ബലൂൺ പൊറോട്ട! ഇതെന്താ കാറ്റ് നിറച്ചതാണോ? വെറൈറ്റി തന്നെ
Mail This Article
ബൺ പൊറോട്ട, കൊത്തു പൊറോട്ട, ചില്ലി പൊറോട്ട അങ്ങനെ പല വെറൈറ്റിയിലുള്ള പൊറോട്ടകൾ കഴിച്ചിട്ടുണ്ട്. മലയാളികളെ സത്യത്തിൽ പൊറോട്ടയുടെ ബ്രാൻഡ് അംബാസിഡർ എന്നു വിളിച്ചാലും ദോഷം പറയാൻ പറ്റില്ല. കാരണം നമുക്ക് പൊറോട്ടയോടുള്ള ആത്മബന്ധം അളക്കാനാവാത്തതാണ്. എങ്കിൽ പൊറോട്ട പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു വെറൈറ്റി പൊറോട്ടയിതാ. ബലൂൺ പൊറോട്ട. പേരുപോലെതന്നെ വീർപ്പിച്ച ബലൂൺ പോലെയിരിക്കും ഈ പൊറോട്ട.
കുംഭകോണത്തെ വളരെ പ്രശസ്തമായ ഒരു ചെറിയ ചായക്കടയിലെ ബലൂൺ പൊറോട്ട ഉണ്ടാക്കൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായിരിക്കുകയാണ്. ബലൂൺ പോലെ വീർത്തിരിക്കുന്ന പൊറോട്ട കാണാൻ തന്നെ ബഹുരസമാണ്. അത് ഉണ്ടാക്കുന്ന രീതി ആകട്ടെ വേറിട്ടതും. വിഡിയോയിൽ കുംഭകോണം അണ്ണാ നഗറിൽ ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന ദേവൻ ടീ ഷോപ്പ് എന്ന ഒരു ചെറിയ ചായക്കടയിൽ പൊറോട്ട ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ്. ഒരു ദിവസം പൊറോട്ട ഉണ്ടാക്കാൻ ഏകദേശം നൂറ് കിലോ മാവാണ് ഇവിടെ എടുക്കുന്നത്. ഇനി പൊറോട്ട ഉണ്ടാക്കുന്ന കാര്യമാണെങ്കിൽ പത്തു പേരാണ് ഇതിനുവേണ്ടി മാത്രം ഇവിടെ ജോലി ചെയ്യുന്നത്.
25 വർഷത്തിൽ അധികമായി ഈ ചായക്കട ഇവിടെ പ്രവർത്തിക്കുന്നു പൊറോട്ടയുടെ കൂടെ അവരുടെ നാടൻ ഒഴിച്ചു കറി ഉണ്ടെങ്കിലും അവിടെ ഉണ്ടാക്കുന്ന സ്പെഷ്യൽ കടലക്കറി ചോദിച്ചു വാങ്ങി കഴിക്കണം എന്നും വിഡിയോയിൽ പറയുന്നുണ്ട്. ബലൂൺ പൊറോട്ടയും കടലക്കറിയും ആണത്രേ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ കോമ്പിനേഷൻ. രാവിലെ തന്നെ പൊറോട്ട ഉണ്ടാക്കുന്ന ജോലികൾ ആരംഭിക്കും. ഉച്ചയോടുകൂടി ഇവിടെ തിരക്ക് വന്നു തുടങ്ങും. പല നാടുകളിൽ നിന്നും ഈ ചായക്കടയിലെ ബലൂൺ പൊറോട്ടയുടെ ഖ്യാതി കേട്ടറിഞ്ഞു നിരവധി പേരാണ് ഇവിടെയെത്തി അത് രുചിച്ചു നോക്കുന്നത്.
English Summary: Eatouts Balloon Paratha in Kumbakonam