മൺചട്ടിയിലെ ചെമ്മീൻ തോരൻ കൂട്ടിയിട്ടുണ്ടോ? ഉൗണ് ഗംഭീരം; രുചിക്കൂട്ടിന്റെ വിഡിയോ
Mail This Article
ചെമ്മീൻ റോസ്റ്റായും ഫ്രൈയായും കഴിച്ചിട്ടുണ്ടെങ്കിലും തോരൻ ഇതാദ്യമാകും. വ്യത്യസ്ത രുചിയിൽ ഊണ് ഗംഭീരമാക്കാൻ ഇരുമ്പൻ പുളിയിട്ട ചെമ്മീൻ തോരൻ തയാറാക്കിയാലോ, വ്യത്യസ്ത രുചിയിൽ വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാം. ഇരുമ്പൻ പുളിക്കു പകരം കുടംപുളി അല്ലെങ്കിൽ മാങ്ങ ചേർത്തും ഈ തോരൻ തയാറാക്കാം. മൺചട്ടിയിലാണ് ഇൗ കൂട്ട് തയാറാക്കുന്നത്. ചെമ്മീൻ തോരൻ രുചിക്കൂട്ട് ഒരുക്കുന്നത് ഷെഫ് സിനോയ് ജോണും ഷെഫ് രാഹുലും ചേർന്നാണ്.
ചേരുവകൾ
∙ചെമ്മീൻ – 1 കിലോ
∙വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
∙വറ്റൽ മുളക് – 4–5 എണ്ണം
∙കടുക്
∙ഉപ്പ്
∙ചെറിയുള്ളി – 6–8 എണ്ണം
∙സവാള – 1 എണ്ണം
∙വറ്റൽ മുളക്, കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
∙മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
∙ഇരുമ്പൻ പുളി
∙തേങ്ങ ചിരകിയത് – 1/2 മുറി തേങ്ങയുടേത്
തയാറാക്കുന്ന വിധം
സ്റ്റൗ കത്തിച്ച് മൺചട്ടി ചൂടായ ശേഷം അതിലേക്കു മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ചു കടുകിട്ടു കൊടുക്കുക. കടുക് പൊട്ടിയതിനു ശേഷം വറ്റൽമുളകും കറിവേപ്പിലയും ചെറിയുള്ളിയും (ചെറിയുള്ളി അരിയാെത വേണം ഇടാൻ) കൂടി ഇട്ട് ഒന്നു വാടിയതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും കുറച്ച് ഉപ്പും കൂടി ചേർക്കുക. സവാള വാടിവരുമ്പോൾ ഇതിലേക്ക് രണ്ടു ടീസ്പൂൺ മുളകിട്ട് (എരുവിനായി പത്തൽ മുളക് ചതച്ചതും കുരുമുളക് ചതച്ചതും ആണ്) കൊടുക്കുക.
മുളക് മൂത്തു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും വൃത്തിയാക്കിയ ചെമ്മീനും (മഞ്ഞൾപൊടിയും ഉപ്പും വിനാഗിരിയും ചേർത്ത് കഴുകി വൃത്തിയാക്കിയത്) അതിന്റെ കൂടെ തന്നെ ചെറുതായി അരിഞ്ഞ ഇരുമ്പൻ പുളിയും ചേർത്ത് നന്നായി ഇളക്കി തീ കുറച്ച് പാത്രം തുറന്നു വച്ച് വേവിക്കുക (ചെമ്മീനിൽ നിന്ന് ഒരുപാട് വെള്ളം ഇറങ്ങാതിരിക്കാനാണ് തുറന്നു വച്ച് വേവിക്കുന്നത്). ഒട്ടും വെളളം ചേർക്കരുത്. ചെമ്മീനിൽ നിന്ന് വെള്ളമിറങ്ങി പുളിയും വെന്ത് ചെമ്മീൻ പകുതി വേവാകുമ്പോൾ അതിലേക്ക് അരമുറി ചിരകിയ തേങ്ങ കൂടി ചേർത്ത് പൊത്തി വയ്ക്കുക. പാത്രം തുറന്നു വച്ച് വെള്ളം മുഴുവൻ വറ്റി വരുമ്പോൾ (2–5 മിനിറ്റ്) പുളിയിട്ട ചെമ്മീൻ തോരൻ റെഡി.
English Summary: Prawns Thoran Recipe