ADVERTISEMENT

നമ്മുടെ നാട്ടിലെ തനിനാടൻ വിഭവങ്ങൾ കഴിക്കണമെങ്കിൽ ഷാപ്പുകളിൽ തന്നെ പോകണം. പുഴ, കായൽ മൽസ്യങ്ങൾ വച്ചും വറുത്തുമൊക്കെ തരുമെന്നതു മാത്രമല്ല, നാടൻ കൂട്ടുകളായിരിക്കും ഏറെയും ഈ കറികളിൽ ഉപയോഗിക്കുന്നത്. മീൻ കറികളിൽ തന്നെ ഏറെ വൈവിധ്യം കാണണമെങ്കിലും ഷാപ്പിലെ അടുക്കളയിൽ ചെന്നാൽ മതി. മീൻ മുളകിട്ടതും തേങ്ങയരച്ച മീൻ കറിയും തലക്കറിയും പൊള്ളിച്ചതും മപ്പാസും എന്നുവേണ്ട പല തരം വിഭവങ്ങൾ. കൂടെ രുചിയുടെ അഴകിന് മാറ്റുകൂട്ടാൻ ബീഫും താറാവും കക്കയിറച്ചിയും പോലുള്ളവ വേറെയുമുണ്ട്.

ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്താണ് ന്യൂയോർക്ക് സിറ്റി കള്ളുഷാപ്പ് സ്ഥിതി ചെയ്യുന്നത്. പേരിലെ കൗതുകം തേടി പോയാൽ ഷാപ്പിനു അടുത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ ജംഗ്ഷനിൽ എത്തിച്ചേരാം. എങ്ങനെയാണ് ആ പേര് വന്നതെന്ന് ഇപ്പോൾ പിടികിട്ടികാണുമല്ലോ. ഷാപ്പിലെ ഓരോ ഹട്ടുകൾക്കും അമേരിക്കയിലെ പ്രശസ്ത നഗരങ്ങളുടെ പേരുകൾ തന്നെയാണ്. ചിക്കാഗോയും മിയാമിയും സാൻഫ്രാൻസിസ്‌കോയും ലോസ് ഏഞ്ചൽസും അങ്ങനെ നീളുന്നു പേരിലെ വൈവിധ്യം. 

പേരുകൾ അമേരിക്കയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും ഷാപ്പിലെ വിഭവങ്ങൾ തനിനാടൻ തന്നെയാണ്. ജീവനുള്ള വരാലും കാരിയും പോലുള്ള മീനുകൾ ആവശ്യക്കാർക്ക് മുമ്പിൽ വച്ച് തന്നെ പിടിച്ചു മസാല പുരട്ടി വെളിച്ചെണ്ണയിൽ വറുത്തു തരും. കൂടെ ഈ മീനുകളെല്ലാം കറികളായും മേശപ്പുറത്തെത്തും. ഷാപ്പിലെ മീൻ കറിയ്ക്ക് എരിവ് അല്പം കൂടുതലുണ്ടെങ്കിൽ കഴിക്കാനായി നല്ല മധുരക്കള്ളും അപ്പവും കപ്പയുമൊക്കെയുണ്ട്. കൂടെ കുട്ടനാടൻ പാടങ്ങളിലെ സ്ഥിരം കാഴ്ചയായ താറാവിന്റെ കറിയുമുണ്ട്. കള്ള് ചേർത്ത് തയാറാക്കിയ അപ്പം പൂവിനു സമാനമാണ്. അത്രയേറെയുണ്ട് മാർദ്ദവം. കുറച്ച് താറാവ് കറി അതിനു മുകളിലേക്ക് ഒഴിച്ച് കഴിക്കുമ്പോൾ രുചിയുടെ സ്വർഗ്ഗവാതിൽക്കലെത്തും. കപ്പയ്ക്കു കൂട്ടിനായി മീൻകറിയുമുണ്ട്. കൂടെ മസാലയിൽ വരട്ടിയെടുത്ത ബീഫും ചെമ്മീൻ റോസ്റ്റും കക്കായിറച്ചിയും പൊടിമീൻ വറുത്തതും ഞണ്ടും അങ്ങനെ നീളുന്നു ഷാപ്പിലെ വിഭവങ്ങളുടെ നീണ്ട നിര. 

എത്രയേറെ വിഭവങ്ങൾ അടുക്കളയിൽ നിറച്ചാലും പിന്നെയും പിന്നെയും അതിഥികൾക്ക് വിരുന്നൂട്ടാൻ നിൽക്കുന്ന ചില വീട്ടമ്മമാരെ പോലെയാണ് ഷാപ്പിലെ അടുക്കള. പലതരം മസാലക്കൂട്ടിൽ പല തരത്തിൽ തയാറാക്കിയെടുക്കുന്ന വിഭവങ്ങൾ നിറഞ്ഞിരിക്കും പല അടുക്കളകളിലും. നേരത്തെ ആണിടങ്ങൾ മാത്രമായിരുന്ന ഷാപ്പ് ഇന്നിപ്പോൾ കുടുംബങ്ങൾ കയ്യടക്കിയതോടെ എത്ര വിഭവങ്ങൾ ഉണ്ടാക്കി വച്ചാലും തീർന്നു പോകുമെന്നാണ് അതിനു കാരണമായി അവർ പറയുന്നത്. 

English Summary:

Eatouts, New York City Toddy Shop Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com