കൊച്ചിയിലുണ്ട് ഹംസയുടെ നെയ്ച്ചോർ കട; രുചിയൂറും നെയ്ച്ചോറും ബീഫുവരട്ടിയതും
Mail This Article
കൊച്ചിയിലുള്ളവർക്കും നല്ല കോഴിക്കോടൻ രുചിയിലെ നെയ്ച്ചോറും ബീഫുവരട്ടിയതും കിട്ടും അതും ബജറ്റ് ഫ്രണ്ട്‍ലി അടിപൊളിയൊരു ആംബിയൻസിൽ. മലബാറിലെ കല്യാണപുരകളിൽ തലേരാത്രി പോയാൽ കിട്ടുന്നൊരു സുഗന്ധമുണ്ട്. പാകത്തിന് വെന്ത നെയ്ച്ചോറിന്റെ ആ സൗരഭ്യത്തിനൊപ്പം കൂട്ടിനെത്തുക നല്ല ബീഫു കറിയുടെ മയക്കുന്ന മണമാകും. ചെമ്പിൽ നിന്ന് ആവിപറക്കുന്ന നെയ്ച്ചോറ് പാത്രത്തിലേക്ക് വിളമ്പുമ്പോൾ തന്നെ ഒരു പിടി വാരുന്ന നമുക്ക് ആ പൊള്ളുന്ന ചൂടൊന്നും ഒരു വിഷയമായിരിക്കില്ല, കാരണം അത്ര രുചിയാണാ ചോറിനും കറിയ്ക്കും. എങ്കിൽ മലബാറിന്റെ തനത് രുചിയിൽ നെയ്ച്ചോറും കോഴിയും ബീഫുമെല്ലാം കിട്ടുന്നൊരു സ്പോട്ടുണ്ട് കൊച്ചിയിൽ. കുറച്ചുനാളായ് വ്ലോഗർമാരുടേയും യൂടുബർമാരുടേയും മില്യൺ വ്യൂ ഈറ്റ് ഔട്ട് കൂടിയാണ് എറണാകുളം പാടിവട്ടത്തുള്ള പൈപ്പ്ലൈൻ റോഡിലെ ഹംസാസ് നെയ്ച്ചോറ് കട.
അങ്ങനെ വലിയ വിഭവങ്ങളോ മെനുവോ ഒന്നുമില്ലാത്തൊരു കുഞ്ഞുകടയാണിത്. നെയ്ച്ചോറ്, ചിക്കൻ പൊരിച്ചത്, കോഴിക്കറി പിന്നെ ബീഫ് വരട്ടിയത്. ഇത്രയുമേ ഇവിടെ ഉള്ളുവെങ്കിലും നല്ല തിരക്കാണിവിടെ ഈ വിഭവങ്ങൾ കഴിക്കാൻ. പഴയൊരു ഓടിട്ട വീട് ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. മുറികളിൽ അവിടവിടെയായി നിരത്തിയിരിക്കുന്ന ബഞ്ചിലിരുന്ന് ആ കൊതിയൂറും വിഭവങ്ങൾ ആസ്വദിക്കാം. ഉച്ചനേരത്താണ് ഇവിടെ തിരക്കേറുക. അൺലിമിറ്റഡായി ലഭിക്കുന്ന നെയ്ച്ചോറിന് വെറും 70 മാത്രമാണ് വില. ഇതിനൊടൊപ്പം അവരുടെ സ്പെഷ്യൽ ഗ്രേവിയും സാലഡും ലഭിക്കും. കൂടെ കഴിക്കാനാണ് നേരത്തെ പറഞ്ഞ താരങ്ങൾ അണിനിരക്കുക. ചിക്കൻ കറിയ്ക്കും ബിഫുകറിയ്ക്കും 100 രൂപയാണ്. ചിക്കൻ പൊരിച്ചതിന് 70 രൂപയും. വയറുനിറയെ നെയ്ച്ചോർ കഴിച്ചുകഴിഞ്ഞാൽ നല്ലൊരു സുലൈമാനികൂടി ഇവിടെ നിന്നും കുടിയ്ക്കാം.
കൊച്ചി നഗരത്തിൽ നിന്നും മാറിയാണ് ഹോട്ടലെങ്കിലും നിരവധിപ്പേർ ഹംസയുടെ നെയ്ച്ചോർ തേടി ഇവിടെയെത്തുന്നുണ്ട്. നെയ്ച്ചോറും ബീഫും പൊതുവെ ഏല്ലാവർക്കും ഇഷ്ടപ്പെടുന്നൊരു കോമ്പിനേഷൻ ആയതുകൊണ്ടും കൊച്ചിയിൽ അത് കിട്ടുന്ന നല്ല ഇടങ്ങളൊന്നും അധികം ഇല്ലാത്തതും ഹംസയുടെ നെയ്ചോർ കടയെ വ്യത്യസ്തമാക്കുന്നു. കൈമ അരിയിലാണ് ഇവിടെ നെയ്ച്ചോർ പാകം ചെയ്യുന്നത്. അതുപോലെ ബീഫുകറി നല്ല കുരുമുളകിന്റെ അകമ്പടിയോടെ വിളമ്പുന്നു. അൺലിമിറ്റഡ് എന്നുപറഞ്ഞാൽ എത്ര വേണമെങ്കിലും ചോദിച്ചാൽ ഇവിടെ നമുക്ക് നെയ്ച്ചോർ കിട്ടും. ഉച്ചയ്ക്ക് 12.30 മുതൽ വെകുന്നേരം 4 മണിവരെ ഇവിടെ നെയ്ച്ചോറും കറികളും ലഭിക്കും. ഞായറാഴ്ച്ച അവധിയാണ്. അപ്പോൾ കൊച്ചികാമാനിറങ്ങുമ്പോൾ ഉച്ചയ്ക്ക് നല്ല കിടിലൻ നെയ്ച്ചോറും കറികളും കഴിയ്ക്കാൻ നേരെ ഹംസയുടെ കടയിലേയ്ക്ക് പോകാം.
English Summary: Ghee Rice Beef Curry in kochi