കള്ള് മാത്രമല്ല ഷാപ്പിലും കിട്ടും ഫിഷ് നിർവാണ; ഇത് ചങ്ങനാശ്ശേരിയിലെ രുചിയിടം
Mail This Article
വലിയ ഹോട്ടലുകളേക്കാൾ മിക്കവരും ഭക്ഷണം കഴിക്കാൻ നാടൻ ഭക്ഷണശാലകളാണ് തിരഞ്ഞെടുക്കുന്നത്. അതു ഷാപ്പെങ്കിൽ പലർക്കും സന്തോഷം നൂറിരട്ടിയാകും. ഇന്ന് കുടുംബത്തിനോ കൂട്ടുകാർക്കോ ഒപ്പം ഭക്ഷണം കഴിക്കാൻ ഷാപ്പുകളിലെത്തുന്നവർ നിരവധിയാണ്. കപ്പയും ചേമ്പും മുളകരച്ച മീൻകറിയും കായൽവിഭവങ്ങളും മുതൽ കരിമീന്‍ പൊള്ളിച്ചതും കുഞ്ഞന്‍ നത്തോലി ഫ്രൈയും കള്ളുഷാപ്പുകളിലെ വിഭവങ്ങളാണ്. രുചിവൈവിധ്യത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ചങ്ങനാശ്ശേരിയിൽ പറാൽ–കുമരങ്കരി റോഡിലുള്ള പറാൽ രുചിയിടം ഷാപ്പ്. നല്ല ചെത്തുകള്ളും മുന്തിരിക്കള്ളും രുചിയിടം ഷാപ്പിൽ കിട്ടും.
കുറുകിയ മുളകരച്ച ചൂരക്കറിയാണോ? ദേ ഇങ്ങനെ വയ്ക്കാം; എരിവും പുളിയും ഒരുമിച്ച രുചി
തങ്കത്തോണിയിലേറാം
സാധാരണ ഷാപ്പുകളിൽനിന്നു വ്യത്യസ്തമായ നിർമാണ ഭംഗിയുണ്ട് രുചിയിടത്തിന്. ഗ്രാമഭംഗിയുടെ പശ്ചാത്തലത്തിൽ, എല്ലാ സൗകര്യങ്ങളുമുള്ള ഭക്ഷണശാലയാണിത്. നാലുപാടും കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടങ്ങളാണ്. പ്രകൃതിസൗന്ദര്യത്തിന്റെ ഒത്ത നടുക്കാണ് ഈ ഷാപ്പ്. സ്വപ്നക്കൂട് എന്ന ഏറുമാടവും ഹട്ടുകളുമുണ്ട്. അവിടെയിരുന്ന്, ചുറ്റും പരന്നു കിടക്കുന്ന പച്ചപ്പു കണ്ട് ഭക്ഷണം കഴിക്കാം.
തങ്കത്തോണി എന്നു പേരിട്ട ഒരു തോണിയും പുറത്ത് ഒരുക്കിയിട്ടുണ്ട്. തോണിയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന പ്രതീതിയാണ് അതിൽ. സദാ വീശുന്ന നനുത്ത കാറ്റേറ്റ് ഭക്ഷണമാസ്വദിക്കാൻ ഷാപ്പിലെ മികച്ച സ്പോട്ടാണ് തങ്കത്തോണി. പാടങ്ങളുടെ അഴകു നുകർന്ന് ഭക്ഷണം കഴിക്കാം. കൊയ്ത്തുകാലമെങ്കിൽ കാറ്റിനൊപ്പം താളംപിടിക്കുന്ന സ്വർണക്കതിരുകളുടെ കാഴ്ചയുണ്ട്
രുചിയിടത്തിന്റെ അമരക്കാരൻ
നല്ല ഭക്ഷണം കൊടുക്കണം– രുചിയിടത്തിന്റെ അമരക്കാരനായ സനീഷ് മോഹന് അത് നിർബന്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലും ഹൃദ്യത പുലർത്തുന്നുണ്ട് സനീഷും ജീവനക്കാരും. ഷാപ്പ് ഉടമ എന്നതിലുപരി ജീവനക്കാരിലൊരാളായി നിന്ന് എന്തു ജോലിയും ചെയ്യുവാനും സനീഷ് റെഡിയാണ്. ഈ മേഖലയിൽ നീണ്ട നാളത്തെ പരിചയസമ്പത്തും സനീഷിനുണ്ട്. കുട്ടനാട്ടിൽ നിരവധി ഷാപ്പുകൾ നടത്തിയിട്ടുണ്ട്. ഫാമിലി റസ്റ്ററന്റായി പണിതുയർത്തിയ രുചിയിടം ഷാപ്പിന്റെ പ്രധാന ചുമതലക്കാരൻ സനീഷ് തന്നെയാണ്. അച്ഛൻ കെ.ആർ. മോഹനന് അമ്പത്തിയഞ്ചു വർഷം ഷാപ്പു നടത്തി പരിചയമുണ്ട്. സനീഷിനു താങ്ങായി അച്ഛനും ഒപ്പമുണ്ട്.
ഷാപ്പിൽ കിട്ടും നിർവാണ
‘നിർവാണ’ ഷാപ്പിലോ? അത് കലക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കിട്ടുന്ന ഫിഷ് നിർവാണ രുചിയിടം ഷാപ്പിലും കിട്ടും. അസാധ്യ സ്വാദെന്ന് കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. വെറൈറ്റികൾ പരീക്ഷിച്ച് ട്രെൻഡിനൊപ്പം മാറുക എന്നതും മറ്റു ഷാപ്പുകളിൽനിന്നു രുചിയിടത്തെ വേറിട്ടതാക്കുന്നു. തേങ്ങാപ്പാലിൽ മീൻ പൊള്ളിച്ചെടുക്കുന്ന വളരെ ടേസ്റ്റി ആയ ഒരു വിഭവമാണ് നിർവാണ. ഇവിടെ കരിമീനാണ് താരം.
നല്ല നാടൻ കരിമീന്‍ നിർവാണയാണ് ഈ ഷാപ്പിലെ സ്പെഷൽ െഎറ്റം. മീനിനൊപ്പം തേങ്ങാപ്പാലും കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും എല്ലാം ചേർത്ത് മണ്‍ചട്ടിയിൽ തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന അടിപൊളി െഎറ്റമാണിത്. ഷാപ്പിലെത്തുന്നവർ കരിമീൻ നിർവാണ വാങ്ങാതെയിരിക്കില്ല. സൂപ്പർ ടേസ്റ്റാണ്. മീൻ വിഭവത്തിലെ പുതു രുചി എന്നു തന്നെ പറയാം.
നാവിൽ കപ്പലോടും വിഭവങ്ങൾ
ഷാപ്പിൽ കള്ളു മാത്രമല്ല, എരിവും പുളിയും ഒരുമിക്കുന്ന മുളകരച്ച മീൻകറി മുതൽ നാടൻ ഉൗണ് വരെ റെഡിയാണ്. കൂടാതെ ചട്ടിച്ചോറും ഹൈലൈറ്റാണ്. കപ്പ, കാച്ചിൽ, ചേമ്പ്, ചിരട്ടപ്പുട്ട്, നൂൽപുട്ട്, ചപ്പാത്തി, പത്തിരി, ബീഫ് ഫ്രൈ, ബീഫ് കറി, ചെമ്മീൻ റോസ്റ്റ്, കല്ലുമ്മക്കായ, താറാവ്, കൂന്തൽ, മീൻകറി, വാളക്കറി, മീൻതല, ഞണ്ട് റോസ്റ്റ്, നാടൻ കോഴിക്കറി, പള്ളത്തി വറുത്തത്, പൊടിമീൻ ഫ്രൈ, ചിക്കൻ,കാരി, വാഴയിലയിൽ പൊള്ളിച്ച കരിമീൻ എന്നു വേണ്ട സകലതും ഇവിടെ കിട്ടും. തനിനാടൻ രുചിക്കൂട്ട് എടുത്തുപറയേണ്ടതാണ്. ഒരിക്കൽ രുചിയറിഞ്ഞാൽ ഇവിടേക്കുള്ള വഴി മറക്കില്ലെന്നു മാത്രമല്ല, വീണ്ടും വരാനും തോന്നും. ഒരിക്കൽ വന്നവർ മാത്രമല്ല, കേട്ടറിഞ്ഞും നിരവധിപേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
അവധി ദിവസങ്ങളിലുൾപ്പടെ ശനി– ഞായർ ദിവസങ്ങളിലും നല്ല തിരക്കാണ് ഇവിടെ. ഉച്ചയൂണിനാണ് ആള് കൂടുതലും. എത്ര തിരക്കാണെങ്കിലും ഭക്ഷണപ്രേമികളെ മടുപ്പിക്കാതെ ഒാർഡർ അനുസരിച്ച് വിഭവങ്ങൾ എത്തിക്കാനും ഇവർ ശ്രമിക്കാറുണ്ട്. വിഭവങ്ങൾ മിക്കതും അപ്പപ്പോൾ തയാറാക്കിയാണ് നൽകുന്നത്. ചൂടോടെ തീൻമേശയിലെത്തും.
കൈപ്പുണ്യം; അതാണ് അറിയേണ്ടത്
രുചിയിടം ഷാപ്പിൽ രുചികരമായ വിഭവങ്ങൾ തയാറാക്കുന്നത് തങ്കമ്മച്ചേച്ചിയാണ്. പത്തുവര്‍ഷത്തിലേറെയായി ഈ രംഗത്തുണ്ട് തങ്കമ്മച്ചേച്ചി. ചേച്ചിക്ക് സഹായിയായി സജിയും (നെടുങ്കുന്നം) മധുവുമുണ്ട്. കൂടാതെ ഷൈരാജ് സുരേഷും ഇതരസംസ്ഥാനക്കാരായ ജോസഫ്, രാജ എന്നിവരും ഉണ്ട്.
ഇവിടെ കറിയിൽ ചേർക്കുന്നത് വിപണിയിൽനിന്നു വാങ്ങുന്ന മസാലക്കൂട്ടുകളല്ല, സ്വന്തമായി വറുത്തു പൊടിച്ച് എടുക്കുന്ന മസാലക്കൂട്ടാണ്. ആ തനിമയും കൈപ്പുണ്യവുമാണ് രുചിയിടം ഷാപ്പിലെ വിഭവങ്ങളുടെ രുചിരഹസ്യം.
ന്യായവിലയിൽ രുചിയൂറും ഭക്ഷണം
ഭക്ഷണപ്രിയർക്ക് അധികവില ഇൗടാക്കാതെ ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുക എന്നതാണ് ഷാപ്പുടമ സനീഷിന്റെ ലക്ഷ്യം. വിഭവങ്ങൾ ഷാപ്പിൽ നിരവധിയുണ്ടെങ്കിലും ഒന്നിനും അധിക വില ഇൗടാക്കാറില്ല. വിളമ്പുന്നവയ്ക്ക് ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഉറപ്പാക്കുന്നുണ്ടെന്നും സനീഷ് പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8592910006/6235410006