കുറഞ്ഞ വിലയ്ക്ക് എന്നും സദ്യയും പായസവും ബോളിയും; ആ രുചിയിടം ഇവിടെയാണ്
Mail This Article
തൂശനിലയിൽ നല്ല കുത്തരിച്ചോറും സാമ്പാറും പുളിശ്ശേരിയും ഒാലനും പപ്പടവും തോരനും അച്ചാറുമൊക്കെ കൂട്ടി അടിപൊളി സദ്യ കഴിക്കാം, ഒപ്പം നല്ല പാൽപായസത്തിൽ അലിയിച്ച് ബോളിയും. ഒാർക്കുമ്പോൾത്തന്നെ കൊതി തോന്നുന്നുണ്ടല്ലേ. 365 ദിവസവും മിനി സദ്യ കിട്ടുന്ന അടിപൊളി വെജിറ്റേറിയൻ ഭക്ഷണശാല കോട്ടയത്തുണ്ട്– പട്ടേരീസ് വടക്കിനി. തനിനാടൻ രുചിക്കൂട്ടിലൊരുങ്ങുന്ന കറികളാണ് ഇവിടുത്തെ ഹൈലൈറ്റ്. ഉൗണ് മാത്രമല്ല, മധുരപ്രേമികളെ കാത്ത് വെറൈറ്റി വിഭവങ്ങളുമുണ്ട്. കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കു സമീപമാണ് ഈ രുചിയിടം.
സദ്യയും മധുരപലഹാരങ്ങളും തേടിയാണ് ഭക്ഷണപ്രേമികൾ വടക്കിനിയിലെത്തുന്നത്. മധുരപലഹാരങ്ങളും അച്ചാർ, മുറുക്ക്, കൊണ്ടാട്ടം എന്നിവയും പാലക്കാട് അഗ്രഹാരം, കൽപാത്തി, നൂറിനി എന്നിവിടങ്ങളിലുണ്ടാക്കുന്നതാണ്. പാലക്കാട് അഗ്രഹാരത്തിലെ കൊണ്ടാട്ടങ്ങളുടെയും അച്ചാറുകളുടെയും മധുരപലഹാരങ്ങളുടെയും പെരുമ കടലിനക്കരെ വരെ എത്തിയതാണ്. ദീപാവലി ആഘോഷങ്ങൾക്ക് അകമ്പടിയേകുന്ന മധുരവിഭവങ്ങളെല്ലാം ഇവിടെയുണ്ട്. രണ്ടുതരം മൈസൂർ പാവ്, ജിലേബി, ലഡു, റവ ലഡു, കടലമാവ് കൊണ്ട് ഉണ്ടാക്കിയ മലാഡു, ബാദുഷ, വിവിധ തരം ഹൽവകൾ, ഗുലാബ് ജാമുൻ, ബർഫികൾ, പേഡകൾ അങ്ങനെ നീളുന്നു പലഹാരനിര. മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം. ദീപാവലി ആഘോഷത്തിനായി മധുരപലഹാരങ്ങൾ ഓർഡർ ചെയ്യാനുള്ള തിരക്ക് ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഇത്തവണയും ധാരാളം ഒാർഡർ ഉണ്ടെന്ന് ഹോട്ടലുടമ ശ്രീയേഷ് പറഞ്ഞു.
ദീപാവലിയും മധുരമൂറും വിഭവങ്ങളും
ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ദീപങ്ങൾ തെളിയിച്ച് ആഘോഷത്തിൽ പങ്കു ചേരുന്നു. ലക്ഷ്മീ ദേവിയെ വരവേൽക്കലാണ് ഉത്തരേന്ത്യൻ സമൂഹത്തിന്റെ ദീപാവലിച്ചടങ്ങുകളിൽ പ്രധാനം. ദീപാവലി രാത്രിയിൽ വീടുകളിലും തെരുവുകളിലും മൺചെരാതുകൾ തെളിക്കും. ഇതിനോടൊപ്പം മധുരപലഹാരങ്ങളും നിറയും. ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍ പാക്ക്, റവ ലഡു, മില്‍ക്ക് പാക്ക്, മില്‍ക്ക് പേഡ, ഫ്രൂട്ട് ബര്‍ഫി, തുടങ്ങി മധുര വിഭവങ്ങള്‍ നിരവധിയുണ്ടാകും. വടക്കേ ഇന്ത്യയില്‍ നിന്നാണ് ഈ മധുര പലഹാരങ്ങളുടെ വരവ്. ദീപാവലി ആഘോഷങ്ങള്‍ക്കായുളള മധുര പലഹാരങ്ങള്‍ വീടുകളില്‍ തയാറാക്കുന്നവരുമുണ്ട്.
365 ദിവസവും പായസം കൂട്ടി മിനി സദ്യ
ഉച്ച സമയത്ത് സദ്യ കഴിക്കാൻ പട്ടേരീസിൽ നല്ല തിരക്കാണ്. ദിവസവും കറികളും പായസവും മാറി വരും. അവിയലും തോരനും ഒാലനും സാമ്പാറും പുളിശ്ശേരിയും പച്ചമോരും രസവും അച്ചാറും പപ്പടവുമൊക്കെയുണ്ട്. പായസത്തിനൊപ്പം ബോളിയും കഴിക്കാം. 100 രൂപയാണ് സദ്യയ്ക്ക് ഇൗടാക്കുന്നത്. നല്ല ചൂടു ബോളിയാണ് വിളമ്പുന്നത്. അസാധ്യ സ്വാദെന്നു പറയാതെ വയ്യ. സദ്യ കൂടാതെ വെജിറ്റബിൾ ബിരിയാണി, തൈര് സാദം, ലെമൺ റൈസ്, ചപ്പാത്തി, പൊറോട്ട, പൂരി, ഇഡ്ഡലി, ദോശ, മസാലദോശ എന്നിവയുമുണ്ട്. എങ്കിലും മിനി സദ്യയ്ക്കാണ് ഡിമാൻഡ് കൂടുതലും.
വർഷങ്ങളുടെ പാരമ്പര്യവും രുചിക്കൂട്ടും
2011ൽ മള്ളുശ്ശേരിയിലെ ചിരട്ടപ്പുറത്ത് ഇല്ലത്ത് ചെറിയ സംരംഭമായി തുടങ്ങിയതാണ് പട്ടേരീസ്. ചിരകിയ തേങ്ങ, അരി കൊണ്ടാട്ടം, കപ്പ കൊണ്ടാട്ടം ഇതൊക്കെയായിരുന്നു ആദ്യകാലത്ത് വിറ്റിരുന്നത്. 2015 ൽ വീടുകളിലും ഒാഫീസുകളിലും പൊതിച്ചോർ എത്തിച്ചുകൊടുക്കാൻ തുടങ്ങി. അതു വിജയിച്ചു. അങ്ങനെ 2016ൽ പട്ടേരീസ് എന്ന പേരിൽ ആദ്യമായി ഒാണസദ്യ അവതരിപ്പിച്ചു. അഞ്ഞൂറോളം പേർക്ക് രുചികരമായ ഒാണസദ്യ നൽകിയത് വിജയകരമായ ഉദ്യമമായിരുന്നു. ആ വിജയത്തിന്റെ പ്രചോദനത്തിൽ ഫൂഡ് കാറ്ററിങ്ങിലേക്കും ഹോംഡെലിവേറിയിലേക്കും വലതുകാൽ വച്ചു.
പട്ടേരീസിന്റെ രുചിവിഭവങ്ങൾ ഭക്ഷണപ്രേമികൾ ഏറ്റെടുത്തതോടെ 2021ൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനു സമീപം പട്ടേരീസ് വടക്കിനി എന്ന പേരിൽ ഭക്ഷണശാല ആരംഭിച്ചു. അന്നു മുതൽ ഇന്നു വരെ ഭക്ഷണത്തിന്റെ രുചിയിലും ഗുണനിലവാരത്തിലും ഒട്ടും കോട്ടം വരുത്തിയിട്ടില്ലെന്ന് ഉടമ ശ്രീയേഷ് പറയുന്നു. നല്ല ഭക്ഷണം മനസ്സറിഞ്ഞ് വിളമ്പുക– അതാണ് പട്ടേരിയുടെ ലക്ഷ്യവും വിജയരഹസ്യവും. ഹോട്ടലിന്റെ പേരിനെപ്പറ്റിയാണ് മിക്കവരും ചോദിക്കുന്നത്, ഇല്ലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് കിഴക്കുഭാഗത്തോ വടക്കുഭാഗത്തോ ആണ്. അതിൽ നിന്നുമാണ് വടക്കിനി എന്ന പേരു വന്നത്. കോട്ടയം നഗരത്തില്‍ ഹിറ്റാണ് അഗ്രഹാരത്തിലെ മധുരപലഹാരങ്ങളും മിനി സദ്യയും കിട്ടുന്ന ഈ രുചിയിടം.