ആരാണ് ആ ഭാഗ്യവാൻ! സൗജന്യമായി ജീവിതകാലം മുഴുവൻ സാൻഡ്‌വിച്ചുകൾ
Mail This Article
ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ ഏവരുടെയും പ്രിയപ്പെട്ട ബ്രാൻഡാണ് സബ്‌വേ. സാൻഡ്‌വിച്ചുകളുടെ രുചികരമായ ലോകം രാജ്യാന്തര തലത്തിൽ തുറന്നിട്ടതിൽ സബ്‌വേയുടെ പങ്ക് ചെറുതല്ല. ഒരിക്കലെങ്കിലും ആ രുചി അറിയണമെന്ന് ആഗ്രഹിക്കുന്ന സാൻഡ്‌വിച്ച് പ്രേമികൾക്കും രുചി അറിഞ്ഞിട്ടുള്ളവർക്കും മുമ്പിൽ ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് സബ്‌വേ. എന്താണ് ആ ഓഫർ എന്നല്ലേ? ജീവിതകാലം മുഴുവൻ ഒരു ഭാഗ്യവാന് തങ്ങളുടെ സാൻഡ്‌വിച്ചുകൾ സൗജന്യമായി നൽകും. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സബ്‌വേ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കേരളത്തിൽ ഇവിടെ മാത്രമാണ് ഈ ബിരിയാണി
''സബ്‌വേയുടെ പുതിയ ഡെലി ഹീറോസിനെ നിങ്ങൾക്ക് എത്രമാത്രം ഇഷ്ടമാണ്? നിങ്ങളുടെ പേര് സബ്‌വേ എന്നാക്കി മാറ്റി, ജീവിതകാലം മുഴുവൻ എല്ലാം സൗജന്യമായി നേടാൻ നിങ്ങൾ തയാറാണോ? അതിനുള്ള അവസരം ഇതാ..''സബ്‌വേയുടെ വെബ്‌സൈറ്റിൽ തങ്ങളുടെ ഓഫറിനെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് അവർ കുറിച്ചത് ഇപ്രകാരമാണ്. നിയമപരമായി തങ്ങളുടെ പേര് ''സബ്‌വേ'' എന്നാക്കി മാറ്റുന്നവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. മത്സരാത്ഥികൾക്കു 'സബ്‌വേനെയിംചേഞ്ച്.കോം' എന്ന വെബ്സൈറ്റ് ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സന്ദർശിച്ച്, ഈ മത്സരത്തിൽ പങ്കെടുക്കാം. സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് സബ്‌വേ ആജീവനാന്തം തങ്ങളുടെ സാൻഡ്‌വിച്ചുകൾ സൗജന്യമായി നൽകുന്നത്. നിയമപരമായി പേര് മാറ്റാനായി വന്ന ചെലവ് മുഴുവനും സബ്‌വേ തിരികെ നൽകുകയും ചെയ്യും.
യു എസിലെ 18 വയസു പൂർത്തിയായവർക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. പേര് മാറ്റുന്നതിനായി ചെലവായ തുകയ്ക്ക് പകരമായി, വിജയിക്ക് സബ്‌വേ 750 ഡോളറിന്റെ ചെക്കോ പ്രീപെയ്ഡ് കാർഡോ തിരികെ നൽകും. മാത്രമല്ല, 50000 ഡോളർ മൂല്യമുള്ള സബ്‌വേ ഗിഫ്റ്റ് കാർഡും വിജയിക്ക് ഉണ്ട്. ഈ കാർഡ് ഉപയോഗിച്ച് ജീവിതകാലം മുഴുവനും സബ്‌വേയിൽ ലഭ്യമാകുന്ന ഭക്ഷണമെല്ലാം വാങ്ങാവുന്നതാണ്. ഇന്ത്യൻ രൂപ ഏകദേശം 41.8 ലക്ഷമാണ് വിജയിയ്‌ക്കു ലഭിക്കുക.
സബ്‌വേ ഇത്തരം ഒരു മത്സരം മുന്നോട്ടു വെയ്ക്കുന്നത് ഇതാദ്യമല്ല. 2022 ജൂലൈയിലും ഒരു മത്സരം നടത്തിയിരുന്നു. ശരീരത്തിൽ സബ്‌വേ എന്ന് ടാറ്റൂ ചെയ്തു വരണമെന്നതായിരുന്നു അന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധന. ടാറ്റൂവിന്റെ വലുപ്പം അനുസരിച്ചായിരുന്നു വിജയികളെ കണ്ടെത്തി സമ്മാനം നൽകിയിരുന്നത്. ഏകദേശം നൂറോളം രാജ്യങ്ങളിൽ സബ്‌വേയുടെ റസ്‌റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
English Summary: Subway is offering sandwiches free for lifetime