ഇവിടെ കള്ള് മാത്രമല്ല ഭായി! കായൽതീരത്തുണ്ട് ഒരു അടിപൊളി ഷാപ്പ്
Mail This Article
ചേമ്പു പുഴുങ്ങിയതും കപ്പയും നല്ല മുളകരച്ച കായൽ മീനും കാന്താരി ചതച്ചതും കാരി പൊള്ളിച്ചതും... ഒാർക്കുമ്പോൾത്തന്നെ വായിൽ കപ്പലോടും. ഒപ്പം നല്ല മധുരക്കള്ളുമുണ്ടെങ്കിൽ സംഗതി ജോറായി. കായൽക്കാഴ്ചയാസ്വദിച്ച് തനിനാടൻ ഭക്ഷണവുമായി ഒരു ദിവസം അടിച്ചുപൊളിക്കാൻ കാവാലം രാജപുരം കായൽ ഷാപ്പിലെത്താം. രുചിയൂറും വിഭവങ്ങൾക്കൊപ്പം കിടിലൻ ആംബിയൻസുമാണ് ഈ ഷാപ്പിന്റെ ഹൈലൈറ്റ്. പമ്പയാറിന്റെ കൈവഴിയായി ഒഴുകുന്ന കാവാലം ആറിന്റെയും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിന്റെയും ഒത്തനടുക്കാണ് രാജപുരം ഷാപ്പ്.
കള്ളുഷാപ്പിൽ കള്ളു മാത്രമല്ല ഭായി
ഷാപ്പിൽ കള്ളു മാത്രമല്ല, എരിവും പുളിയും ഒരുമിച്ച് നാവിനെ രുചിലഹരിയിലാഴ്ത്തുന്ന തനിനാടൻ വിഭവങ്ങളുമുണ്ട്. ഒഴിവു സമയങ്ങളിൽ കുടുംബവുമൊത്തും സുഹൃത്തുക്കളുമായും നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. രുചിയുടെ കാര്യം പറയേണ്ടതില്ല, ഷാപ്പിലെ നീണ്ട ക്യൂ കണ്ടാൽ തന്നെ മനസ്സിലാക്കാം. ഉൗണു സമയത്താണ് തിരക്കധികവും. വിഭവങ്ങൾക്കായി എത്രനേരം വേണമെങ്കിലും കാത്തിരിക്കുവാനും ഭക്ഷണപ്രേമികൾ തയാറാണ്. കള്ളുഷാപ്പിലെ വിഭവങ്ങൾ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്നത് എരിവും പുളിയും ഒരുമിക്കുന്ന മീൻകറിയും പള്ളത്തി മുതൽ കൊഞ്ചു വരെയുള്ള കായൽ സമ്പത്തിന്റെ രുചിമേളവും ഒപ്പം നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന മധുരക്കള്ളുമൊക്കെയാണ്. ഫാമിലി റസ്റ്ററന്റായി മുഖം മിനുക്കിയ കളളു ഷാപ്പുകളിൽ രുചി തേടിയെത്തുന്നവരിൽ സ്ത്രീകളുടെ എണ്ണവും ഇപ്പോൾ കുറവല്ല.
കെട്ടുവള്ളത്തിലെ ഷാപ്പ്
ഷാപ്പിലെ ഏറ്റവും നല്ല അനുഭവം കെട്ടുവള്ളത്തിലിരുന്നുള്ള ഭക്ഷണമാണ്. കായലിൽത്തന്നെ സജ്ജീകരിച്ച കെട്ടുവള്ളത്തിലാണ് വിഭവങ്ങൾ വിളമ്പുന്നത്. കായലിന്റെ ഒാളത്തിന് അനുസരിച്ച് കെട്ടുവള്ളവും ഉലയും. ഹൗസ്ബോട്ടിലാണന്നേ തോന്നുകയുള്ളൂ. താഴെയും മുകളിലത്തെ നിലയിലും ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമുണ്ട്.
ഫ്രെഷ് കായൽ മീനുകളാണ് രാജപുരം ഷാപ്പിന്റെ ആകർഷണം. ചേമ്പ് പുഴുങ്ങിയത്, കാച്ചിൽ പുഴുങ്ങിയത്, കപ്പ വേവിച്ചത്, ചപ്പാത്തി, അപ്പം, താറാവ് റോസ്റ്റ്, മുയലിറച്ചി, ബീഫ് റോസ്റ്റും ഫ്രൈയും, കക്കായിറച്ചി, പന്നിയിറച്ചി, മഞ്ഞക്കൂരി കറി, വാളക്കറി, മീൻതല, ചെമ്മീൻ റോസ്റ്റും ഫ്രൈയും, കൊഞ്ച് റോസ്റ്റും ഫ്രൈയും, കരിമീൻ ഫ്രൈയും പൊള്ളിച്ചതും, വരാൽ ഫ്രൈയും പൊള്ളിച്ചതും, കാരി പൊള്ളിച്ചത്, പള്ളത്തി ഫ്രൈ കൊഴുവ ഫ്രൈ, മുരശ് ഫ്രൈ, നങ്ക് ഫ്രൈ, കാരി ഫ്രൈ, ഞണ്ട് കറി, മുരശ് പീര, കരിമീൻ വാട്ടി വറ്റിച്ചത്, കല്ലുമ്മേക്കായ എന്നിവ രാജപുരം കായൽ ഷാപ്പിലെ സ്പെഷൽ വിഭവങ്ങളാണ്.
വഞ്ചിയാത്രയും ഷാപ്പും
വിഭവങ്ങൾ പോലെ തന്നെ ഷാപ്പിലേക്കുള്ള യാത്രയും രസകരമാണ്. ആരെയും വശീകരിക്കുന്ന പ്രകൃതിഭംഗിയാണ് ഷാപ്പിന് മോടികൂട്ടുന്നത്. പമ്പയാറിന്റെ കൈവഴിയായി ഒഴുകുന്ന കാവാലം ആറിനും ഏക്കറുകളോളം പരന്നുകിടക്കുന്ന രാജപുരം കായലിനും ഇടയിലാണ് രാജപുരം ഷാപ്പ്. ആലപ്പുഴ ജില്ലയിൽ കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടുജെട്ടിയില്‍നിന്ന് അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. ഷാപ്പുടമയുടെ ഫോണിൽ വിളിച്ചാൽ വഞ്ചി ലിസ്യൂ കടവിലെത്തി ആളുകളെ ഷാപ്പിലെത്തിക്കും. പ്രകൃതിയുടെ വശ്യത നുകർന്നുള്ള വഞ്ചി സവാരിയും കാഴ്ചകളും ഒപ്പം നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി കാത്തിരിക്കുന്ന രുചിപ്പുരയും.
രുചിക്കൂട്ട്
ഇരുപതു കൊല്ലത്തിലേറെ പാരമ്പര്യമുള്ള രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ രുചിക്ക് തെല്ലും മാറ്റം വന്നിട്ടില്ല. അന്നും ഇന്നും ഒരേ രുചി. നാടന്‍ രുചിക്കൂട്ടും പാചകപ്പുരയിലെ ഒാമനക്കുട്ടന്റെ കൈപ്പുണ്യവുമാണ് ഷാപ്പിന്റ വിജയരഹസ്യം. വിഭവങ്ങളുടെ പാചകവും ചുമതലയും ഒാമനക്കുട്ടനാണ്. കൂട്ടിന് സഹായിയുമുണ്ട്. കലർപ്പില്ലാത്ത തനിനാടൻ രുചിയിൽത്തന്നെ വിഭവങ്ങൾ ഒരുക്കണമെന്നത് പാചകക്കാരന് നിർബന്ധമാണ്. ഗുണമേന്മയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തായാറല്ലെന്ന് ഷാപ്പിലെ മാനേജർ പറയുന്നു.
കാരി പൊള്ളിച്ചതാണ് സ്പെഷൽ
ഷാപ്പിലെ ഒരു സ്പെഷൽ വിഭവമാണ് കാരിപൊള്ളിച്ചത്. രുചിപ്രേമികൾ ഏറ്റവും അധികം ഒാർഡർ നൽകുന്ന ഐറ്റവുമാണിത്. ഇതെങ്ങനെ തയാറാക്കുമെന്ന് നോക്കാം. കാരി വെട്ടിക്കഴുകി വൃത്തിയാക്കണം. ഇനി മസാല തയാറാക്കാം. മീനിന് അനുസരിച്ചുള്ളവ എടുക്കണം. ആവശ്യത്തിന് മുളക്പൊടിയും മഞ്ഞൾപൊടിയും കുരുമുളക്പൊടിയും കോൺഫ്ളവറും കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും പെരുംജീരകവും എല്ലാം ഒരുമിച്ച് അരച്ചെടുത്തതും ഉപ്പും കള്ളിന്റെ വിനാഗിരിയും ഇത്തിരി വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം നല്ല ആട്ടിയ വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുക്കാം. ഇനി പൊള്ളിക്കാനുള്ള മസാലക്കൂട്ട് റെഡിയാക്കാം. മറ്റൊരു ചീനച്ചട്ടി വച്ച് എണ്ണ ഒഴിക്കാം. അതിലേക്ക് പച്ചമുളകും ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റാം. ശേഷം തക്കാളിയും സവാളയും കറിവേപ്പിലയും ഇട്ട് വഴറ്റണം. നല്ലതുപോലെ കുഴമ്പ് പരുവത്തിന് ആകണം. അതിലേക്ക് ഇത്തിരി മുളക്പൊടിയും കുരുമുളക്പൊടിയും ഗരം മസാലയും ഇഞ്ചിയും വെളുത്തുള്ളിയും തേങ്ങയും ചേർത്ത് വറുത്തരച്ചതും ചേർക്കാം. കൂടെ കുടുംപുളിയൊക്കെ ചേർത്ത് മീൻപുഴുങ്ങിയെടുത്ത വെള്ളവും ചേർക്കാം. എല്ലാംകൂടി നന്നായി യോജിപ്പിക്കണം. ഇത്തിരി തേങ്ങാപ്പാലും ചേർക്കാം. അതിലേക്ക് മീന്‍ വറുത്തതും ഇട്ട് യോജിപ്പിക്കാം. ശേഷം വാഴയിലയിൽ വച്ച് പൊതിഞ്ഞ് എടുക്കാം. അടിപൊളി രുചിയിൽ കാരി പൊള്ളിച്ചതു റെഡി.
ഷാപ്പിൽ ന്യായവിലയാണ് ഇൗടാക്കുന്നതെന്ന് ഷാപ്പുടമ പറയുന്നു. ചില വിഭവങ്ങൾക്ക് വലുപ്പവും തൂക്കവും കണക്കാക്കിയാണ് വിലയിടുന്നത്. രുചിയും ഗുണവും ഒരുമിക്കുന്ന രാജപുരം കായൽ ഷാപ്പിലെ വിഭവങ്ങളുടെ സ്വാദറിയാം, ഒപ്പം കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും ആസ്വദിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:9387737366
English Summary: Eatouts, Rajapuram Family Restaurant Kuttanad