ADVERTISEMENT

ബിരിയാണിയുടെ രുചി തേടി പോകുന്നവർക്ക് കൊച്ചി ഒരു ബെസ്റ്റ് ചോയ്സ് തന്നെയാണ്. നല്ല തലശ്ശേരി ബിരിയാണിയും മലബാർ ദം ബിരിയാണിയും കൊച്ചി സ്റ്റൈൽ ബിരിയാണിയും മാഞ്ഞാലി ബിരിയാണിയും എന്നുവേണ്ട തലപ്പാക്കട്ടിയും ദൊണ്ണെ ബിരിയാണിയും തുടങ്ങി എന്തും കിട്ടും കൊച്ചിയിൽ. അവിടെ ഒരു ബിരിയാണി ഹിറ്റ് ആയാൽ അതിനനർത്ഥം പല നാടുകളിൽ നിന്നുമുള്ള ബിരിയാണിപ്രേമികളുടെയും മനസ് കവർന്നു കഴിഞ്ഞു ആ വിഭവം എന്നുതന്നെയാണ്. അത്തരത്തിൽ കൊച്ചിയുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന ഒരു ബിരിയാണിയാണ് സിദ്ധിഖ് ബിരിയാണി. കടയുടെ പേരിങ്ങനെയാണെങ്കിലും ഇവിടെ വിളമ്പുന്നത് മലബാർ ബിരിയാണിയുടെ ഒരു സ്പെഷ്യൽ പതിപ്പാണ്. 

 

വയനാടൻ കൈമയിൽ വെന്തു പാകമായി വരുന്ന ഈ ബിരിയാണിയുടെ രുചിയും മണവും പറഞ്ഞറിയിക്കുവാൻ സാധ്യമല്ല. കൂടെ ചെറുതീയിൽ വേവുന്ന മസാല നിറഞ്ഞ ചിക്കൻ കൂടി ചേരുമ്പോൾ പത്തിൽ പത്താണ് ഈ സ്വാദിന് രുചിപ്രേമികൾ നൽകുന്ന മാർക്ക്. വെന്തു പാകമായി വരുന്ന ചിക്കന് മുകളിൽ വറ്റിച്ചു വെച്ച അരി കൂടിയിട്ടു ദം ചെയ്തെടുത്താണ് ബിരിയാണി തയാറാക്കിയെടുക്കുന്നത്. കൂടെ കഴിക്കാൻ ഇവർ തന്നെ തയാറാക്കുന്ന സ്പെഷ്യൽ ചിക്കൻ 65 കൂടിയുണ്ട്. അതുകൂടി ചേരുമ്പോൾ ഇവിടുത്തെ രുചിയ്ക്ക് അഴക് കൂടും. 

 

വളരെ മിതമായ വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നതും ഈ റസ്റോറന്റിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്. ചിക്കൻ ബിരിയാണി കോംബോയ്ക്ക് 180 രൂപയും ചിക്കൻ 65 നു 140 രൂപയുമാണ് വിലവരുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷം ഒരു ജ്യൂസ് കൂടി കഴിക്കണമെന്നുള്ളവർക്കു 30 രൂപ കൂടി കൊടുത്താൽ മതിയാകും. ഒരിക്കൽ കഴിക്കാനെത്തിയവർ വീണ്ടും വീണ്ടും ഇവിടെയെത്തുമെന്നു  കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ, കൊച്ചിക്കാർ ഈ ബിരിയാണിയും സ്വീകരിച്ചു കഴിഞ്ഞുവെന്ന്.  

 

എറണാകുളം വാഴക്കാലയിലാണ് സിദ്ദിഖ് ബിരിയാണി ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ദം ചെയ്ത നല്ല മലബാർ സ്റ്റൈലിൽ തയാറാക്കിയെടുക്കുന്ന ബിരിയാണി കഴിക്കണമെന്നുള്ളവർക്കു ഇനി മടിക്കാതെ ചെല്ലാവുന്ന ഒരിടം തന്നെയാണിത്. 

English Summary: Eatouts,Siddiq Biriyani Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com