പരിപ്പുവടയും കട്ടൻ ചായയും: മറന്നോ ആ കിടിലൻ കോംബിനേഷൻ?
Mail This Article
എണ്ണയിൽ പാകത്തിനു മൊരിഞ്ഞ പരിപ്പു വടയും ഒപ്പം ചൂടൻ കട്ടൻ ചായയും പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനുവായിരുന്നു. മേമ്പൊടിക്ക് ചൂടൻ രാഷ്ട്രീയ ചർച്ചകളും. മൊരിഞ്ഞ പരിപ്പു ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളകിൽ കടിച്ചാലോ, സംഗതി മാറും. നാവിന്റെ തുമ്പത്തുള്ള എരിവും ചൂടു കട്ടൻചായ തീർക്കുന്ന നേർത്ത പൊള്ളലും ചിലപ്പോൾ കണ്ണു നിറയ്ക്കും. എങ്കിലും ആ കിടിലൻ കോംബിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക് വീട്ടിൽ തയാറാക്കാം നാടൻ പരിപ്പുവട.
ആവശ്യമായ ചേരുവകൾ
വട പരിപ്പ്/ ചന ദാൽ /പീസ് ദാൽ – 250 ഗ്രാം
വറ്റൽമുളക് – 4 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – വലിയ ഒരു കഷണം
സവാള– 2 വലുത്
കറിവേപ്പില – 2 തണ്ട്
ഉപ്പ് – പാകത്തിന്
കായപ്പൊടി – അര ടീസ്പൂൺ
പെരുംജീരകം – 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
തയാറാക്കുന്ന വിധം
പരിപ്പ് കഴുകി 2–3 മണിക്കൂര്‍ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. 3 മണിക്കൂർ കഴിഞ്ഞ് വെള്ളം പൂർണമായും വാർത്തെടുക്കുക. അതിൽ നിന്നു രണ്ടുമൂന്ന് ടേബിൾ സ്പൂൺ പരിപ്പ് മാറ്റി വയ്ക്കുക. ബാക്കി പരിപ്പ് െവള്ളം ചേർക്കാതെ അരച്ചെടുക്കുക. പേസ്റ്റ് പരുവത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. വറ്റൽമുളകും ഇഞ്ചിയും ചതച്ചു പരപ്പിൽ ഇട്ട് മാറ്റിവച്ച പരിപ്പ് ചേർത്തു കൊടുക്കുക. അരിഞ്ഞു വച്ച് സവാള, പച്ചമുളക്, കറിവേപ്പില, ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. പരിപ്പുവടയ്ക്കായി തയാറാക്കിയ കൂട്ട് ഓരോ നാരങ്ങാ വലുപ്പത്തിൽ കൈവെള്ളയിൽ പരത്തിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഇളം ചൂടിൽ രണ്ടുവശവും മൊരിച്ചു കോരുക.
Content Summary : Parippu Vada Recipe by Chef Suresh Pillai