ചരിച്ചിരുന്ന അറബി കച്ചവടക്കാർ ധാന്യമാവ് ഉണക്കി ഭക്ഷണത്തിനായി കൊണ്ടുപോയിരുന്നത്രേ. അവ ഉരുട്ടി കനംകുറഞ്ഞ നീളൻ കഷണങ്ങളാക്കി ചുട്ടു സൂക്ഷിക്കുമായിരുന്നെന്നും അതാണ് നൂഡിൽസിന്റെ ആദ്യരൂപമെന്നും വാദമുണ്ട്. അവ ചൈനയിലും മെഡിറ്ററേനിയൻ രാജ്യങ്ങളിലും എത്തിയത് അങ്ങനെയാണത്രേ.
തമ്പിയുടെ തിങ്കൾക്കിടാവോ ഭീമന്റെ കൈപ്പുണ്യമോ? അവിയൽ ‘അവിയലായ’ കഥ!
എഡി രണ്ടാം നൂറ്റാണ്ടിലെ, കിഴക്കൻ ഹാൻ രാജവംശ കാലത്തെ ഒരു ഗ്രന്ഥത്തിൽ നൂഡിൽസിനെപ്പറ്റി പരാമർശമുണ്ട്. എഡി അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജറുസലം താൽമൂദിലും (യഹൂദ വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും പാരമ്പര്യത്തെയും പറ്റിയുള്ള നിയമസംഹിത) നൂഡിൽസിനെപ്പറ്റി പറയുന്നു.
13 ാം നൂറ്റാണ്ടിൽ മാർക്കോ പോളോയാണ് ചൈനയിൽനിന്ന് നൂഡിൽസ് ഇറ്റലിയിലെത്തിച്ചതെന്നും അതാണ് ഇറ്റാലിയൻ പാസ്തയുടെ മുൻഗാമിയെന്നും അഭിപ്രായപ്പെടുന്ന ഗവേഷകരുമുണ്ട്. എന്തായാലും ലാജിയയിൽനിന്നു കണ്ടെടുത്ത നൂഡിൽസ് പാത്രം, നൂഡിൽസിനു മേൽ ചൈനയ്ക്കുള്ള അവകാശവാദത്തിനു വളരെയേറെ ബലം പകരുന്നു.
ഗോതമ്പ്, അരി, ഓട്സ്, ചെറുപയർ, റാഗിയടക്കമുള്ള ധാന്യങ്ങൾ തുടങ്ങിയവയെല്ലാം പൊടിച്ച് നൂഡിൽസ് ഉണ്ടാക്കാറുണ്ട്. പാശ്ചാത്യർ പൊതുവേ ഗോതമ്പു കൊണ്ടാണ് നൂഡിൽസുണ്ടാക്കുന്നത്.
ചൈനയുടെ വിഭവം
നൂഡിൽസ് ചൈനയ്ക്കു വെറുമൊരു ഭക്ഷണവിഭവം മാത്രമല്ല. അവരുടെ ചരിത്രവുമായും സാമൂഹിക, സാംസ്കാരിക ജീവിതങ്ങളുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണത്. പുരാതന ചൈനയിൽ നൂഡിൽസിനെ ബിങ് എന്നാണു വിളിച്ചിരുന്നത്. പിന്നീട് പല കാലഘട്ടങ്ങളിൽ അത് പല പേരിലും വിളിക്കപ്പെട്ടു, അതിന്റെ ആകൃതിയും പാചകരീതികളും മാറി. ചൈനയിലെ പല നാടുകൾക്കും അവരുടെ തനതു നൂഡിൽസ് വിഭവങ്ങളും പാചകരീതികളുമുണ്ടായി. ഇന്നും ആ വൈവിധ്യം തുടരുന്നു. ഇന്ന് രണ്ടായിരത്തിലേറെ പാചകരീതികളുണ്ട് നൂഡിൽസ് വിഭവങ്ങൾക്കു മാത്രമായി ചൈനക്കാർക്ക്. ദക്ഷിണ ചൈനയിൽ ധാന്യമാവും താറാമുട്ടയുടെ മഞ്ഞയും ചേർത്താണ് നൂഡിൽസ് ഉണ്ടാക്കുന്നതെങ്കിൽ ഉത്തര ചൈന മേഖലയിൽ ഗോതമ്പുമാവും ആൽക്കലൈൻ ജലവും ചേർത്താണ്. ഉത്തര ചൈനീസ് തീൻമേശയിലെ പ്രധാന ഭക്ഷണമാണ് നൂഡിൽസ്. തെക്കൻ ചൈന മേഖലയെ അപേക്ഷിച്ച് നൂഡിൽസിന്റെ അളവിലും ഗുണത്തിലും അവർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.
ചൈനീസ് ജീവിതത്തിലെ പ്രധാന വേളകളിലെല്ലാം നൂഡിൽസിനു സ്ഥാനമുണ്ട്. ഒരു ഭക്ഷണവിഭവം എന്നതിനപ്പുറം പലപ്പോഴും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ അടയാളം കൂടിയാകുന്നു അത്. പിറന്നാളുകൾക്ക് വളരെ നീണ്ട നൂഡിൽസ് കഴിക്കുന്ന ചടങ്ങുണ്ട് ചൈനയിൽ. ദീർഘായുസ്സുണ്ടാകട്ടെ എന്ന ആഗ്രഹമാണ് അതിനു പിന്നിൽ. വിവാഹവേളയിലും മറ്റും പലതരം രുചികൾ ചേർത്ത സൂപ്പ് നൂഡിൽസ് വിളമ്പും. പുതിയ ജീവിതം ആസ്വാദ്യകരമാകട്ടെ എന്നാണ് അതിനർഥം. ചാന്ദ്ര പുതുവർഷം തുടങ്ങുമ്പോൾ ഡ്രാഗൺ വിസ്കേഴ്സ് നൂഡിൽസ് വിളമ്പും. നൂഡിൽസുമായി ബന്ധപ്പെട്ട് നിരവധി നാടോടിക്കഥകളും ചൈനയിലുണ്ട്.
ബേക്ക് ചെയ്തും വെള്ളത്തിൽ വേവിച്ചും ആവിയിൽ പുഴുങ്ങിയും ഫ്രൈ ചെയ്തും സൂപ്പ് ആയുമൊക്കെ ചൈനക്കാർ നൂഡിൽസ് വിഭവങ്ങളുണ്ടാക്കാറുണ്ട്. ചൗമെയ്ൻ, ലാമിയാൻ, മിസുവ, ലോമെയ്ൻ, യാക്കാ മെയ്ൻ തുടങ്ങിയ വിഭവങ്ങളെല്ലാം നൂഡിൽസ് കൊണ്ടുണ്ടാക്കുന്നവയാണ്. ലിയാങ് മിയാൻ എന്നറിയപ്പെടുന്ന കോൾഡ് നൂഡിൽസും ചൈനക്കാർക്കു പ്രിയപ്പെട്ടതാണ്.
ലോകമാകെ നൂഡിൽസ്
ചൈനീസ് വിഭവമെന്നു പേരുണ്ടെങ്കിലും പല രാജ്യങ്ങളിലും പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ നൂഡിൽസ് വിഭവങ്ങളുണ്ട്. ഉഡോൺ, റാമെൻ നൂഡിൽസ് സൂപ്പ് (ജപ്പാൻ), ബക്‌വീറ്റ് നൂഡിൽസ് (കൊറിയ), കുയ് തീവ് (കംബോഡിയൻ നൂഡിൽസ് സൂപ്പ്), കെസ്മേ (ടർക്കിഷ് എഗ് നൂഡിൽസ്), ആഷ് റഷ്തെ (പേർഷ്യൻ), പാസ്ത (ഇറ്റലി), സ്പെറ്റ്സ്ലൊ (ജർമനി, ഓസ്ട്രിയ, ഹംഗറി), ഗുതുക് (ടിബറ്റൻ നൂഡിൽസ് സൂപ്പ്), പഡ്തായ് (തായ്‌ലൻഡിലെ പ്രശസ്തമായ ഫ്രൈഡ് റൈസ് നൂഡിൽസ് വിഭവം), പാൻസിറ്റ് (ഫിലിപ്പീൻസ്) തുടങ്ങിയവയെല്ലാം പ്രശസ്തമായ നൂഡിൽസ് വിഭവങ്ങളാണ്.
ഇന്ത്യയിലും ഇന്നു നൂഡിൽസിനു വലിയ വിപണിയുണ്ട്. നെസ്‌ലേയുടെ മാഗി, സൺഫീസ്റ്റ് കമ്പനി ഇറക്കുന്ന യിപ്പീ, നിസ്സിന്റെ ടോപ് രാമെൻ തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡുകൾ. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും മാത്രമല്ല, ഗ്രാമങ്ങളിൽ പോലും ഇൻസ്റ്റന്റ് നൂഡിൽസിനു പ്രിയമുണ്ട്.
വെജ് ഹക്ക നൂഡിൽസ് പാചകക്കുറിപ്പ് വിഡിയോ
ചേരുവകൾ
• നൂഡിൽസ് - 300 ഗ്രാം
• ഉപ്പ് - 1/2 ടീസ്പൂൺ
• ഓയിൽ - 1 - 2 ടേബിൾസ്പൂൺ
• വെള്ളം - 1 1/2 ലിറ്റർ
• ഓയിൽ - 2 - 3 ടേബിൾസ്പൂൺ
• പഞ്ചസാര (ഓപ്ഷണൽ) - 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) - 5
• ഇഞ്ചി (അരിഞ്ഞത്) - 1 ഇഞ്ച്
• സവാള (അരിഞ്ഞത്) - 2 മീഡിയം
• ഉപ്പ് - ആവശ്യത്തിന്
• കാരറ്റ് (അരിഞ്ഞത്) - 1 മീഡിയം
• കാബേജ് (അരിഞ്ഞത്) - 1 കപ്പ്
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• കാപ്‌സിക്കം (അരിഞ്ഞത്) - 1 മീഡിയം
• മഷ്റൂം (അരിഞ്ഞത്) - 100 ഗ്രാം
• സ്പ്രിങ് ഒണിയൻ - 2 ടേബിൾസ്പൂൺ
• സോയ സോസ് - 1 ടേബിൾസ്പൂൺ
• റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ
• വിനാഗിരി (ഓപ്ഷണൽ) - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
• ഒരു ഫ്രൈയിങ് പാനിൽ വെള്ളം തിളപ്പിച്ച ശേഷം ഉപ്പും ഓയിലും നൂഡിൽസും ചേർത്തു വേവിക്കാം, ശേഷം വെള്ളം ഊറ്റുക, നൂഡിൽസിലോട്ട് തണുത്ത വെള്ളം ഒഴിച്ച് വീണ്ടും അരിച്ച് എടുക്കാം.
•ചൂടായ ഫ്രൈയിങ് പാനിൽ ഓയിൽ ചേർത്തശേഷം പഞ്ചസാര, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് 1 മിനിറ്റ് ഇളക്കുക, ശേഷം സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.
ഇതിലേക്കു കാരറ്റ്, കാബേജ്, കാപ്‌സിക്കം, മഷ്റൂം, കുരുമുളകുപൊടി എന്നിവ ചേർത്തു 3 - 4 മിനിറ്റ് ഇളക്കുക, ശേഷം സ്പ്രിങ് ഒണിയൻ, സോയ സോസ്, റെഡ് ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്തു നന്നായി ഇളക്കിയ ശേഷം വേവിച്ച നൂഡിൽസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക.
• ഒരു പാത്രത്തിൽ നൂഡിൽസ് ഇട്ട് മുകളിലായി സ്പ്രിങ് ഓണിയൻ അരിഞ്ഞതു ചേർത്ത് അലങ്കരിക്കുക. ചൂടോടെ വിളമ്പാം.
Content Summary : The Story of Noodles, Foodprints tells the story of some of the world's most famous dishes.