ചോറിന് മീൻ പൊരിച്ചതും കാന്താരി മുളകിട്ട കൂന്തലും നാടൻ വിഭവങ്ങളും; ഉച്ചയൂണിന് ഇവിടേയ്ക്ക് പോരൂ
Mail This Article
വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്നതിൽ നമ്മുടെ നാട്ടിലെ റസ്റ്ററന്റുകൾ എന്നും മുമ്പിലാണ്. ചൈനീസും കോണ്ടിനെന്റലും അറേബ്യനും തുടങ്ങി എന്തും നമ്മുടെ നാട്ടിൽ നിന്നും രുചിക്കാവുന്നതാണ്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാതെ മാറി നിൽക്കുന്ന, രുചിയിൽ ഏറെ മുമ്പിലുള്ള നാടൻ ഭക്ഷണങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളോട് ആൾക്കാർക്ക് എന്നും പ്രിയമേറെയാണ്. പ്രത്യേകിച്ച് ഉച്ച നേരങ്ങളിൽ ആവിപറക്കുന്ന ചോറിനൊപ്പം മീൻകറിയും വറുത്ത മീനും കൂട്ടി കഴിക്കുക എന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത്? ഇവിടെയാണ് സീ ഫുഡ് വിളമ്പുന്ന റസ്റ്ററന്റുകൾ തിളങ്ങി നിൽക്കുന്നത്. മീൻ വിഭവങ്ങളിലെ വ്യത്യസ്തതയും രുചിയും കൊണ്ട് പേരെടുത്ത ഭക്ഷണശാലയാണ് കാർത്യായനി.
വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ വിഭവങ്ങൾകൊണ്ട് പേരെടുത്ത കാർത്യായനി റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത് നെടുമ്പാശ്ശേരിക്കടുത്ത് മേക്കാട് എന്ന സ്ഥലത്താണ്. തൂശനിലയിൽ വിളമ്പുന്ന ചോറും അതിനൊപ്പംതന്നെ എത്തുന്ന മീൻ വിഭവങ്ങളുമാണ് റസ്റ്ററന്റിലെ എടുത്തു പറയേണ്ട സവിശേഷത. കൂന്തലും ചെമ്മീനുമൊക്കെ റോസ്റ്റ് ചെയ്തും ഏരിയും കാളാഞ്ചിയും നെയ്‌മീനുമൊക്കെ നല്ല നാടൻ കറികളായും വറുത്തുമൊക്കെ ആവശ്യക്കാർക്ക് മുമ്പിലെത്തും. കൂടെ ഇപ്പോൾ മെനുവിൽ ഇടം പിടിച്ച കാന്താരി മുളക് അരച്ച് പുരട്ടിയ മീൻ വറുത്തതും. സ്പെഷ്യൽ മസാല ചേർത്ത് പൊരിച്ചെടുക്കുന്ന മീൻ വിഭവങ്ങൾ ഒരിക്കലൊന്നു രുചിച്ചാൽ ആരും അതിന്റെ ആരാധകരായി പോകുന്നത്രയും സ്വാദിഷ്ടമാണ്. വറുത്ത ആവോലിയും തേങ്ങയരച്ചു വെച്ച തിരുത കറിയുമൊക്കെ കാർത്യായനിയിലെ താരങ്ങളാണ്. കൂടെ രുചിയിൽ ഒട്ടും പിന്നിലല്ലാതെ കാന്താരി മുളകിൽ റോസ്റ്റ് ചെയ്തെടുത്ത കൂന്തലുമുണ്ട്.
കഴിഞ്ഞ വനിതാദിനത്തിലാണ് സ്ത്രീകൾ അധികം കടന്നു ചെല്ലാത്ത റസ്റ്ററന്റ് മേഖലയിലേക്ക് രണ്ടു വനിതകൾ കാലെടുത്തു വെച്ചത്. കൊച്ചിയിലായിരുന്നു ആദ്യത്തെ റസ്റ്ററന്റിന്റെ ആരംഭം. രുചി നിറച്ച മീൻ വിഭവങ്ങൾ വിളമ്പിയതോടെ റസ്റ്ററന്റിന്റെ പേരും പെരുമയും വർധിച്ചു. മീൻ കറി ഒപ്പമുള്ള ഊണിനു വില വരുന്നത് 90 രൂപയാണ്. തോരനും അവിയലും ചമ്മന്തിയും അച്ചാറുമടങ്ങുന്നതാണ് ഉച്ചയൂണ്. ഇലയുടെ ഒരരികു ചേർന്നിരിക്കുന്ന അച്ചാറിനുമുണ്ട് പ്രത്യേകത. പൈനാപ്പിൾ ആണ് അതിലെ താരം. നല്ല ഫ്രഷ് മൽസ്യ വിഭവങ്ങൾ വിലയധികം ഈടാക്കാതെ കഴിക്കാമെന്നു തന്നെയാണ് കാർത്യായനിയിലെ ഹൈലൈറ്റ്.
മസാല പുരട്ടി വച്ചിരിക്കുന്ന മീനുകൾ ആവശ്യമനുസരിച്ചു അപ്പോൾ തന്നെ വറുത്തും റോസ്റ്റ് ചെയ്തും കറി വെച്ചും കൊടുക്കും. മീൻ മുട്ട തോരൻ വെച്ചതും ഫ്രൈ ചെയ്തതും ഇവിടെ കിട്ടുന്ന സ്പെഷ്യലുകളാണ്. ഊണ് മാത്രമല്ല നെയ്യ് ചേർത്ത പുട്ടും ശനി, ഞായർ ദിവസങ്ങളിലെ അപ്പവും ഫിഷ്‌മോളിയുമൊക്കെ കാർത്യായനിയിലെത്തിയാൽ ഒരിക്കലെങ്കിലും രുചിക്കേണ്ട വിഭവങ്ങളുടെ നിരയിലുണ്ട്. അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും റസ്റ്ററന്റിൽ തിരക്കു കൂടുതലായിരിക്കും. കൊച്ചിക്കാരുടെ പ്രിയപ്പെട്ട കാർത്യായനിയുടെ ഭാഗം തന്നെയാണ് നെടുമ്പാശ്ശേരിക്കടുത്തുള്ളതും. അതുകൊണ്ടുതന്നെ സീ ഫുഡ് പ്രേമികൾക്ക് ഏറ്റവുമടുത്തുള്ള കാർത്യായനിയിലേക്കു നാടൻ രുചികൾ ആസ്വദിക്കാനായി കടന്നുചെല്ലാവുന്നതാണ്.