കോട്ടയത്തുണ്ട് നൈറ്റ് ലൈഫ്! നട്ടപ്പാതിരയ്ക്ക് കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് സൊറ പറഞ്ഞിരിക്കാം; ഇവിടേയ്ക്ക് പോരൂ
Mail This Article
രാത്രി വൈകി ഫ്രൻഡ്സ് സെറ്റപ്പിൽ ഒന്നു കൂടാൻ പറ്റിയ സ്ഥലം ഏതാ ഉള്ളത് കോട്ടയത്ത്? അതിനു കോട്ടയത്ത് എവിടാ നൈറ്റ് ലൈഫ് എന്നു ചോദിക്കുന്നവർ ഏറ്റുമാനൂർ പാറോലിക്കൽ ജംക്‌ഷനിലെ ഹാങ്ഔട്ട് ഫുഡ് സ്ട്രീറ്റിൽ വന്നാൽ മതി. രാത്രി 2 മണി വരെ ആഘോഷമാക്കാം. ഉച്ചയ്ക്ക് ഒരു മണിക്കു ചട്ടിച്ചോറും ബിരിയാണിയുമായി തുടക്കം. നാടൻ മുതൽ കോണ്ടിനന്റൽ വരെ ആഗ്രഹിക്കുന്നതെന്തും വിളമ്പാൻ 11 വെറൈറ്റി ഫുഡ് സ്റ്റാളുകൾ. കഥ പറഞ്ഞിരിക്കാൻ ചൂടോടെ സുലൈമാനി.
ചിൽ ആകാൻ ഐസ്ക്രീമും ഫ്രഷ് ജ്യൂസും ലെസ്സിയും. ഇൻസ്റ്റയിൽ സ്റ്റോറിയിടാൻ ഇഷ്ടംപോലെ ഫോട്ടോ പോയിന്റുകൾ. കളി കണ്ടിരിക്കാൻ ബിഗ് സ്ക്രീൻ. വാഹനങ്ങൾക്കു ചാർജിങ് സ്റ്റേഷൻ... ഈ ഫുഡ് സ്ട്രീറ്റ് വേറെ ലവൽ. ഏറ്റുമാനൂരിലെ പ്ലേ വേൾഡ് പാർക്കിനോടു ചേർന്ന സ്ഥലമാണ് പാർക്ക് ഉടമകളും എൻജിനീയറിങ് ബിരുദധാരികളുമായ മജു വാഴയിൽ തോമസും ഭാര്യ ചിന്നു മാത്യുവും ചേർന്ന് ഹാങ്ഔട്ട് ഫുഡ് സ്ട്രീറ്റ് ആക്കി ഡിസൈൻ ചെയ്തത്. സ്കൈ വീലും സ്ലൈഡും വാട്ടർ സ്പോർട്സും ഒക്കെയുള്ള പ്ലേ വേൾഡിൽ കുട്ടികൾ കളിച്ചുതിമിർക്കുമ്പോൾ ഒപ്പംവരുന്ന മുതിർന്നവർക്കു ബോറടിക്കുന്നുവെന്നു കണ്ടാണ് ഫുഡ് സ്ട്രീറ്റ് എന്ന ആശയം ഒരുക്കിയത്. ചൂടു ഭക്ഷണത്തോടൊപ്പം സുഹൃത്തുക്കൾക്കും ഫാമിലിക്കുമൊപ്പം റിലാക്സ് ചെയ്തിരിക്കാൻ ഒരിടം;അതാണ് ഹാങ്ഔട്ട്. കോട്ടയത്തെ ആദ്യ ഫുഡ് സ്ട്രീറ്റ്. 11 സ്റ്റാളുകൾ കയറിയിറങ്ങി വയറുനിറയുമ്പോഴും കൊതിതീരാതെ പറഞ്ഞുപോകും– പല വരവുകൾ വരേണ്ടി വരും!
English Summary: Hangout Street Food Hub Kottayam