ADVERTISEMENT

ബിരിയാണിയുടെ രുചി തേടി ഒരു യാത്ര തുടങ്ങുകയാണെങ്കിൽ അത് കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്ന് തന്നെ ആരംഭിക്കണം. മസാലയുടെ കുത്തുന്ന മണമില്ലാത്ത, വയനാടൻ കൈമയരിയിൽ വെന്തു പാകമായിരിക്കുന്ന ബിരിയാണിയുടെ ദം പൊട്ടിച്ചു കൊണ്ട് തലശ്ശേരിയിൽ നിന്നുമാണ് ആ യാത്രയുടെ ആരംഭം. കോഴിക്കോടും മലപ്പുറവും മലബാറിന്റെ സ്വന്തം ബിരിയാണി വാസനയുമായി ജില്ലകൾ കടക്കുവോളം കൂട്ടുവരും. പക്ഷേ, പാലക്കാട് എത്തുമ്പോൾ കഥയാകെ മാറും. ഇത്രയും നേരം മുല്ലപ്പൂ മൊട്ടിന്റെ നിറത്തിൽ, ഉള്ളിൽ മസാലയൊളിപ്പിച്ച ബിരിയാണിയാണ് രുചിമേളം തീർത്തു കൂടെ വന്നതെങ്കിൽ നിറത്തിൽ തന്നെ വലിയ വ്യത്യാസമുള്ള, മസാലയിൽ കിടന്നു വെന്തു പാകമായ വലിയൊരു ബിരിയാണി ചെമ്പിന്റെ ദം പൊട്ടും. പാലക്കാടിന്റെ സ്വന്തം റാവുത്തർ ബിരിയാണി അഥവാ എൻ എം ആർ ബിരിയാണി. ആ രുചി പാലക്കാടിന് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിൽ മറ്റെവിടെയും ഈ ബിരിയാണി ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ വേറിട്ടൊരു സ്വാദിന്റെ കഥയാണ് നൂർ മുഹമ്മദ് റാവുത്തർ ബിരിയാണി എന്ന എൻ എം ആറിനു പറയാനുള്ളത്.  

 

2009 ലാണ് എൻ എം ആർ ബിരിയാണിയുടെ ആരംഭം. ഉപജീവനത്തിന് വേണ്ടി ആരംഭിച്ച ആ റസ്റ്റോറന്റ് പിന്നീട് പാലക്കാടിന്റെ മുഖമായി മാറുകയായിരുന്നു. തമിഴ്നാട്ടിൽ കിട്ടുന്ന ബിരിയാണിയുടെ നിറവും രുചിയുമൊക്കെയാണ്  ഇവിടുത്തെ സ്പെഷ്യൽ ബിരിയാണിയ്ക്കും. സാലഡും അച്ചാറും പുഴുങ്ങിയ മുട്ടയുമൊക്കെ വിളമ്പുന്ന ആ രുചിയ്ക്ക് പാലക്കാട് മാത്രമല്ല ആരാധകരുള്ളത്. കേട്ടറിഞ്ഞു ദൂരദേശങ്ങളിൽ നിന്നും പോലും ആളുകൾ ഇവിടെയെത്താറുണ്ട്.  ചിക്കനിൽ മാത്രമല്ല, ബീഫിലും മട്ടനിലുമൊക്കെ ബിരിയാണികൾ തയാറാക്കുന്നുണ്ട്. കേരളത്തിൽ കിട്ടുന്ന മറ്റുള്ള ബിരിയാണികൾ പോലെയല്ല, മസാലകൾ എല്ലാം ചേർത്ത്, ചിക്കനും അരിയും ഒരുമിച്ചിട്ടാണ് വേവിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ചുവന്ന നിറമാണ് ഈ രുചിക്കൂട്ടിന്. ഇവിടെ  ബിരിയാണി മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന പൊറോട്ടയെ അപേക്ഷിച്ചു വലുപ്പമേറെയുള്ള എൻ എം ആർ സ്പെഷ്യൽ പൊറോട്ടയും ലഭ്യമാണ്. നല്ലതു പോലെ മൊരിഞ്ഞ പൊറോട്ടയ്‌ക്കൊപ്പം മട്ടൻ കുറുമയാണ് കോമ്പിനേഷൻ. 

 

രാവിലെ ആറ് മണിക്കാണ് പാചകം ആരംഭിക്കുന്നത്. പത്തുമണിയോടെ ബിരിയാണി തയാറാകും. അപ്പോൾ മുതൽ തന്നെ ആളുകൾ വരുന്നതിനനുസരിച്ചു വിളമ്പി തുടങ്ങുകയും ചെയ്യും. രാത്രി 9.30 വരെ കട തുറന്നിരിക്കും. കഴിയുന്നതിനു അനുസരിച്ചു, വീണ്ടും വീണ്ടും ബിരിയാണികൾ ഉണ്ടാക്കുമെന്നത് കൊണ്ടുതന്നെ ഇവിടെയെത്തുന്നവർക്കു നിരാശയോടെ മടങ്ങേണ്ടി വരില്ല. ഇപ്പോൾ പാലക്കാട് മാത്രം നാലോളം കടകൾ എൻ എം ആറിന്റേതായുണ്ട്. ബിരിയാണികൾ മാത്രമല്ല ഇവിടെ വിളമ്പുന്നത്, ചില്ലി ചിക്കനും ചിക്കൻ കുറുമയും പോലുള്ള ചിക്കൻ രുചികളും, നിരവധി മട്ടൻ വിഭവങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്. വേറിട്ടൊരു ബിരിയാണി രുചി പരീക്ഷിക്കണമെന്നുള്ളവർക്കു എൻ എം ആറിലേയ്ക്ക് മടിക്കാതെ കടന്നു വരാമെന്നു മാത്രമല്ല, സംതൃപ്തിയോടെ മടങ്ങുകയും ചെയ്യാം.

English Summary: Palakkad Special Rawther Biryani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com