ഇവിടെ 40 രൂപയ്ക്ക് ഉൗണ് കഴിക്കാം; വറുത്തരച്ച ചിക്കൻകറിയും മീനുമൊക്കയുണ്ട്; ചേച്ചിമാരുടെ കട
Mail This Article
എവിടെ തിരിഞ്ഞു നോക്കിയാലും റസ്റ്ററന്റുകൾ കാണാൻ കഴിയുന്ന ഒരിടമാണ് കേരളം. വിഭവ സമൃദ്ധമായ സദ്യ മുതൽ ഇരുപതു രൂപയ്ക്ക് വയറു നിറയ്ക്കുന്ന ജനകീയ ഹോട്ടൽ വരെ നമ്മുടെ നാട്ടിലുണ്ട്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കുക വിഭവങ്ങളുടെ രുചിയും അതുപോലെ തന്നെ അകത്തളങ്ങളിലെ വൃത്തിയുമാണ്. രുചികരമായ ഭക്ഷണമാണെങ്കിൽ ചിലപ്പോൾ വിലയെത്ര കൂടുതലാണെങ്കിലും ചിലർ കഴിക്കാൻ തയാറാകും. എന്നാൽ ചെറിയ തുകയിൽ വറുത്തരച്ച ചിക്കൻ കറി കൂട്ടി രുചികരമായ ഒരു ഊണ് കഴിക്കാൻ ലഭിക്കുമെന്ന് പറഞ്ഞാൽ ആരാണ് വേണ്ടെന്നു പറയുക. രുചി വൈവിധ്യങ്ങളുടെ നാടായ കോഴിക്കോട് അങ്ങനെയൊരു ഹോട്ടലുണ്ട്.
കോഴിക്കോട് കുന്ദമംഗലം ചേരിഞ്ചാലാണ് വനിതാ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചേച്ചിമാരാണ് കടയിലെ പാചകവും നടത്തിപ്പും. നാൽപത് രൂപയ്ക്കാണ് ഇവിടെ ഊണ് വിളമ്പുന്നത്. ചെറിയൊരു ഹോട്ടലാണ്. വ്യാഴാഴ്ചകളിൽ മാത്രമാണ് തേങ്ങ വറുത്തരച്ച നാടൻ കോഴിക്കറി ലഭിക്കുക. കറിക്കൊപ്പം ചെറുതല്ലാത്ത ഒരു കോഴികഷ്ണവും ലഭിക്കും. നാടൻ കൂട്ടിൽ തയാറാക്കിയെടുക്കുന്ന കോഴിക്കറി കൂട്ടി എത്ര ഊണ് കഴിച്ചാലും മതിയാകില്ലെന്നാണ് ഇവിടെയെത്തുന്ന സ്ഥിരം സന്ദർശകർ പറയുന്നത്. നാൽപത് രൂപയുടെ ഊണിനൊപ്പമുള്ള കറി എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും ചിന്തിക്കും. വെള്ളത്തിന് സമാനമായിരിക്കുമെന്ന്. എന്നാൽ അതു വെറും തെറ്റിധാരണ മാത്രമാണെന്ന് ഇവിടുത്തെ ചിക്കൻ കറി ഒരിക്കലെങ്കിലും കഴിച്ചവർ സാക്ഷ്യപ്പെടുത്തും. ഘടനയിൽ മാത്രമല്ല, രുചിയിലും ഇവിടുത്തെ കോഴിക്കറി ഒരുപടി മുന്നിലാണ്.
വറുത്തരച്ച ചിക്കൻ കറി മാത്രമല്ല, നല്ല മസാല ചേർത്ത് പൊരിച്ചെടുത്ത മീനും ഇവിടെ ലഭിക്കും. അത് സ്പെഷ്യൽ ആണെന്ന് മാത്രം. ചോറിനൊപ്പം കഴിക്കാനായി പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന ഒരു ഒഴിച്ചു കറിയുണ്ട്. കൂടെ തോരനും പച്ചടിയും അച്ചാറും പപ്പടവും. കറികളെല്ലാം തന്നെയും സ്വാദിഷ്ടമാണെന്നതു കൊണ്ടുതന്നെ ദിവസവും ഇവിടെ കഴിക്കാനെത്തുന്നവർ നിരവധിയാണ്. വിലയും തുച്ഛമാണെന്നത് ഏറെപ്പേരെ ഇങ്ങോട്ടു ആകർഷിക്കുന്നുണ്ട്. ഉച്ചയ്ക്കുള്ള ഊണ് മാത്രമല്ല, പ്രഭാത ഭക്ഷണവും ഇവിടെ ലഭിക്കും. അതും കുറഞ്ഞ വിലയിൽ ഏറെ രുചിയോടെ.