ഇതിൽ താരം ചെമ്മീൻ അല്ല, വെറൈറ്റിയാണ് ഇൗ തീയൽ
Mail This Article
തേങ്ങ വറുത്തരച്ച തീയൽ സൂപ്പറാണ്. മിക്കവരും ചെമ്മീൻ തീയൽ തയാറാക്കാറുണ്ട്. ചെമ്മീൻ മാത്രമല്ല മീൻ തീയലും രുചിയേറിയതാണ്. തെരണ്ടി അഥവാ സ്രാവ് അങ്ങനെയുള്ള മീനുകള്‍ തീയൽ വയ്ക്കാൻ അടിപൊളിയാണ്, രസികൻ രുചിയിൽ മീൻ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
സ്രാവ് – 1
അരപ്പിനു വേണ്ട ചേരുവകൾ
തേങ്ങ ചിരകിയത് – 1 തേങ്ങയുടേത്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഉണക്കമുളക് – 8 എണ്ണം
കറിവേപ്പില
കുരുമുളക് – 1 ടീസ്പൂൺ
ചെറിയുള്ളി – 20 ഗ്രാം
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
തീയലിനു വേണ്ട ചേരുവകൾ
കടുക് – 1 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
ഇഞ്ചി – 20 ഗ്രാം
പച്ചമുളക് – 8 എണ്ണം
ചെറിയുള്ളി– 50 ഗ്രാം
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
വെളളം
കുടംപുളം – 25–30 ഗ്രാം (6 കഷണങ്ങൾ)
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
സ്റ്റൗ കത്തിച്ച് പാൻ വച്ച് അതിലേക്കു തേങ്ങാപ്പീരയും (ഒരു തേങ്ങയുടേത്) രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് എട്ട് ഉണക്കമുളകും കറിവേപ്പിലയും ഒരു ടീസ്പൂൺ കുരുമുളകും 20 ഗ്രാം ചെറിയുള്ളിയും ഇതെല്ലാം കൂടി വറുത്ത് മൂത്തു വരുമ്പോൾ അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അരടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അതിന്റെ പച്ചമണം മാറി വരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ അൽപം വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക.
ശേഷം സ്റ്റൗ കത്തിച്ച് ഒരു ഉരുളിയിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും 20 ഗ്രാം ഇഞ്ചിയും (നീളത്തിൽ അരിഞ്ഞത്) രണ്ടായി കീറിയ പച്ചമുളകും (8 എണ്ണം) രണ്ടായി മുറിച്ച ചെറിയുള്ളിയും (50 ഗ്രാം) കറിവേപ്പിലയും കൂടി ഇട്ട് ചെറുതായി ഒന്നു വാടിവരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം (തേങ്ങയിൽ പൊടികൾ ചേർത്തതുകൊണ്ട് വളരെ കുറച്ചു മസാല ചേർത്താൽ മതിയാകും) അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഇതിന്റെ പച്ചമണം പോകുന്നതു വരെ കുക്ക് ചെയ്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്തു കൊടുക്കുക. വെളളം തിളച്ചു വരുമ്പോൾ 30 ഗ്രാം കുടംപുളി (വെളളത്തിൽ ഇട്ടുവച്ചത്) വെള്ളത്തോടു കൂടി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതൊന്നു തിളച്ചു വരുമ്പോൾ നേരത്തെ തയാറാക്കി വച്ചിരുന്ന അരപ്പിന്റെ പകുതി ഇതിലേക്ക് ചേർത്തു കൊടുക്കുക. അരപ്പ് നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പു (3/4 ടീസ്പൂൺ) ചേർക്കാം. ഉപ്പും വിനാഗിരിയും മഞ്ഞൾപൊടിയും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങൾ ഇതിലേക്ക് ഇട്ടുകൊടുത്ത് 5 മിനിട്ട് നല്ല തീയിലും 5 മിനിട്ട് ചെറിയ തീയിലും കുക്ക് ചെയ്യുക. തീ ഓഫ് ചെയ്തതിനു ശേഷം കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. സ്രാവ് തീയൽ റെഡി.
English Summary: Shark Theeyal Recipe