ഇതാണ് ആ ഹിറ്റ് കോംബോ, കോട്ടയത്തുണ്ട് പഴംപൊരിയും ബീഫും കിട്ടുന്ന രുചിയിടം
Mail This Article
പഴംപൊരിയും ബീഫും നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ആ ഹിറ്റ് കോംബോ പരീക്ഷിക്കാത്ത ഭക്ഷണപ്രിയരും കുറവായിരിക്കും. നല്ല ചൂടുള്ള പഴംപൊരിയും എരിവുള്ള ബീഫും നൽകി രുചിപ്രേമികളുടെ മനസ് കീഴടക്കിയ കടയാണ് അശോക ഹോട്ടൽ. ആ പേര് കേട്ടാൽ ചിലർക്ക് ഒട്ടും പരിചയം തോന്നുകയില്ല. എന്നാൽ മോഹനൻ ചേട്ടന്റെ കട എന്ന് കേട്ടാൽ ഏതെന്നു എളുപ്പത്തിൽ മനസിലാകും.
കോട്ടയം പാലാ വള്ളിച്ചിറയിലാണ് മോഹനൻ ചേട്ടന്റെ കട. ദിവസവും 150 മുതൽ 200 കിലോഗ്രാം വരെ ഏത്തപ്പഴമാണ് പഴംപൊരിയായി രൂപം മാറി ഇവിടെ നിന്നും വിറ്റുപോകുന്നത്. കൂടെ കഴിക്കാൻ ബീഫ് കറിയും. കലിപ്പന്റെ കാന്താരി പോലെ അങ്ങു ഹിറ്റായി മാറിയതാണ് പഴംപൊരി-ബീഫ് കോമ്പിനേഷൻ. നേരത്തെ ഇങ്ങനെയൊരു ജോഡികളെ കുറിച്ച് കേട്ടാൽ നെറ്റി ചുളിക്കുമായിരുന്നവരൊക്കെ ഇന്ന് ഇതിന്റെ ആരാധകരായി മാറി എന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ ഈ രുചി ഭൂരിപക്ഷത്തിനും പ്രിയങ്കരമായി കഴിഞ്ഞുവെന്ന്. നല്ല ചൂടുള്ള പഴം പൊരി കുറുകിയ ബീഫ് ചാറിൽ മുക്കി വേണം കഴിക്കാൻ. അപ്പോൾ മനസിലാകും ആ രുചി എന്തുകൊണ്ടാണ് ആളുകളുടെ മനസുകീഴടക്കിയതെന്ന്.
ഇവിടുത്തെ പഴം പൊരിയ്ക്കുമുണ്ട് പ്രത്യേകത. എത്ര വലിയ ഏത്തപ്പഴവും നെടുകെ രണ്ടായി മാത്രം മുറിക്കുന്നു. നേർത്ത ഒരു പാളി മാവ് മാത്രമേ പഴംപൊരിയ്ക്ക് മുകളിൽ ഉണ്ടാകൂ. നന്നായി പഴുത്ത പഴം ഉപയോഗിച്ചാൽ മാത്രമേ യഥാർത്ഥ രുചി ലഭിക്കുകയുമുള്ളൂ എന്നാണ് തങ്ങളുടെ പഴംപൊരിയുടെ രുചിയ്ക്കു പുറകിലെ രഹസ്യമെന്ന് കടയുടമ. മുടക്കുന്ന പൈസയ്ക്ക് മുഴുവൻ മൂല്യവും ലഭിക്കത്തക്ക വിധമാണ് പഴം പൊരിയും ബീഫും ആവശ്യക്കാരനിലേയ്ക്ക് എത്തുന്നത്. എണ്ണയിൽ കിടന്നു മൊരിഞ്ഞു വരുന്ന പഴംപൊരി ബീഫ് ഇല്ലാതെ കഴിക്കാനും ഏറെ സ്വാദിഷ്ടമാണെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. ഒരു പഴം പൊരിയ്ക്കു ഈടാക്കുന്നത് 12 രൂപയാണ്. ബീഫും പഴംപൊരിയും മാത്രമല്ല, കാന്താരി മുളക് അരച്ച കപ്പയും പോർക്ക് കറിയും റോസ്റ്റുമൊക്കെ ഇവിടെ ലഭ്യമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ പഴംപൊരിയും ബീഫും ചെലവാകുന്ന കടയെന്ന അവകാശവാദം വെറുതെയല്ലെന്ന് മോഹനൻചേട്ടന്റെ കടയിലെ തിരക്ക് കണ്ടാൽ ആരും സമ്മതിച്ചു പോകും. ശനിയും ഞായറുമാകുമ്പോൾ ആ തിരക്ക് സാധാരണ ദിവസങ്ങളെ അപേക്ഷിച്ചു കൂടുകയും ചെയ്യും. രുചികരമാണെന്നത് തന്നെയാണ് ഇത്രയധികം ആളുകളെ ഇങ്ങോട്ടു ആകർഷിക്കുന്നതിന് പുറകിലെ പ്രധാന കാര്യം. ഈ പഴംപൊരിയും ബീഫും കഴിക്കാൻ വേണ്ടി ഇനി പാല വരെ യാത്ര ചെയ്താലും നഷ്ടമാകില്ലെന്നു തന്നെയാണ് ഒരിക്കലെങ്കിലും ഈ രുചി അറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നത്.
English Summary: Eatouts,Pazhampori and Beef Curry in Pala