ADVERTISEMENT

കേരളത്തിന്റെ ശീതകാലകൃഷിയിടമാണ് വട്ടവട. മൂന്നാറിനിന്നു 45 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശം. തട്ടുതട്ടായ കൃഷിയിടങ്ങളാണ് ഈ ഗ്രാമത്തിന്റെ മുഖംമുദ്ര. ഓരോ സീസണിലും ഓരോതരം പച്ചക്കറികളും പഴങ്ങളും ഇവിടെ ലഭ്യമാണ്. വേനൽചൂടിലും ഈ മണ്ണിൽ കാലു കുത്തുമ്പോൾ പൊതിയുന്നൊരു തണുപ്പുണ്ട്. മൂന്നാറിനെക്കാൾ തണുപ്പാണിവിടെ. ഫാമുകളിൽ സ്ട്രോബറി, പാഷൻ ഫ്രൂട്ട്, കാബേജ്, ബട്ടർ ബീൻസ് എന്നിവ വിളഞ്ഞു കിടക്കുന്നു. ആവശ്യാനുസരണം ഫ്രഷായി കർഷകരിൽനിന്നു വാങ്ങിക്കാം.

Strawberry
Strawberry

പാചകത്തിന്റെ രുചിക്കൂട്ടുകൾ തേടിയുള്ള യാത്ര, മലകയറി വട്ടവടയിലെ ഗ്രീൻവാലി റിസോർട്ടിനടുത്തുള്ള രേഖയുടെ ഫാമിലേക്കാണ് എത്തിയത്, അവിടെ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കൃഷിത്തോട്ടത്തിലെ പഴുത്തുതുടുത്ത സ്ട്രോബറിപ്പഴങ്ങൾ ആരെയും മോഹിപ്പിക്കും. മധുരവും പുളിയും പാകത്തിന്...

strawberry-farm-vattavada
വട്ടവട കോവില്ലൂരിലെ സ്ട്രോബറി ഫാം.

എങ്കിൽപിന്നെ ഒരു കുൽഫിക്കുള്ള പഴങ്ങൾ പറിച്ചേക്കാമെന്നായി ഷെഫ് സിനോയിയും ഷെഫ് ഷിബിനും. കിലോയ്ക്ക് 600 രൂപയ്ക്കാണ് സ്ട്രോബറി ഇവിടെ വിൽക്കുന്നത്. സഞ്ചാരികൾക്കു കൊടുത്തിട്ടു ബാക്കിവരുന്ന സ്ട്രോബറി ഉപയോഗിച്ച് ജാം, വൈൻ എല്ലാം ഇവിടെ വിൽപനയ്ക്കായി തയാറാക്കുന്നുണ്ട്.

എങ്കിൽപിന്നെ ചൂടു കുറയ്ക്കാൻ ഒരു സൂപ്പർ സ്ട്രോബറി കുൽഫി തയാറാക്കിയാലോ?

Vattavada, Munnar
Strawberry

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ട്രോബറി കുൽഫി കൃത്രിമ ചേരുവകളൊന്നും ചേർക്കാതെ വെറും മൂന്നു ചേരുവകൾ  മാത്രം വച്ചാണ് തയാറാക്കുന്നത്. സംഗതി സിംപിളാണ്; അടിപൊളി ടേസ്റ്റും. 

ചേരുവകൾ

  • പഴുത്ത സ്ട്രോബറി – 20 എണ്ണം
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • പാൽ – 1 ലീറ്റർ
  • ഏലയ്ക്ക പൊടിച്ചത് – 1 നുള്ള്

തയാറാക്കുന്ന വിധം

Strawberry
Strawberry

ആദ്യം സ്ട്രോബറി മുറിച്ച്  ഒരു പാനിലിട്ട് ചൂടാക്കുക. അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തു നന്നായി ഇളക്കുക. ഈ സമയം മറ്റൊരു പാത്രത്തിൽ ഒരു ലീറ്റർ പാല്‍ തിളപ്പിക്കുക. പാൽ തിളച്ച് അര ലീറ്റർ ആകുമ്പോള്‍ ഇതിലേക്ക് 200 മില്ലി ഗ്രാം ക്രീമും ഒരു നുള്ള് ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. സ്ട്രോബറി 20 മിനിറ്റ് നേരം പാകം ചെയ്തു നന്നായി വെന്തു വരുമ്പോൾ തീ ഓഫ് ചെയ്ത്, മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ശേഷം അരിച്ചെടുത്ത പാലിലേക്ക് (പാൽ തണുത്തതിനു ശേഷം മാത്രം) ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിനുശേഷം ഇത് ഒരു മോൾഡിലേക്ക് ഒഴിച്ച് അലുമിനിയം ഫോയിൽ വച്ച് കവർ ചെയ്ത് ഒരു സ്റ്റിക്കും കൂടി വച്ച് എട്ടുമണിക്കൂറെങ്കിലും ഫ്രീസറിൽ വയ്ക്കുക. നാച്ചുറല്‍ കുൽഫി റെഡി. കുട്ടികൾക്ക് ഇത് ഒരുപാടിഷ്ടമാകും.  

ഐസ്ക്രീമിനെ വെല്ലുവിളിക്കുന്ന ഇന്ത്യൻ ഐസ്ക്രീം – അതാണ് കുൽഫി

കിഴക്കൻ രാജ്യങ്ങളിലെ ഐസ്ക്രീമിനെ വെല്ലുവിളിക്കുന്ന ഇന്ത്യൻ ഐസ്ക്രീം, അതാണ് കുൽഫി. ഐസ്ക്രീമുമായി സാമ്യമുണ്ടെങ്കിലും കുൽഫിയിൽ  കൂടുതൽ കൊഴുപ്പുമുള്ളതും ക്രീമിയുമാണ്. പാലിൽനിന്നുണ്ടാക്കുന്ന തണുപ്പിച്ച ഡെസ്സേർട്ട് എന്നാണ് കൂടുതൽ കൃത്യമായ വിശേഷണം. അതുകൊണ്ടുതന്നെ ഐസ്ക്രീം പോലെ ഛടേന്ന് ഉരുകിയൊലിച്ചുപോവുകയുമില്ല. വിദേശികൾ റഫ്രിജറേറ്ററും ഫ്രീസറുമൊക്കെ കണ്ടുപിടിക്കുന്നതിനൊക്കെ എത്രയോ മുൻപ് നമ്മുടെ നാട്ടിൽ കുൽഫി ഉണ്ടാക്കിയിരുന്നു. 16 – ാം നൂറ്റാണ്ടിൽ മുഗൾ രാജവംശത്തിൽ പിറന്ന രാജകുമാരിയാണ് നമ്മുടെ കുൽഫി. 

Strawberry Kulfi
സ്ട്രോബറി കുൽഫി.

പാലിൽ കുങ്കുമപ്പൂവു ചേർത്ത് കുഴമ്പുരൂപത്തിലുള്ള ഐസിൽ വെച്ച് തണുപ്പിച്ചെടുക്കുന്ന കുൽഫിയെക്കുറിച്ച് ഐൻ–ഇ– അക്ബരിയിൽ പരാമർശിക്കുന്നുണ്ട്. പണ്ടുമുതൽ പാൽ തുടർച്ചയായി കുറുക്കിക്കുറുക്കിയെടുത്താണ് കുൽഫിയുണ്ടാക്കുന്നത്. കുൽഹർ എന്നു പേരുള്ള ചെറിയ മൺപാത്രത്തിലാക്കിയാണ് പരമ്പരാഗതമായി കുൽഫി വിളമ്പുക. 

Content Summary : This summer, chill your souls with this kulfi made of freshly plucked strawberries.

strawberry-kulfi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com